ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഒന്നാം ടേം പരിക്ഷ നവംബറില്‍. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഒപ്റ്റിക്കല്‍ മാര്‍ക്ക് റെകഗ്‌നിഷന്‍ (MCQ-OMR) ചോദ്യ പേപ്പറുകള്‍ ഉപയോഗിച്ചാകും പരീക്ഷ നടത്തുക.
പരിക്ഷയുടെ ദൈര്‍ഘ്യം 90 മിനിറ്റാകും. ഓണ്‍ലൈന്‍ പരീക്ഷ സാധ്യമല്ലെന്ന് സി.ബി.എസ്.ഇ അറിയിച്ചിരുന്നു. ആദ്യ ടേമില്‍ ഒബ്ജക്ടിവ് ടൈപ്പ് ചോദ്യങ്ങളാകും ഉണ്ടാകുക. രണ്ട് ടേമുകളായാണ് ഈ അധ്യായന വര്‍ഷത്തെ സി.ബി.എസ്.ഇ വിഭജിച്ചിട്ടുള്ളത്. രണ്ടാം ടേം പരീക്ഷ 2022 മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലാകും നടക്കുക.
അതിനിടെ, പത്താം ക്ലാസ്, 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കായി പരീക്ഷാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിക്കാന്‍ സിബിഎസ്ഇ സ്‌കൂളുകളോട് ആവശ്യപ്പെട്ടു. cbse.gov.in എന്ന വെബ്‌സൈറ്റിലെ ഇ-പരീക്ഷ പോര്‍ട്ടലില്‍ കയറി പട്ടിക സമര്‍പ്പിക്കാം.
അതേസമയം, കേരളത്തില്‍ പ്ലസ് വണ്‍ പരീക്ഷ തീയതി സംബന്ധിച്ച് തീരുമാനമായി. ഈ മാസം 24 മുതല്‍ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
ഈ മാസം 24 ന് തുടങ്ങുന്ന പരീക്ഷ ഒക്ടോബര്‍ പതിനെട്ടിനായിരിക്കും അവസാനിക്കുക. വിഎച്ച്എസ്ഇ പരീക്ഷ ഈ മാസം 24 ന് തുടങ്ങി ഒക്ടോബര്‍ പതിമൂന്നിന് അവസാനിക്കും. രാവിലെയായിരിക്കും പരീക്ഷ നടക്കുക. ഓരോ പരീക്ഷകള്‍ക്ക് ഇടയിലും ഒന്ന് മുതല്‍ അഞ്ച് ദിവസത്തെ ഇടവേളയുണ്ടാകും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരീക്ഷ നടക്കുക.
പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍. പരീക്ഷകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതി തള്ളുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.




