കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

കൊച്ചി:കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ സ്വപ്നയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കൊച്ചി മേയര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്വപ്നയെ ഇന്നലെ തൃശ്ശൂര്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് ജിന് മുന്നില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

സ്വപ്ന ഔദ്യോഗിക കാലയളവില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് വിജിലന്‍സ് . വൈറ്റിലയിലെ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

വൈറ്റിലയിലെ കൊച്ചി കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിലെ എന്‍ജിനീയറിങ് ആന്‍ഡ് ടൗണ്‍ പ്ലാനിങ് വിഭാഗത്തില്‍ വിജിലന്‍സ് സി ഐ ഫിറോസിന്റെ നേതൃത്വത്തില്‍ മൂന്നു മണിക്കൂര്‍ നീണ്ട പരിശോധനയിലാണ് രേഖകള്‍ പിടിച്ചെടുത്തത്.സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം വിജിലന്‍സ് സംഘം ശേഖരിച്ചു. സ്വപ്നയുടെ കാറില്‍ നിന്ന് പിടിച്ചെടുത്ത 45,000 രൂപയും കൈക്കൂലി പണം ആണോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ബുധനാഴ്ചയാണ് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്ന വിജിലന്‍സിന്റെ പിടിയിലായത്.

പ്രവാസി നിര്‍മ്മിക്കുന്ന 5000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും അഞ്ച് കെട്ടിട നമ്പറും വരുന്ന കെട്ടിടത്തിന്റെ പെര്‍മിറ്റിനായി കഴിഞ്ഞ ജനുവരി 30 ന് പരാതിക്കാരന്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു. സ്ഥല പരിശോധന നടത്തിയതിന് ശേഷം സ്വപ്‌ന പെര്‍മിറ്റ് അനുവദിക്കാനായി ഓരോ കെട്ടിട നമ്പറിനും 5000 രൂപ വീതം കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്രയും പണം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ 15,000 രൂപയായി ഇത് കുറച്ചു. പരാതിക്കാരന്‍ വിവരം എറണാകുളം വിജിലന്‍സ് മധ്യമേഖല ഓഫീസില്‍ അറിയിക്കുകയായിരുന്നു. ഇതെതുടര്‍ന്ന് വിജിലന്‍സ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു സ്വപ്ന.

Share news
error: Content is protected !!
Scroll to Top