Section

malabari-logo-mobile

കേരളത്തില്‍ വിദ്യാര്‍ത്ഥിനിക്ക് കൊറോണ വൈറസ്: ആശങ്ക വേണ്ട;ആരോഗ്യമന്ത്രി

HIGHLIGHTS : തിരുവനന്തുപുരം: കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ തൃശൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ ബാധിച്ചതായി

കേരളത്തില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു- ആരോഗ്യമന്ത്രി
* രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും
* കൊറോണയെ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജം
ചൈനയിലെ വുഹാനില്‍ നിന്നും കേരളത്തിലെത്തിയ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലുള്ള ഒരാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. തൃശൂര്‍ മെഡിക്കല്‍ കോളേജിനെ കൂടുതല്‍ ശക്തിപ്പെടുത്തും. തൃശ്ശൂരില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് (31) യോഗം ചേരും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച സാമ്പിളിന്റെ ആര്‍.റ്റി.പി.സി ടെസ്റ്റിന്റെ ഫലത്തിലാണ് കൊറോണ വൈറസ് പ്രാഥമികമായി സ്ഥിരീകരിച്ചത്. രണ്ടാമത്തെ ഫലം കൂടി വരാനുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതോടെ ആരോഗ്യ വകുപ്പ് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.
കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം കേരളത്തെ അറിയിച്ചത്. കേരളത്തില്‍ 20 സാമ്പിളുകളാണ് വൈറോളജി ലാബില്‍ അയച്ചത്. അതില്‍ നിന്നാണ് ഒരെണ്ണം പോസിറ്റീവായി വന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുടനീളം 806 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ പത്ത് പേര്‍ മാത്രമാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്‍.ഐ.വി. ആലപ്പുഴ ഉള്‍പ്പെടെ ഇന്ത്യയില്‍ 12 സ്ഥലങ്ങളില്‍ കൊറോണ വൈറസ് പരിശോധിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആലപ്പുഴ വൈറോളജി ലാബില്‍ എത്രയും വേഗം ഇതിനുള്ള സജ്ജീകരണമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
ഇരുപതിലേറെ രാജ്യങ്ങളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തെല്ലായിടത്തും കൊറോണ ബാധിച്ചത് ചൈനയില്‍ നിന്നുള്ള യാത്രികരില്‍ നിന്നുമാണ്. സമൂഹത്തില്‍ കൊറോണ വൈറസിന്റെ വ്യാപനം തടയേണ്ടതുണ്ട്. രോഗ ലക്ഷണങ്ങളില്ലെങ്കിലും കുടുംബാംഗങ്ങളുമായും മറ്റുള്ളവരുമായും ഇടപെടരുത്.
ചൈന മുതലായ രാജ്യങ്ങളില്‍ നിന്നും വന്നവര്‍ വളരെയേറെ ശ്രദ്ധിക്കണം. ചൈനയില്‍ നിന്നുള്ളവര്‍ കേരളത്തിലെത്തിയാല്‍ ഉടന്‍ അടുത്തുള്ള ആശുപത്രികളിലെ ദിശ ഹെല്‍പ് ലൈന്‍ നമ്പറിലോ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിലര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ചിലര്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാവരും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിയും അഭ്യര്‍ത്ഥിച്ചുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ ദിശ 1056 നമ്പരിലോ ജില്ലാ മെഡിക്കല്‍ ഓഫീസറേയോ റിപ്പോര്‍ട്ട് ചെയ്യണം. നിപ പോലെ കൊറോണയിലും സമ്പര്‍ക്ക ലിസ്റ്റ് ഏറെ പ്രധാനമാണ്. എല്ലാവരും വീട്ടിലെ സ്വയം നിരീക്ഷണത്തില്‍ കഴിയണം. ലക്ഷണങ്ങള്‍ ഇല്ലാതേയും കൊറോണ പകരാം. അതിനാല്‍ ആരും വീടുവിട്ട് പോകരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
സാധാരണ വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍ക്ക് സമാനമാണ് കൊറോണ വൈറസിനുമുള്ളത്. പനി, ചുമ, ശ്വാസതടസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗിയെ നടപടി ക്രമങ്ങള്‍ പാലിച്ച് പരിശോധിക്കുകയും സാമ്പിള്‍ എടുത്ത് വൈറോളജി ലാബില്‍ അയക്കുകയും വേണം.
ഒരാള്‍ പോലും കൊറോണ ബാധിച്ച് മരണമടയാന്‍ പാടില്ല. പ്രായമായവര്‍, ഹൃദയ സംബന്ധ രോഗികള്‍, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്ക് ഗുരുതരമാകാന്‍ സാധ്യതയുണ്ട്. കൊറോണയെ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും മന്ത്രി പറഞ്ഞു. സ്ഥിരീകരിച്ച കേസില്‍ സമ്പര്‍ക്കമുള്ളവരെ നിരന്തരം നിരീക്ഷിക്കും. രോഗിയുമായി അടുത്തിടപഴകിയവര്‍ സ്വമേധയാ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. കൊറോണയ്ക്ക് അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ചിലര്‍ക്ക് മാത്രമേ രോഗം ഗുരുതരമാകുകയുള്ളൂ. ചൈനയില്‍ നിന്നും തിരിച്ചെത്തിയവര്‍ 28 ദിവസം നിര്‍ബന്ധമായും നിരീക്ഷണ വിധേയമാകണം. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പൊതുപരിപാടികളില്‍ പോകരുത്. വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. രാജു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!