കോഴിക്കോട്:പീഡന പരാതിയില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ വടകര ഡിവൈഎസ്പി ഓഫീസില്‍ എത്തി കീഴടങ്ങി. ലൈംഗികപീഡന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ഈ കീഴടങ്ങല്‍.
സംസ്ഥാന സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ അപ്പീലുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.
നിലവില്‍ സിവിക് ചന്ദ്രനെതിരെ രണ്ട് ലൈംഗികാരോപണ പരാതികള്‍ ആണ് ഉള്ളത് .സിവിക് ചന്ദ്രന്‍ എതിരെ ലൈംഗിക പീഡന പരാതിനല്‍കിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമാണെന്ന ജാമ്യഹര്‍ജി പരിഗണിച്ച കോടതിയുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് വിവാദമായ ഈ പരാമര്‍ശം ഹൈക്കോടതി നീക്കിയിരുന്നു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രായം കണക്കിലെടുത്ത് സിവിക് ചന്ദ്രന് മുന്‍കൂര്‍ജാമ്യം തുടരാമെന്ന് നിലപാടായിരുന്നു അന്ന് ഹൈക്കോടതി കൈകൊണ്ടത് .ജസ്റ്റീസ് ബദറുദ്ദീന്റെ സിംഗിള്‍ബെഞ്ച് ആണ് പിന്നീട് കേസ് പരിഗണിച്ചത് .രണ്ടാം കേസില്‍ യുവതിയും സംസ്ഥാന സര്‍ക്കാരും നല്‍കിയ അപ്പീലുകളിലാണ് സിംഗിള്‍ ബെഞ്ച് അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയത്.




