Section

malabari-logo-mobile

മലപ്പുറത്ത് കോവിഡ് വാക്സിന്‍ വിതരണം വേഗത്തിലാക്കും: മന്ത്രി വി അബ്ദുറഹിമാന്‍

HIGHLIGHTS : Covid vaccine distribution to be expedited in Malappuram: Minister V Abdurahman

മലപ്പുറം: ജില്ലയില്‍ വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കാനും മന്ത്രി വി അബ്ദുറഹിമാന്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ധാരണയായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കൊവിഡ് കാലത്തെ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളും കാലവര്‍ഷ മുന്നൊരുക്കങ്ങളും വിശകലനം ചെയ്യാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.

ജില്ലയില്‍ നിലവില്‍ 1,19,000 വാക്സിനാണ് സ്റ്റോക്കുള്ളത്. ഇത് രണ്ട് ദിവസത്തിനകം വിതരണം ചെയ്യാന്‍ ജില്ലാ കലക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. തീരുന്ന മുറയ്ക്ക് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ വാക്സിന്‍ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. തുടര്‍ന്ന് നല്‍കുന്ന വാക്സിനും സമയബന്ധിതമായി വിതരണം ചെയ്യാനും നിര്‍ദ്ദേശിച്ചു. ആരോഗ്യകേന്ദ്രങ്ങളില്‍ ആവശ്യമായ അളവില്‍ വാക്സിന്‍ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജൂണ്‍ 30 നകം 10 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും അതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

sameeksha-malabarinews

വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ സ്വകാര്യാശുപത്രികള്‍ക്ക് വാക്സിന്‍ വിതരണത്തിന് അനുമതി നല്‍കുക, സ്പോട്ട് രജിസ്ട്രേഷന്‍ ഫലപ്രദമായി പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്. പ്രവാസികള്‍ക്കും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും രണ്ടാം ഡോസ് വാക്‌സിന്‍ അതിവേഗം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നു. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

ജില്ലയില്‍ കൊവിഡ് ചികിത്സാ സൗകര്യം സജ്ജമാക്കിയ ആശുപത്രികളിലും താലൂക്കാശുപത്രികളിലും നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും കൂടുതലായി ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ചും ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കമ്മ്യൂണിറ്റി കിച്ചണുകളും ജനകീയ ഹോട്ടലുകളും ആരംഭിക്കാത്ത മേഖലയില്‍ ഈ സംവിധാനങ്ങള്‍ എത്രയും പെട്ടന്ന് ആരംഭിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഴക്കാല പൂര്‍വ്വ ശുചീകരണം നല്ല നിലയില്‍ നിര്‍വഹിക്കാനും ആവശ്യപ്പെട്ടു.

ജില്ലയില്‍ നിന്നുള്ള എം എല്‍ എമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ ടി ജലീല്‍, പി നന്ദകുമാര്‍, പി വി അന്‍വര്‍, എ പി അനില്‍ കുമാര്‍, ടി വി ഇബ്രാഹിം, പി കെ ബഷീര്‍, മഞ്ഞളാംകുഴി അലി, കെ പി എ മജീദ്, യു എ ലത്തീഫ്, നജീബ് കാന്തപുരം, പി ഉബൈദുള്ള, അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, കുറുക്കോളി മൊയ്തീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, ഡി എം ഒ ഡോ. കെ സക്കീന തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!