Section

malabari-logo-mobile

മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ പൊതുജന പരാതി പരിഹാര അദാലത്ത്

HIGHLIGHTS : തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബ്ലോക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരിയില്‍ പൊതുജന പരാതി പരിഹാര അദാലത്ത് നടത്തും. ...

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബ്ലോക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരിയില്‍ പൊതുജന പരാതി പരിഹാര അദാലത്ത് നടത്തും. ഇതു സംബന്ധിച്ച് ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കി പൊതുഭരണവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തിയതികളില്‍ കൊല്ലം ജില്ലയില്‍ മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, കെ.രാജു, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് അദാലത്തിന്റെ ചുമതല. ഈ ദിവസങ്ങളില്‍ ആലപ്പുഴയില്‍ മന്ത്രിമാരായ ജി.സുധാകരന്‍, ഡോ. തോമസ് ഐസക്, പി.തിലോത്തമന്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കും. ഇതേദിവസങ്ങളില്‍ തൃശ്ശൂരില്‍ മന്ത്രിമാരായ എ.സി.മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, സി.രവീന്ദ്രനാഥ് എന്നിവര്‍ക്കാണ് ചുമതല. കോഴിക്കോട്ട് മന്ത്രിമാരായ കെ.ടി.ജലീല്‍, എ.കെ.ശശീന്ദ്രന്‍, ടി.പി.രാമകൃഷണന്‍ എന്നിവര്‍ അദാലത്തിന് ഈ ദിവസങ്ങളില്‍ ചുമതല വഹിക്കും. കണ്ണൂരില്‍ മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് ഈ തീയതികളില്‍ അദാലത്തില്‍ പങ്കെടുക്കുന്നത്.

sameeksha-malabarinews

ഫെബ്രുവരി എട്ട്, ഒന്‍പത്, 11 തിയതികളില്‍ തിരുവനന്തപുരം ജില്ലയില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവരുടെ നേതൃത്വത്തില്‍ അദാലത്ത് നടക്കും. ഈ തീയതികളില്‍ പാലക്കാട് ജില്ലയില്‍ മന്ത്രിമാരായ എ.കെ.ബാലന്‍, കെ.കൃഷ്ണന്‍കുട്ടി, വി.എസ്.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും. മലപ്പുറത്ത് മന്ത്രിമാരായ കെ.ടി.ജലീല്‍, എ.കെ.ശശീന്ദ്രന്‍, ടി.പി.രാമകൃഷ്ണന്‍ എന്നിവരാണ് ഇതേ ദിവസങ്ങളില്‍ അദാലത്തിന് ചുമതല വഹിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ എട്ട്, ഒന്‍പത് തിയതികളില്‍ മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ.കെ.ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ പങ്കെടുക്കും.

ഫെബ്രുവരി 15, 16, 18 തിയതികളില്‍ പത്തനംതിട്ട ജില്ലയില്‍ മന്ത്രിമാരായ കെ.രാജു, എ.സി.മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കും. കോട്ടയം ജില്ലയില്‍ മന്ത്രിമാരായ പി.തിലോത്തമന്‍, കെ.കൃഷ്ണന്‍കുട്ടി, കെ.ടി.ജലീല്‍ എന്നിവരാണ് ഈ തീയതികളില്‍ പങ്കെടുക്കുന്നത്. ഇടുക്കിയില്‍ മന്ത്രിമാരായ എം.എം. മണി, ഇ.ചന്ദ്രശേഖരന്‍, സി.രവീന്ദ്രനാഥ് എന്നിവര്‍ പങ്കെടുക്കും. എറണാകുളം ജില്ലയില്‍ മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, ഇ.പി.ജയരാജന്‍, ജി.സുധാകരന്‍ എന്നിവര്‍ പങ്കെടുക്കും.
വയനാട് ജില്ലയില്‍ 15, 16 തിയതികളില്‍ മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുക്കും.

അദാലത്ത് സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടറേറ്റുകളില്‍ നിലവിലുള്ള നടപടിക്രമങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കണം. പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ മുന്‍കൂട്ടി അദാലത്തിന്റെ പരിഗണനയ്ക്ക് ലഭ്യമാകുന്നുണ്ടെന്നും അതാത് ദിവസങ്ങളില്‍ തന്നെ തീര്‍പ്പാക്കുന്നത് ഉറപ്പു വരുത്താനും 14 വകുപ്പു സെക്രട്ടറിമാരെയും നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ബിജു പ്രഭാകര്‍, കൊല്ലത്ത് സഞ്ജയ് കൗള്‍, പത്തനംതിട്ടയില്‍ മിനി ആന്റണി, ആലപ്പുഴയില്‍ രാജേഷ് കുമാര്‍ സിംഗ്, കോട്ടയത്ത് റാണി ജോര്‍ജ്, ഇടുക്കിയില്‍ കെ. ബിജു, എറണാകുളത്ത് മുഹമ്മദ് ഹനീഷ്, തൃശൂരില്‍ പി. വേണുഗോപാല്‍, പാലക്കാട്ട് സൗരബ് ജെയിന്‍, മലപ്പുറത്ത് എ. ഷാജഹാന്‍, കോഴിക്കോട്ട് പ്രണബ് ജ്യോതിനാഥ്, വയനാട്ടില്‍ പുനീത് കുമാര്‍, കണ്ണൂരില്‍ ബിശ്വനാഥ് സിന്‍ഹ, കാസര്‍കോട് ആനന്ദ് സിംഗ് എന്നിവരാണ് ചുമതലയുള്ള സെക്രട്ടറിമാര്‍.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!