Section

malabari-logo-mobile

ഒച്ചിന്റെ രാഷ്ട്രീയം

HIGHLIGHTS : കേവലം രണ്ട്‌ സീറ്റിന്റെ മുന്‍തൂക്കവുമായി അധികാരത്തിലേറിയ ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ആയുസ്സ്‌ ഒരാണ്ടില്‍ കൂടുതലൊന്നും രാഷ്ട്രീയ നിരീക്ഷകരും...

cpim congressകേവലം രണ്ട്‌ സീറ്റിന്റെ മുന്‍തൂക്കവുമായി അധികാരത്തിലേറിയ ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ആയുസ്സ്‌ ഒരാണ്ടില്‍ കൂടുതലൊന്നും രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. ഇളകിയാടുന്ന ഒരു മോശം തുടക്കത്തില്‍ നിന്നും മെച്ചപ്പെട്ട രീതിയില്‍ ഫിനിഷിങ്‌ പോയന്റിനോടടുക്കുമ്പോള്‍ യുഡിഎഫ്‌ രണ്ട്‌ പേരോടാണ്‌ പ്രധാനമായി കടപ്പെട്ടിരിക്കുന്നത്‌. ഒന്ന്‌ കരുണാകരനെ പോലും കവച്ച്‌ വെക്കുന്ന തന്ത്രങ്ങളും കൗശലവും കൊണ്ട്‌ ശ്വാസം നിലച്ച്‌ പോവുമെന്ന്‌ ഘട്ടത്തില്‍ ഒരു മാന്ത്രികനപ്പൊലെ സര്‍ക്കാറിന്‌ പുനര്‍ജ്ജനി ദാതാവാകുന്ന ഉമ്മന്‍ചാണ്ടി. രണ്ടാമത്തെ ആളെ ഒരു വ്യക്തി എന്നതിലുപരി ഒരു കൂട്ടം എന്ന്‌ വിശേഷിപ്പിക്കുന്നതാണുത്തമം. അതിനെ വര്‍ത്തമാന കാലത്തെ രാഷ്ട്രീയ ചുവരെഴുത്തുകള്‍ വായിച്ചുമനസ്സിലാക്കുന്നതില്‍ അന്വേ പരാജയപ്പെട്ട സിപിഎം ഔദ്യോഗിക നേതൃത്വം എ്‌ന്ന്‌ വിളിക്കാം.

ഗ്രഹണി പിടിച്ച കുട്ടികള്‍ ചക്കകൂട്ടാന്‍ കണ്ടതുപോലെ അധികാരകേന്ദ്രങ്ങള്‍ക്ക്‌ ചുറ്റും ആര്‍ത്തിപിടിച്ചു ഓടിനടക്കുകയും ആക്രാന്തം മൂത്ത്‌ തമ്മില്‍ തല്ലുകയും ചെയ്യുന്ന യു ഡി എഫ്‌ സര്‍ക്കസ്സിലെ കോമാളികളെ നിയന്ത്രിക്കാനുള്ള റിംഗ്‌ മാസ്റ്റര്‍ പദവിക്കുള്ള മിനിമം യോഗ്യത ഉമ്മന്‍ചാണ്ടിയാവുക എന്നുള്ളതാണെന്നിരിക്കേ ചാണ്ടിയുടെ കസര്‍ത്തിന്‌ വലിയ പ്രാധാന്യം നല്‍കേണ്ടതില്ല. എന്നും ജാതിയും മതവും അഴിമതിയും അലങ്കാരമായി കൊണ്ടു നടക്കുന്ന കോണ്‍ഗ്രസ്സ്‌ രാഷ്‌ട്രീയത്തില്‍ നേതൃസ്ഥാനത്തില്‍ ഇരിക്കുമ്പോള്‍ പല ആദര്‍ശധീരരും നട്ടെല്ല്‌ ഊരിമാറ്റി പകരം പിടിപ്പിക്കുന്നത്‌ സാധാരണ കാഴ്‌ചയാണ്‌ താനും.
പക്ഷേ പ്രതിപക്ഷത്തിന്‌ പ്രതേ്യകിച്ച്‌ സിപിഎം ന്‌ എന്ത്‌ സംഭവിച്ചു. മുമ്പും പ്രതിപക്ഷത്തിരുന്നതിന്റെ തഴമ്പ്‌ സിപിഎമ്മുകാരുടെ ചന്തിയില്‍ ധാരാളമായി കാണാവുന്നതാണ്‌. പക്ഷേ അന്നൊക്കെ ഭരണകൂടത്തിന്റെ തലതിരിഞ്ഞ നയങ്ങളേയും ജനദ്രോഹപരമായ തീരുമാനങ്ങളേയും ഉജ്ജ്വലമായ സമരത്തിലൂടെ എതിര്‍ത്തു തോല്‍പ്പിക്കുകയും ചെയ്‌ത പാരമ്പര്യം ആയിരുന്നു കേരളത്തിലെ ഇടതുപക്ഷത്തിന്‌. അത്തരം സമരങ്ങളിലൂടെ ഒരു ശക്തമായ രണ്ടാംനിര നേതൃത്വത്തിന്റെ മുന്‍നിരയിലേക്ക്‌ കടന്നു വരികയും ചെയ്‌തിരുന്നു.
പക്ഷേ മുന്‍കാലത്തില്‍ നിന്നും വ്യത്യസ്‌തമായി ഈ സര്‍ക്കാര്‍ കാലയളവില്‍ അന്നുമുതല്‍ ഇന്ന്‌ വരെ അണ്ടി വിഴുങ്ങിയോ? അണ്ണാനെ പോലെ മിഴിച്ചു നില്‍ക്കുന്ന ഒരു പ്രതിപക്ഷത്തെയാണ്‌ കാണാന്‍ കഴിയുന്നത്‌. വലിയ രീതിയിലുള്ള സമരങ്ങള്‍ ആഹ്വാനം ചെയ്യുന്നു. സെക്രട്ടറിയേറ്റ്‌ വളയല്‍ പോലെയുള്ള കൂറ്റന്‍ സമരങ്ങള്‍ തുടങ്ങുന്നതിന്‌ മുമ്പേ നിര്‍ത്തിവെച്ച്‌ കൊടിയും മടക്കി മൂടിലെ പൊടിയും തട്ടി തടി രക്ഷിക്കുന്നു. ഭൂമി സമരമെന്നും നികുതി നിഷേധസമരമെന്നൊക്കെയുള്ള മനോഹര പേര്‌ ചേര്‍ത്തു വെച്ച സമരങ്ങള്‍ ചില മലയാള സിനിമകളെ പോലെ വന്നതും പോയതും ആരുമറിയാതെ കളം വിടുന്നു.

എല്ലാ സമരങ്ങളും വിജയിക്കണമെന്നില്ല. പക്ഷേ കേരളത്തിലെ രാഷ്‌ട്രീയാന്തരീക്ഷത്തില്‍ ഒരു ചെറുചലനം പോലും സൃഷ്‌ടിക്കാന്‍ കഴിയാതെ ദയനീയമായി തോല്‍വിയടയുന്ന സമരങ്ങളുടെ ഉല്‍പ്പാദകരായി സിപിഎം മാറി അല്ലങ്കില്‍ മാറ്റി എന്നത്‌ ആരുടെ കണക്കില്‍ വരവ്‌ വെക്കണമെന്നുള്ള ചോദ്യം പ്രസക്തമാണ്‌. ഒരു സുപ്രഭാതത്തില്‍ കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ സമരങ്ങള്‍ക്കെതിരായി മാറുകയും അങ്ങിനെ ഇടതുപക്ഷത്തിന്റെ സമരങ്ങളോരോന്നും പരാജയപ്പെടുകയുമാണോ ചെയ്‌തത്‌.

പരാജയപ്പെട്ടു എന്നതിനേക്കാള്‍ പല സമരവും സ്വയമേ പരാജയപ്പെടുത്തി എന്നുള്ളതാണ്‌ യാഥാര്‍ത്ഥ്യമെന്നിരിക്കെ ന്യായീകരണവുമായി വരുന്ന നേതാക്കളെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്‌ പെരുവഴിയില്‍ ഉടുമുണ്ട്‌ അഴിഞ്ഞുവീണ കുടിയന്റെ കോപ്രായമാണ്‌.
എല്ലാം കഴിഞ്ഞു ഇപ്പോള്‍ പൊന്തിവന്ന ബാര്‍കോഴ കേസില്‍ പ്രതിപക്ഷ നേതാവും പാര്‍ട്ടി നേതാവും എടുത്ത വ്യത്യസ്‌തമായ നിലപാടുകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാവും. പ്രതിപക്ഷത്തിലെ ചില പ്രമുഖര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌ ഈ സര്‍ക്കാര്‍ കാലാവധി തികക്കണം എന്നുള്ളതിന്‌ മുമ്പ്‌ സംശയകരമായ സാഹചര്യത്തില്‍ ഒരു പൂച്ചയെങ്ങാനും ചത്തിരുന്നെങ്കില്‍ സിബിഐ അനേ്വഷണത്തിനായി മുറവിളി കൂട്ടിയിരുന്നവര്‍ക്ക്‌
ഇന്ന്‌ സിബിഐ എന്നുള്ളത്‌ വെറും കൂട്ടിലടച്ച തത്തയായ്‌ മാറുകയും, പാമോലിന്‍, ടൈറ്റാനിയം, ഐസ്‌ക്രീം കേസുകള്‍ അനേ്വഷിച്ചു ആവിയാക്കി മാറ്റിയ കേരളാ പോലീസ്‌ സ്‌കോട്ട്‌ലന്‍ഡ്‌ യാര്‍ഡിനേക്കാള്‍ പ്രഗത്ഭരാവുകയും ചെയ്‌തിരിക്കുന്നു. ബദല്‍ രേഖയും അടവുനയങ്ങളും ചര്‍ച്ച ചെയ്‌തു നേരം കളയുന്ന കേന്ദ്ര നേതാക്കള്‍ ഒന്നു മനസ്സിലാക്കിയാല്‍ നന്നായിരിക്കും. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ജീവനാഡിയായിരുന്ന ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ നിരാകരിക്കുകയോ, അവഗണിക്കുകയോ ചെയ്യുകയോ, ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കുലംകുത്തിയായി അപഹസിക്കുകയോ ചെയ്യുന്ന സംസ്ഥാന നേതൃത്വത്തില്‍ ഇനിയും നിങ്ങള്‍ വിശ്വസിച്ചു മുന്നോട്ടു പോവുന്നു എങ്കില്‍ കേരളത്തില്‍ സമരങ്ങള്‍ക്കല്ല സമ്മേളനങ്ങള്‍ക്കു വരെ ആളെ ഇറക്കുമതി ചെയ്യേണ്ടി വരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!