കുട്ടിയുടെ സ്വര്‍ണ പാദസരം മോഷ്ടിച്ച പ്രതി പിടിയില്‍

HIGHLIGHTS : child's anglet were stolen. The suspect has been arrested

malabarinews
വളാഞ്ചേരി: തുണി വാങ്ങാനായി ഉമ്മയോടൊപ്പം ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിലെത്തിയ കുട്ടിയുടെ കാലില്‍ നിന്ന് സ്വര്‍ണ പാദസരം പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍. എടരിക്കോട് പാലച്ചിറമാട് ചങ്ങരന്‍ചോല അബ്ദുല്‍ കരീം(47) ആണ് പിടിയിലായത്.

വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് സി.സി.ടി.വി യിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

കുട്ടിയെ ഷോപ്പിലിരുത്തി വസ്ത്രം സെലക്റ്റ് ചെയ്യുന്നതിനിടയിലാണ് പ്രതി കുട്ടിയുടെ കാലിനു മുകളില്‍ മറ്റൊരു വസ്ത്രം കൊണ്ടു മറച്ച്  കാലിലെ പാദസരം പൊട്ടിച്ച് എടുത്ത് കടന്ന് കളഞ്ഞത്. അപ്പോള്‍ തന്നെ പാദസരം നഷ്ടമായതു മനസ്സിലായ ഉമ്മ ഷോപ്പുടമയോടു വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് കരിനീല മുണ്ടും മങ്ങിയ ഓറഞ്ചു നിറത്തിലുള്ള ഷര്‍ട്ടും ധരിച്ച ഒരാളെ കാണാന്‍ സാധിച്ചത്. ഈ വിവരമാണ് പോലീസിന് പ്രതിയെ പിടിക്കാന്‍ സഹായകരമായത്.

വളാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷിന്റെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്പെക്ടര്‍ എന്‍ മുഹമ്മദ് റഫീഖ്, ഗ്രേഡ് എസ് ഐ ബെന്നി, ജയകൃഷ്ണന്‍, ജോണ്‍സന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക