Section

malabari-logo-mobile

കോവിഡ് 19: വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മലപ്പുറം ജില്ലയില്‍ മുന്‍കരുതല്‍ ശക്തമാക്കി

HIGHLIGHTS : ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ മലപ്പുറം:കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല...

ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം:കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ യാത്രകള്‍ ഒഴിവാക്കി പൊതുജന സമ്പര്‍ക്കം നിയന്ത്രിച്ചു വീടുകളില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്ക് ആഭ്യര്‍ഥിച്ചു. മുന്‍കരുതല്‍ നടപടികള്‍ വിയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ വകുപ്പുമായി ഉടന്‍ ബന്ധപ്പെടണം. ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സാ സംവിധാനങ്ങള്‍ വിപുലമാക്കി.

sameeksha-malabarinews

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 55 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ നിരീക്ഷണത്തിലേര്‍പ്പെടുത്തേണ്ടവരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ ജില്ലാ ആശുപത്രികള്‍ മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വരെ കിടത്തി ചികിത്സക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. അവശ്യ ഘട്ടങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്കു വിധേയമാക്കുന്നുണ്ട്. മൂന്നു ഷിഫ്ടുകളിലായി ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധ സംഘമാണ് യാത്രക്കാരെ പരിശോധിച്ച് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. വിമാനത്താവളങ്ങളില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന ഫോം യാത്രക്കാരെല്ലാം നിര്‍ബന്ധമായും പൂരിപ്പിച്ചു നല്‍കണം. ബന്ധുക്കളേയും സുഹൃത്തുക്കളേയും സ്വീകരിക്കാന്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ഇതുസംബന്ധിച്ച് വിമാനത്താവള ഡയറക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പ്രവര്‍ത്തന നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്ക് നിര്‍ദ്ദേശിച്ചു. അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്കും എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍ക്കും അവധി ബാധകമാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ നല്‍കിയ അവധിയുടെ പ്രാധാന്യം പൊതുജനങ്ങള്‍ ഉള്‍ക്കൊള്ളണം. ഇപ്പോള്‍ നല്‍കിയ അവധി വിനോദ പരിപാടികള്‍ക്കും യാത്രകള്‍ക്കുമായി ഉപയോഗിക്കരുത്. എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പരീക്ഷ നടത്താം. ഒരു ബഞ്ചില്‍ രണ്ടു പേര്‍ മാത്രമെ ഇരിക്കാവൂ. പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികള്‍ വെള്ളമോ ഭക്ഷണമോ പങ്കുവക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പരീക്ഷ കഴിഞ്ഞ് കൂട്ടു കൂടി നില്‍ക്കാതെ എത്രയും വേഗം വീടുകളിലേക്കു മടങ്ങണം. രോഗ ലക്ഷണങ്ങളുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേകം മുറി ഒരുക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളില്‍ വിദേശങ്ങളില്‍ നിന്നെത്തിയ രോഗികളുടെ യാത്രാ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയു.)ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാതരം ഉത്സവങ്ങളും ഒഴിവാക്കുകയും അവ ചടങ്ങുകള്‍ മാത്രമായി നടത്തുകയും ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശമുണ്ട്. ഇത് കര്‍ശനമായി പാലിക്കണം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മത സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കലാ സാംസ്‌കാരിക പരിപാടികളും മാര്‍ച്ച് 31 മാറ്റിവക്കണം. വാട്ടര്‍ തീം പാര്‍ക്കുകള്‍, സിനിമാ തീയേറ്ററുകള്‍ തുടങ്ങിയ വിനോദ കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും യോഗം നിര്‍ദ്ദേശിച്ചു.
സര്‍ക്കാറിന്റേയും ഔദ്യാഗിക സംവിധാനങ്ങളുടേയും നിര്‍ദ്ദേശങ്ങളല്ലാതെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ ശക്തമായി നിരീക്ഷിക്കാനും നടപടിയെടുക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ ഓഫീസുകളില്‍ രോഗബാധ നിയന്ത്രിക്കാനുള്ള മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തും. എല്ലാ ഓഫീസുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കും. രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ സ്വയം സന്നദ്ധരായി മുന്‍കരുതലുകളെടുക്കണം. മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിയുകയും ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് രോഗ വ്യാപനം തടയാന്‍ സഹകരിക്കുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0483 2737858, 0483 2737857 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. mcdmlpm@gmail.com എന്ന മെയില്‍ വഴിയും സംശയ ദൂരീകരണം നടത്താം.

ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ചെറിയാന്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയു.) ഡോ. കെ. സുശീല, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!