Section

malabari-logo-mobile

അച്ഛന് കരള്‍ പകുത്ത് നല്‍കാന്‍ ദേവനന്ദയ്ക്ക് കോടതിയുടെ അനുമതി

HIGHLIGHTS : Court allows Devananda to give his father a liver transplant

കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂര്‍ കോലഴിയില്‍ പി.ജി. പ്രതീഷിനായി മകള്‍ ദേവനന്ദ കരള്‍ പകുത്ത് നല്‍കാന്‍ ഹൈക്കോടതി അനുമതി. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തില്‍ മറ്റു കുടുംബങ്ങളുടെ ആരുടെയും കരള്‍ അനുയോജ്യമായി കാണാതെ വരികയും 17 വയസു മാത്രം തികഞ്ഞ മകള്‍ ദേവനന്ദയുടെ കരള്‍ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ദേവനന്ദ 18 വയസു തികയാത്ത മൈനര്‍ ആയതിനാല്‍ അവയവം സ്വീകരിക്കാന്‍ നിയമ തടയമുണ്ടായിരുന്നു. തുടര്‍ന്ന് ദേവനന്ദ നല്‍കിയ റിട്ട് ഹര്‍ജിയിന്‍മേലാണ് അനുകൂല വിധിയുണ്ടായത്.

ഈ ചെറിയ പ്രായത്തിലും കരള്‍ പകുത്ത് നല്‍കാന്‍ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്‌നേഹവും അസാമാന്യമായ നിശ്ചയദാര്‍ഢ്യവുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണ്. കെ-സോട്ടോയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടപടിക്രമങ്ങള്‍ വേഗത്തിലാക്കി വളരെ വേഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതി ഉത്തരവ് ലഭിച്ച ശേഷം കേവലം 48 മണിക്കൂറില്‍ വിദഗ്ദ്ധ സമിതിയെ രൂപീകരിക്കുകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദേവാനന്ദയെ പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തതായും മന്ത്രി പറഞ്ഞു.

ഗുരുതര കരള്‍ രോഗം കാരണം പ്രതീഷിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് സാധ്യമായ ചികിത്സ എന്ന് ഡോക്ടര്‍മാരുടെ സംഘം വിധിച്ചിരുന്നു. തുടര്‍ന്നാണ് ദേവനന്ദ കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദേശ പ്രകാരം കെ-സോട്ടോ അടിയന്തരമായി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കൂടുതല്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് പരിചയമുള്ള രണ്ടു വിദഗ്ധരെയും ദേവനന്ദ മൈനര്‍ ആയതിനാല്‍ അവളുടെ തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണോയെന്ന് ശാസ്ത്രീയമായി വിലയിരുത്തുന്നതിനായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെക്കൂടി ഉള്‍പ്പെടുത്തി വിദഗ്ദ്ധ സമിതി വിപുലീകരിക്കുകയും ചെയ്തു.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ പരിശോധനയില്‍ കരള്‍ പകുത്തു നല്‍കുന്നതിനുള്ള തീരുമാനം സ്വന്തം നിലയിലാണെന്ന് കണ്ടെത്തി. പ്രതീഷിന് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് പ്രതിവിധിയെന്ന് വിദഗ്ധ സമിതിയും കണ്ടെത്തി. പൂര്‍ണ അറിവോടും സമ്മതത്തോടെയുള്ള ദേവാനന്ദയുടെ സന്നദ്ധതയെ 18 വയസു തികയാന്‍ കേവലമായ 5 മാസം വേണമെന്ന കാരണത്താല്‍ നിഷേധിക്കണമെന്നില്ലെന്നു റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്.

നിയപരമായി വന്നുചേര്‍ന്ന പ്രതികൂല സാഹചര്യങ്ങളെ സ്ഥൈര്യത്തോടും ധീരതയോടും നേരിട്ട് തന്റെ പിതാവിന് തന്റെ തന്നെ ജീവന്റെ ഒരു ഭാഗം പകുത്തു നല്‍കുന്നതിന് കാണിച്ച സന്നദ്ധതയെ കോടതി അഭിനന്ദിച്ചു. ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതില്‍ മാതാപിതാക്കള്‍ അനുഗ്രഹീതരാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു.

കോടതിയുടെ നിര്‍ദേശങ്ങളെ അനുസരിച്ച് അതിവേഗത്തില്‍ പ്രതികരിച്ചതിനും കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ താമസം വിനാ സമര്‍പ്പിച്ചതിനും അപ്പ്രോപ്രിയേറ്റ് അതോറിറ്റിയെ കോടതി പ്രത്യേകമായി അനുമോദിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!