കണ്ടെയ്‌നര്‍ സ്‌കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു;ഭര്‍ത്താവിന് ഗുരുതര പരിക്ക്

പാലക്കാട്: വാളയാര്‍-വടക്കഞ്ചേരി ദേശീയപാതയില്‍ ചന്ദ്രനഗര്‍ ജങ്ഷനില്‍ സ്‌കൂട്ടര്‍ കണ്ടെയ്‌നറര്‍ ലോറിക്കടിയില്‍പ്പെട്ട് അധ്യാപിക മരിച്ചു. എലപ്പുള്ളി കുന്നാച്ചി ഗവ.യു പി സ്‌കൂളിലെ അധ്യാപിക പള്ളിത്തേരി പൂനത്തില്‍ വീട്ടില്‍ റെയ്ച്ചല്‍ സൂസന്‍ ഐപ്പ്(47)ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് ജെസ്‌ലിന്‍ ഫെഡറിക് വില്യമിന്(52) ഗുരുതരമായി പരിക്കേറ്റു.

വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം സംഭവിച്ചത്. ചന്ദ്രനഗര്‍ ജങ്ഷനിലെ സിഗ്നലില്‍ നിര്‍ത്തിയ ഇവരുടെ സ്‌കൂട്ടറിന് പിറകില്‍ തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയില്‍ അധ്യാപിക റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഭര്‍ത്താവ് വില്യം സ്‌കൂട്ടറോടെ ലോറിക്കടിയില്‍ കുടുങ്ങി കുറച്ചുദൂരം നീങ്ങിപോവുകയും ചെയ്തു. പോലീസും അഗ്നിശമനസേനയും എത്തി ക്രെയിന്‍ ഉപയോഗിച്ച് ലോറി പൊക്കിയാണ് വില്യമിനെ പുറത്തെടുത്തത്. സാരമായി പരിക്കേറ്റ ഇരുവരെയും ഉടനെ ജില്ലാ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്റലേക്കും മാറ്റുകയായിരുന്നു. എന്നാല്‍ യാത്രക്കിടെ റെയ്ച്ചല്‍ മരിച്ചു.

മക്കള്‍ ആഷ്‌ന(ബെംഗളൂരു സ്വകാര്യ കമ്പനി ജീവനക്കാരി),ആന്‍സല്‍(ബി ടെക്ക് വിദ്യാര്‍ത്ഥി). പരപ്പനങ്ങാടി ബിഇഎം ഹൈസ്‌ക്കൂളില്‍ ദീര്‍ഘനാള്‍ പ്രധാന അധ്യാപികയായിരുന്ന സൂസന്‍ ഈശോയുടെ മകളാണ് റെയ്ച്ചല്‍.

സംഭവത്തില്‍ ലോറിഡ്രൈവര്‍ രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശി മഹസൂദി(27)നെതിരെ കസബ പോലീസ് കേസെടുത്തു.

Share news
error: Content is protected !!
Scroll to Top