Section

malabari-logo-mobile

സിദ്ധാര്‍ത്ഥന്റെ മരണം ഇനി സിബിഐ അന്വേഷിക്കും

HIGHLIGHTS : CBI will now investigate Siddharth's death

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം ഇനി സിബിഐ അന്വേഷിക്കും. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ആത്മഹത്യാ പ്രേരണയോ, കൊലപാതകമോ, ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാന സര്‍ക്കാരിനും കൈമാറി. നേരത്തെ അന്വേഷണം ഏറ്റെടുക്കാനുള്ള നടപടികള്‍ സിബിഐ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദില്ലിയില്‍ നിന്നു എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ കീഴില്‍ സിബിഐ സംഘം കേരളത്തില്‍ എത്തി.

നിലവില്‍ കേസ് അന്വേഷിക്കുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയുമായി സംഘം കണ്ണൂരില്‍ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മാര്‍ച്ച് 9ന് ആണ് സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐ ക്ക് വിട്ട് ഉത്തരവ് ഇറക്കിയത്. സിബിഐ കേസ് ഏറ്റെടുക്കാന്‍ വൈകുന്നതില്‍ കുടുംബം പ്രതിഷേധം അറിയിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ സംഘം എത്തിയത്. തിരുവനന്തപുരം യൂണിറ്റില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷിക്കുമെന്നാണ് വിവരം.

sameeksha-malabarinews

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് ഇന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ എന്താണ് സാങ്കേതിക തടസമെന്നും കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയൂ എന്നാണ് സിബിഐ വ്യക്തമാക്കിയത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി അഭിനന്ദിച്ചു. എന്നാല്‍, അതിന്റെ ബാക്കിയുള്ള കാര്യങ്ങള്‍ കൂടി സര്‍ക്കാരിന്റെ മേല്‍നോട്ടം വേണ്ടേയെന്ന് ചോദിച്ച കോടതി രേഖകള്‍ കൈമാറാന്‍ എന്തിനായിരുന്നു കാലതാമസം എന്നും ചോദിച്ചു.

കാലതാമസം ഉണ്ടായിട്ടില്ലെന്നും കേസ് വേഗത്തില്‍ സിബിഐക്ക് കൈമാറിയെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കേസ് കൈമാറുന്നതില്‍ ഓരോ നിമിഷം വൈകുന്നതും കേസിനെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണത്തിന് എത്രയും വേഗം വിജ്ഞാപനമിറക്കണമെന്നും വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിടുകയായിരുന്നു.

സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചയില്‍ ഡിജിപിയോട് ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടി. സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടും തുടര്‍ നടപടികളില്‍ ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥത കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് മേധാവിയോട് ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയത്.

തുടര്‍ നടപടികള്‍ ഡിജിപിക്കും ഓഫീസിനും അറിവുള്ളതാണെന്നിരിക്കെയാണ് വീഴ്ചയുണ്ടായത്. പേര്‍ഫോമ റിപ്പോര്‍ട്ടോ, രേഖകളോ ആഭ്യന്തര വകുപ്പിന് കൈമാറിയില്ല. കഴിഞ്ഞമാസം 16 ന് ആവശ്യപ്പെട്ടിട്ടും പെര്‍ഫോമ നല്‍കിയത് 26 ന് മാത്രമാണെന്നത് വലിയ വീഴ്ചയാണ്. പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച സര്‍ക്കാരിന്റെ മുഖഛായ മോശമാക്കാന്‍ ഇടയാക്കിയെന്നും ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും നല്‍കണമെന്നും ഡിജിപിയോട് ആഭ്യന്തര സെക്രട്ടറി നിര്‍ദ്ദേശിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!