Section

malabari-logo-mobile

കൊറോണ: സംസ്ഥാന ദുരന്ത പ്രഖ്യാപനം പിൻവലിച്ചു, ജാഗ്രത തുടരും

HIGHLIGHTS :  സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 3014 പേർ സംസ്ഥാനത്ത് മൂന്നു നോവൽ കൊറോണ വൈറസ് സ്ഥിരീകരിച്ച സമയത്ത് ഏർപ്പെടുത്തിയ സംസ്ഥാന ദുരന്ത പ്രഖ്യാപനം പിൻവലിച്...

 സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 3014 പേർ
സംസ്ഥാനത്ത് മൂന്നു നോവൽ കൊറോണ വൈറസ് സ്ഥിരീകരിച്ച സമയത്ത് ഏർപ്പെടുത്തിയ സംസ്ഥാന ദുരന്ത പ്രഖ്യാപനം പിൻവലിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് സംസ്ഥാന ദുരന്ത പ്രഖ്യാപനം പ്രിൻവലിച്ചത്.
വുഹാനിൽ നിന്ന് കേരളത്തിലെത്തിയ 72 പേരിൽ 67 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. മാത്രമല്ല രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. രോഗിയുമായി പ്രാഥമികതലത്തിൽ സമ്പർക്കമുണ്ടായിരുന്ന എല്ലാ വ്യക്തികളും കർശന നിരീക്ഷണത്തിലാണ്. ദ്വിതീയ തലത്തിൽ സമ്പർക്കമുണ്ടായിരുന്ന ആർക്കും രോഗലക്ഷണങ്ങളില്ല. ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംഘം സംസ്ഥാനം സന്ദർശിച്ച് ഒരുക്കങ്ങളിലും പ്രവർത്തനങ്ങളിലും തൃപ്തി അറിയിച്ചു. ഫെബ്രുവരി മൂന്നിന് ശേഷം ഒരാൾക്ക് പോലും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന ദുരന്ത പ്രഖ്യാപനം പിൻവലിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് നിലവിലുള്ള കർശന ജാഗ്രതയും നിരീക്ഷണവും തുടരും. എല്ലാ പ്രോട്ടോക്കോളുകൾ തുടർന്നും നിലവിലുണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3014 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2953 പേർ വീടുകളിലും, 61 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 285 സാമ്പിളുകൾ എൻ. ഐ.വി.യിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നതിൽ 261 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ല. സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തിലും, എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊറോണ വൈറസ് രോഗബാധ സംശയിക്കുന്നവരുടെ തുടർ ചികിൽസയ്ക്കായി സജ്ജമാക്കിയിട്ടുളള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആലപ്പുഴ എൻ.ഐ.വി. യുണിറ്റിൽ സാമ്പിളുകൾ പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്ത പ്രഖ്യാപനം പിൻവലിച്ചെങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രത തുടരും. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവരെ 28 ദിവസവും നിരീക്ഷിക്കും. വീടുകളിൽ കഴിയുന്നവരും ശ്രദ്ധിക്കണം. ഒരു തരത്തിലും ജീവാപായം ഉണ്ടാകരുത്. സംസ്ഥാന ദുരന്ത പ്രഖ്യാപനം മാറ്റിയെങ്കിലും കൺട്രോൾ റൂം ഉൾപ്പെടെ ആരോഗ്യ വകുപ്പ് തുടരുന്ന പ്രവർത്തനങ്ങൾ തുടരും.
മൂന്നു പോസിറ്റീവ് കേസുകൾ ഉണ്ടായിട്ടും കരുതലോടെ മുന്നേറാൻ കഴിഞ്ഞതിൽ ആരോഗ്യ വകുപ്പിനും സർക്കാരിനും ആശ്വാസമാണ്. വലിയ പിന്തുണയാണ് മുഖ്യമന്ത്രി നൽകിയത്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദേശങ്ങൾ പാലിച്ചതിനും നിരീക്ഷണത്തിൽ കഴിഞ്ഞതിനും സംതൃപ്തിയുണ്ട്. അഹോരാത്രം ജോലിചെയ്ത ആരോഗ്യ വകുപ്പ് ജീവനക്കാർക്കും മറ്റ് വകുപ്പുകൾക്കും മാധ്യമ പ്രവർത്തകർക്കും നന്ദി പറയുന്നതായും മന്ത്രി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!