മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്തോഷ് ട്രോഫി ടീമംഗങ്ങള്‍ ഒരുലക്ഷം രൂപ നല്‍കി

വളരെക്കാലത്തിനുശേഷം 2018ല്‍ കേരളത്തിനു സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത ടീമും സ്റ്റാഫംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്തു. ടീം കോച്ച്  സതീവന്‍ ബാലന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിക്ക് തുക കൈമാറി.
ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് പ്രചോദനം നല്‍കുന്ന സര്‍ക്കാരാണിത്. സന്തോഷ് ട്രോഫി നേടിയ ടീമിനെ അഭിനന്ദിക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. നാട്ടില്‍ അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തെ മറികടക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ശക്തി പകരേണ്ടത് കടമയായി കരുതുന്നതുകൊണ്ടാണ് തങ്ങളുടെ വിഹിതം മുഖ്യമന്ത്രിയെ ഏല്‍പിക്കുന്നതെന്ന് സതീവന്‍ ബാലന്‍ പറഞ്ഞു.
മാനേജര്‍ പി.സി. ആസിഫ്, ക്യാപ്റ്റന്‍ രാഹുല്‍ വി. രാജ്, വൈസ് ക്യാപ്റ്റന്‍ സീസണ്‍ സെല്‍വന്‍, ഗോള്‍കീപ്പര്‍ മിഥുന്‍, ടീമംഗങ്ങളായ ലിജോ എസ്, സജിത്ത് പൗലോസ്, മുഹമ്മദ് പാറക്കോട്ടില്‍, മുഹമ്മദ് ഷരീഫ്, ശ്രീക്കുട്ടന്‍ പി.എസ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Related Articles