Section

malabari-logo-mobile

നഗരസഭ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ക്യാഷ്വാല്‍റ്റി ബ്ലോക്ക് നിര്‍മ്മാണം വൈകുന്നു: ശിലാസ്ഥാപന കര്‍മ്മം നടന്നത് ഒന്നരവര്‍ഷം മുമ്പ്

HIGHLIGHTS : Negligence of the Municipal Health Department; Construction of cashvalty block at Tirurangadi Taluk Hospital delayed: Foundation stone laid a year ...

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ ക്യാഷ്വാല്‍റ്റി ബ്ലോക്കിന്റെ നിര്‍മ്മാണം വൈകുന്നു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഒരു വര്‍ഷം മുമ്പാണ് ഇതിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചത്. നിലവിലെ ഡയാലിസിസ് സെന്ററും പഴയ ലാബും ഉള്‍ക്കൊള്ളുന്ന കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് 13.65 കോടി രൂപയുടെ പുതിയ കെട്ടിടം നിര്‍മ്മിക്കേണ്ടത്. ഇതിനായി ഡയാലിസിസ് സെന്റര്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ക്കും മറ്റുമായി 33 ലക്ഷം രൂപ വകയിരുത്തി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിച്ചതായി അന്ന് നഗരസഭ അധികൃതര്‍ അറിയിച്ചിരുന്നു.

എന്നാല്‍ കെട്ടിടം പൊളിച്ചു നീക്കാനോ ഡയാലിസിസ് സെന്റര്‍ മാറ്റി സ്ഥാപിക്കാനോ ഇത് വരെ നഗരസഭ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇത് കാരണമാണ് ക്യാഷ്വാല്‍റ്റി കെട്ടിട നിര്‍മ്മാണം മുടങ്ങിക്കിടക്കുന്നത്. കിഫ്ബി മുഖേനയാമ് കെട്ടിടത്തിന് തുക അനുവദിച്ചിട്ടുള്ളത്. കിറ്റ്‌കോക്കാണ് നിര്‍മ്മാണ ചുമതലയുണ്ടായിരുന്നത്.

sameeksha-malabarinews

ഡയാലിസിസ് മാറ്റുന്നതിന് ശ്രമങ്ങള്‍ ആരംഭിച്ചതായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നഗരസഭ അധികൃതര്‍ അറിയിച്ചിരുന്നു. പഴയ ഓപ്പറേഷന്‍ തിയേറ്ററിന്റെ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള നിര്‍മ്മാണവും ആരംഭിച്ചതാണ്. പത്തില്‍ താഴെ ഡയാലിസിസ് മെഷീന്‍ മാറ്റുന്നതിന് നഗരസഭ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഇപ്പോഴും അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. മാത്രവുമല്ല പൊളിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തില്‍ ഡയാലിസിസ് നടക്കുന്ന ഭാഗത്ത് ഇടക്കിടക്ക് പാമ്പിനെ കാണുന്നത് ജീവനക്കാരെയും രോഗികളെയും ഭയപ്പെടുത്തുന്നുണ്ട്. പാമ്പിന് പുറമെ മറ്റു ഇഴചെന്തുക്കളെയും എപ്പോഴും ഡയാലിസിസ് സെന്ററില്‍ നിന്നും കാണാറുണ്ടെന്ന് രോഗികള്‍ തന്നെ പറയുന്നു. അത് കൊണ്ട് തന്നെ ഡയാലിസിസ് സെന്റര്‍ അടിയന്തിരമായി ഇവിടെ നിന്നും മാറ്റണമെന്ന് ആശുപത്രി അധികൃതര്‍ക്കും നിര്‍ബന്ധമുണ്ട്. എന്നാല്‍ നഗരസഭ ആരോഗ്യ വകുപ്പിന്റെ മെല്ലേപോക്കാണ് എല്ലാം കുഴക്കുന്നത്.
അതോടപ്പം മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ അവസാന വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 94 ലക്ഷം രൂപയുടെ പ്രവൃത്തിയും ഇന്നേ വരെ തുടങ്ങാനായിട്ടില്ല.

ജനറല്‍ വാര്‍ഡ് കെട്ടിടത്തിന്റെ ചോര്‍ച്ച തടയുന്നതിനുള്ള ഈ നിര്‍മ്മാണവും വൈകിയതോടെ ഈ കെട്ടിടത്തിന്റെ മുകളിലത്തെ നിലയും മറ്റു പ്രധാന ഭാഗങ്ങളെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. ഈ വലിയ കെട്ടിടത്തില്‍ ലാബ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
അടിയന്തിര പ്രധാന്യത്തോടെ താലൂക്ക് ആശുപത്രിക്ക് സര്‍ക്കാറും മറ്റു ജനപ്രതിനിധികളും അനുവദിക്കുന്ന പദ്ധതി തുകകള്‍ യഥാസമയം ചെലവഴിക്കാനാകാത്തത് നഗരസഭ ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടായാണ് ചൂണ്ടികാണിക്കപ്പെടുന്നത്. നഗരസഭയെ മറികടന്ന് കാര്യങ്ങള്‍ ചെയ്യിപ്പിക്കുന്നതില്‍ എം.എല്‍.എയും പരാജയമായതോടെ ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട പലസൗകര്യങ്ങളും കടലാസിലൊതുങ്ങുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!