
പൗരബോധവും സാമൂഹിക ഉത്തരവാദിത്വവും പുലർത്തുന്ന വിദ്യാർത്ഥികളെ സർക്കാർ ആദരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികളെ ഉത്തരവാദിത്വമുള്ള മികച്ച പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ചുവട് 2026′ പദ്ധതിയുടെ പ്രഖ്യാപനവും, പരിഷ്‌കരിച്ച ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പാഠപുസ്തകങ്ങൾ, സ്‌കൂളുകളുടെ സുരക്ഷ മാന്വൽ എന്നിവയുടെ പ്രകാശനവും തിരുവനന്തപുരം ശിക്ഷക് സദനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കുട്ടികളിൽ സാമൂഹ്യ അവബോധം, സഹാനുഭൂതി, ഭരണഘടനയോടുള്ള കൂറ്, മുതിർന്നവരോടുള്ള ബഹുമാനം, സഹവിദ്യാർത്ഥികളോടുള്ള സഹകരണം, പരിസ്ഥിതി ബോധം, എന്നിവ വളർത്തുകയാണ് ചുവട് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ലഹരി വിപത്തിനെതിരെ പോരാടാൻ കുട്ടികളെ സജ്ജമാക്കുന്നതിലും പദ്ധതി സഹായകരമാകും. പാഠപുസ്തകത്തിനപ്പുറം അടിസ്ഥാന ജീവിതനൈപ്പുണികളെക്കുറിച്ചുള്ള പാഠങ്ങൾ വിദ്യാർത്ഥികൾക്ക് നൽകും. പദ്ധതിയുടെ ഭാഗമായി പ്രത്യേക പരീക്ഷകൾ ഉണ്ടായിരിക്കില്ല. പകരം കുട്ടികളുടെ ജീവിതരീതിയിലും പെരുമാറ്റത്തിലുമുണ്ടാകുന്ന മാറ്റങ്ങളാണ് വിലയിരുത്തുകയെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ പതിനഞ്ച് വർഷമായി മാറ്റമില്ലാതെ തുടരുന്ന പാഠ്യപദ്ധതിയിലാണ് ഇപ്പോൾ കാലോചിതമായ പരിഷ്‌കാരം കൊണ്ടുവന്നത്. സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയ 41 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പുറത്തിറക്കിയത്. ഏകദേശം 20 ലക്ഷത്തോളം പുതിയ പുസ്തകങ്ങൾ അച്ചടിച്ച് വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അടുത്ത അധ്യയന വർഷം മുതൽ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഇവ ലഭ്യമാക്കും. കമ്പ്യൂട്ടർ സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഷയങ്ങൾ പുതുക്കിയ പാഠ്യപദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തെ മുറിവേൽപ്പിക്കാൻ അനുവദിക്കില്ലെന്നതാണ് കേരളത്തിന്റെ നിലപാടെന്നും യഥാർത്ഥ ചരിത്രം കുട്ടികൾ പഠിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. ഇതിലൂടെ സമഗ്ര ശിക്ഷാ കേരള വഴി ലഭിക്കേണ്ട ധനസഹായത്തിൽ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേരളം ഇതിനകം തന്നെ 5000 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം, ജനാധിപത്യം, മതേതരത്വം എന്നിവ സംരക്ഷിക്കുന്ന കാര്യത്തിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ ഇത്തരം മികച്ച പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരേയും അധ്യാപകരേയും മന്ത്രി അഭിനന്ദിച്ചു.
ഗോത്രവിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കായി എസ് സി ഇ ആർ ടി കേരള കലാമണ്ഡലവുമായി ചേർന്ന് നടപ്പിലാക്കിയ പഠന പ്രവർത്തനത്തെ ആധാരമാക്കിയുള്ള ‘ഗോത്രായനം’ ഡോക്യുമെന്ററി ചിത്രം, ആരോഗ്യ ജീവിത നൈപുണി വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി എസ് സി ഇ ആർ ടി നിർമ്മിച്ച ‘പുഞ്ചിരി’, ‘തുടരുന്ന നൻമകൾ’ എന്നീ ഹ്രസ്വചിത്രങ്ങളുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡിഷണൽ സെക്രട്ടറി ചിത്ര, ഡയറക്ടർ എൻ എസ് കെ ഉമേഷ്, എസ് സി ഇ ആർ ടി കേരളം ഡയറക്ടർ ഡോ ജയപ്രകാശ് ആർ കെ, സമഗ്ര ശിക്ഷ കേരളം അഡിഷണൽ പ്രോജക്റ്റ് ഡയറക്ടർ എം കെ ഷൈൻമോൻ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 1069/2026
മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്‌ക്കാര വിതരണം ഇന്ന് (മാർച്ച് 10)
മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാര വിതരണം മാർച്ച് 10 വൈകുന്നേരം 4.30ന് തിരുവനന്തപുരം വഴുതക്കാട് സർക്കാർ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും.
സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നും പഠിച്ചിറങ്ങിയ 2000 വിദ്യാർത്ഥികൾക്കാണ് പുരസ്‌കാരം നൽകുന്നത്. 2022-23, 2023-24 അധ്യയന വർഷങ്ങളിൽ വിവിധ വിഷയങ്ങളിൽ ബിരുദ പഠനത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ പ്രതിഭകളെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി നൽകുന്നത്. ഇന്ത്യയിൽ തന്നെ നൽകുന്ന ഏറ്റവും ഉയർന്ന സ്‌കോളർഷിപ്പ് തുകയാണിതെന്ന് മന്ത്രി ഡോ ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും സാമൂഹ്യമായി അരികുവൽക്കരിക്കപ്പെട്ടവരുമായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള കുട്ടികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്. ഓരോ വർഷവും ഇത്തരത്തിൽ ആയിരം വിദ്യാർത്ഥികൾക്കാണ് മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌ക്കാരം നൽകുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ നേടിയെടുക്കുന്നതിനൊപ്പം സാമൂഹ്യനീതി ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു വിദ്യാർത്ഥിയുടെയും പഠനത്തിന് തടസ്സമാകാൻ പാടില്ല എന്ന സർക്കാരിന്റെ ഉറച്ച തീരുമാനമാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.





