നവകേരള നിര്‍മിതിക്ക് കരുത്തേകി മുഖ്യമന്ത്രിയുടെ കേരള പര്യടനം ;വികസന മുന്നേറ്റത്തിന് മലപ്പുറത്തിന്റെ പിന്തുണ

മലപ്പുറം: പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570 എണ്ണവും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ . നവകേരള നിര്‍മിതിക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറം മച്ചിങ്ങല്‍ എം.എസ്.എം ഓഡിറ്റോറിയത്തില്‍ സാമൂഹ്യ-സാംസ്‌കാരിക- വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖര്‍, പ്രൊഫഷണലുകള്‍, പ്രവാസി വ്യവസായ സംരംഭകര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയില്‍ പറയാത്ത ഒട്ടനേകം കാര്യങ്ങളും ഈ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നടപ്പിലാക്കിയ എല്ലാ പദ്ധതികളും നാടിന്റെ വലിയ വികസനത്തിന് സഹായിച്ചിട്ടുണ്ട്. സാമൂഹ്യനീതിയിലധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. വികസനത്തിന്റെ ഗുണം ലഭിക്കാത്ത ആരും തന്നെ സമൂഹത്തിലുണ്ടാവുകയില്ല. നാടിന്റെ എല്ലാ ഭാഗങ്ങളിലും വികസനമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേട്ട മുഖ്യമന്ത്രി ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതില്‍ എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങളെ വിലമതിക്കുന്നതായി മറുപടി നല്‍കി.
ആമുഖ പ്രഭാഷണത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ ഓര്‍മപ്പെടുത്തി . തുടര്‍ന്ന് സംവാദത്തില്‍ കൃഷി, വ്യവസായം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, കായികം, മാലിന്യ സംസ്‌കരണം തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധര്‍ നിര്‍ദേശങ്ങള്‍ പങ്കുവച്ചു. സംവരണമുള്‍പ്പെടെ വിഷയങ്ങളില്‍ വിവിധ മത സാമുദായിക നേതാക്കളും അഭിപ്രായം പങ്കിട്ടു. എല്ലാത്തിനും ചുരുങ്ങിയ വാക്കുകളില്‍ മറുപടി. നിര്‍ഗദശങ്ങള്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രകിയില്‍ ഉള്‍പ്പെടുത്തുമെന്ന ഉറപ്പേകി.

ചടങ്ങില്‍ മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍, ഗവ.ചീഫ് വിപ്പ് കെ രാജന്‍ എംഎല്‍എ, മുതിര്‍ന്ന സിപിഐ എം നേതാക്കളായ പാലോളി മുഹമ്മദ്കുട്ടി, ടി കെ ഹംസ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി പി വാസുദേവന്‍, പി കെ സൈനബ, ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുള്‍ വഹാബ്, നിലമ്പൂര്‍ ആയിഷ, കവി ആലങ്കോട് ലീലാകൃഷ്ണന്‍, മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ഹുസൈന്‍ രണ്ടത്താണി, ഫുട്ബോള്‍ താരങ്ങളായ യു ഷറഫലി, അനസ് എടത്തൊടിക, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ് എന്നിവര്‍ സന്നിഹിതരായി. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് സ്വാഗതം പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top