Section

malabari-logo-mobile

തലശ്ശേരിയില്‍ 2 സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസ്; 7 പേര്‍ അറസ്റ്റില്‍

HIGHLIGHTS : Case of killing 2 CPM workers in Thalassery; 7 people were arrested

തലശ്ശേരി: വീനസ് കോര്‍ണറില്‍ ബന്ധുക്കളായ 2 സിപിഎം പ്രവര്‍ത്തകരെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 5 പേരാണ് കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തത്. 2 പേര്‍ ഇവര്‍ക്കു വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്തു കൊടുത്തു. നേരത്തെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. കൊലയ്ക്കു പിന്നില്‍ ലഹരി മാഫിയ സംഘമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

സിപിഎം പ്രവര്‍ത്തകരായ നിട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണയില്‍ കെ. ഖാലിദ് (52), സഹോദരീ ഭര്‍ത്താവ് പൂവനായി ഷമീര്‍ (40) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നിട്ടൂര്‍ വെള്ളാടത്ത് ഹൗസില്‍ പാറായി ബാബു എന്ന സുരേഷ്ബാബു (47), വടക്കുമ്പാട് പാറക്കെട്ട് തേരേക്കാട്ടില്‍ അരുണ്‍കുമാര്‍ (38), പിണറായി പുതുക്കുടി ഹൗസില്‍ ഇ കെ സന്ദീപ് (38), പിണറായി പടന്നക്കര വാഴയില്‍ ഹൗസില്‍ സുജിത്ത്കുമാര്‍ (45), വടക്കുമ്പാട് പാറക്കെട്ട് സാറാസില്‍ മുഹമ്മദ് ഫര്‍ഹാന്‍ (21), നിട്ടൂര്‍ മുട്ടങ്ങല്‍ ഹൗസില്‍ ജാക്‌സണ്‍ വിന്‍സണ്‍ (28), വണ്ണത്താന്‍ വീട്ടില്‍ കെ നവീന്‍ (32) എന്നിവരാണു പിടിയിലായത്.

sameeksha-malabarinews

ലഹരി വില്‍പ്പന തടഞ്ഞതിനുള്ള വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. സിപിഐഎം പ്രവര്‍ത്തകനായ ഷമീര്‍, ഖാലിദ് എന്നിവരാണ് കുത്തേറ്റു മരിച്ചത്. ഷമീറിന്റെ മകനും ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകതത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.

തലശേരി സിറ്റി സെന്ററിന് അടുത്ത് വച്ചാണ് സംഭവമുണ്ടായത്. ഷമീറിന്റെ മകനെ ലഹരി മാഫിയ സംഘത്തിലെ ജാക്സണ്‍ എന്നയാള്‍ മര്‍ദിച്ചിരുന്നു.

ഇതില്‍ ബാബു പാറായി ഡിവൈഎഫ്‌ഐയുടെ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയില്‍ കണ്ണിയായ ആളും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുമാണെന്ന വിവരവും പുറത്തുവന്നു. അടുത്ത കാലത്ത് സംഘം നടത്തിയ വാഹന ഇടപാടു സംബന്ധിച്ച തര്‍ക്കവും അന്വേഷിക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ അറിയിച്ചു.

തലശേരി ഇരട്ട കൊലപാതകത്തില്‍ മുഖ്യപ്രതി നെട്ടൂര്‍ സ്വദേശി പാറായി ബാബു നേരത്തേ കസ്റ്റഡിയിലായിരുന്നു. തലശേരി എ സി പി യുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനുമുന്‍പ് തലശേരി സ്വദേശികളായ ജാക്സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!