പലാക്കാട്: പട്ടാമ്പിയില്‍ സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്ന് മന്ത്രി എ കെ ബാലന്‍. പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. പട്ടാമ്പി മാര്‍ക്കറ്റ് ക്ലസ്റ്ററായി പ്രഖ്യാപിച്ചതായും പട്ടാമ്പി കമ്യൂണിറ്റി സ്‌പ്രെഡിലേക്ക് പോകുമെന്ന് ഭയപ്പെടുന്നതായും മന്ത്രി പറഞ്ഞു.
ജില്ലയില്‍ 47 കേന്ദ്രങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തു മെന്നും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. പട്ടാമ്പി വഴി പോകുന്ന വാഹനങ്ങള്‍ പട്ടാമ്പിയില്‍ നിര്‍ത്താന്‍ അനുവദിക്കില്ല. ജില്ലയില്‍ ഇതുവരെ 133 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ പച്ചക്കറി മാര്‍ക്കറ്റ്, കോളനികള്‍,അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊലീസ്, ഫയര്‍ ഫോഴ്‌സ്, ആശുപത്രി, സര്‍ക്കാര്‍ ഓഫീസുകള്‍, അവശ്യ സര്‍വീസുകള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കു. ക്ലസ്റ്ററുകള്‍ രൂപപ്പെട്ട് സൂപ്പര്‍ സ്‌പ്രെഡിലേക്കും കമ്യൂണിറ്റി സ്‌പ്രെഡിലേക്കും പോകാന്‍ സാധ്യതയുണ്ട് എന്നതിനാലാണ് നിയന്ത്രണങ്ങള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.




