HIGHLIGHTS : Chit fund owners are exploiting women's vulnerabilities and committing fraud: Women's Commission member V.R. Mahilamani
മലപ്പുറം:സ്വകാര്യ ചിട്ടി ഉടമകള്‍ സ്ത്രീകളുടെ പരാധീനതകള്‍ മുതലെടുത്ത് തട്ടിപ്പ് നടത്തുന്നതായി കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാമണി പറഞ്ഞു. യുവതികളെ തവണകളായി പണം അടയ്ക്കുന്ന ചിട്ടികളില്‍ ചേര്‍ക്കുകയും ഒന്നോ രണ്ടോ അടവുകള്‍ മുടങ്ങുമ്പോള്‍ ചിട്ടി നഷ്ടമായെന്നും അത് കമ്പനി പിടിച്ചെടുത്തെന്നും പറയുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. പലപ്പോഴും ചിട്ടികള്‍ ആരംഭിക്കുമ്പോള്‍ നല്‍കുന്ന രേഖകളിലെ നിയമാവലികള്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയാണ് സ്ത്രീകള്‍ക്ക് നല്‍കുന്നത്. ഇതിനാല്‍ പലര്‍ക്കും ഇതിന്റെ തട്ടിപ്പ് വശം മനസിലാവുന്നില്ല. ഈ വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ ആവശ്യമുണ്ട്. സ്വകാര്യ ചിട്ടി ഇടപാടുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പരിശോധനകള്‍ ആവശ്യമാണ്.
കമ്മീഷന്‍ ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കമ്മീഷനംഗം വി.ആര്‍ മഹിളാമണി പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക ദൈന്യത മുതലെടുത്താണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം സ്ത്രീകളില്‍ നിന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഈടോ മറ്റ് രേഖകളോ ഇല്ലാതെ പണവും സ്വര്‍ണവും വാങ്ങിക്കുകയും തിരിച്ച് ആവശ്യപ്പെടുമ്പോള്‍ നിയമപരമായി വെല്ലുവിളിക്കുകയും ചെയ്യുന്ന കേസുകള്‍ വര്‍ധിച്ചുവരുന്നതായും കണ്ടെത്തി. പോഷ് ആക്ടില്‍ ഉള്‍പ്പെട്ട് വന്ന കേസില്‍ ഇന്റേണല്‍ കമ്മറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സ്ത്രീകളുടെ സ്വര്‍ണ്ണവും പണവും പരസ്പര വിശ്വാസത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കുകയും പിന്നീട് തിരിച്ച് നല്‍കാത്ത കേസുകളും പരാതിയായി വന്നു. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകള്‍ ബോധവാന്മാരായിരിക്കണമെന്നും സ്വാശ്രയത്വത്തോട ജീവിക്കാന്‍ പ്രാപ്തരാവാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാമണിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 28 പരാതികള്‍ പരിഗണിച്ചു. 10 കേസുകള്‍ തീര്‍പ്പാക്കി. ബാക്കി 18 കേസുകള്‍ അടുത്ത സിറ്റിങില്‍ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ഒരു കേസ് പൊലീസ് റിപ്പോര്‍ട്ടിനായി നല്‍കി. സിറ്റിങില്‍ നേരിട്ടെത്തിയ രണ്ട് കേസുകള്‍ പരിഗണിച്ചു. അദാലത്തില്‍ അഡ്വ. ബീന കരുവാത്ത്, കൗണ്‍സിലര്‍ ശ്രുതി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.