
പറവൂർ വീടിനുള്ളിൽ യുവതി വെന്തു മരിച്ച സംഭവത്തിൽ പിടിയിലായ സഹോദരിയുടെ തെളിവെടുപ്പ് ഇന്ന്. മനോരമ നഗർ അറക്കപറമ്പിൽ വിസ്മയ(25)മരിച്ച സംഭവത്തിലാണ് സഹോദരി ജിത്തു (22) പോലീസിനെ പിടിയിലായത്. വിസ്മയയെ താൻ കൊലപ്പെടുത്തിയതാണെന്ന് ജിത്തു മൊഴി നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് കാക്കനാടുള്ള തെരുവോരം മുരുകന്റെ അനാഥാലയത്തിൽ നിന്നാണ് യുവതിയെ പറവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച പുലർച്ചെ പിങ്ക് പോലീസ് ആണ് ജിത്തുവിനെ അനാഥാലയത്തിൽ എത്തിച്ചത്. എറണാകുളം മേനകയ്ക്കു സമീപം ബുധനാഴ്ച അർധരാത്രി അലഞ്ഞു നടക്കുന്നത് കണ്ട ജിത്തുവിനെ പിങ്ക് പോലീസ് തിരിച്ചറിഞ്ഞില്ല. ലക്ഷദ്വീപ് സ്വദേശിനി ആണെന്നാണ് ജിത്തു പോലീസിനോട് പറഞ്ഞത്.
28ന് വൈകിട്ടാണ് വീടിനുള്ളിൽ ശിവാനന്ദന്റെയും ജിജിയുടെയും രണ്ട് പെൺമക്കളിൽ ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയും സഹോദരിയെ കാണാതാവുകയും ചെയ്തത്. മാതാപിതാക്കൾ പുറത്തുപോയ സമയത്താണ് സംഭവം. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ടത് വിസ്മയ ആണെന്ന് സ്ഥിരീകരിച്ചത്. കാണാതായ ജിത്തുവിനെ കണ്ടെത്താൻ പറവൂർ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.




