നടിയെ ആക്രമിച്ച കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന
സർക്കാർ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. സാക്ഷികളെ വിസ്തരിക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. 10 ദിവസത്തിനകം വിസ്തരിക്കണം.
കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കോടതി നിർദേശം നൽകി. അല്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ രണ്ട് പ്രോസിക്യൂട്ടർമാർ രാജി സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നിർദ്ദേശം.
കേസിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കണമെന്നും പ്രതികളുടെ ഫോൺ വിളികളുടെ അസ്സൽ രേഖകൾ വിളിച്ചു വരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജികളിലാണ് വിധി.
മൊബൈൽഫോൺ രേഖകളുടെ അസൽ പകർപ്പ് ഹാജരാക്കാനും കോടതി അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രണ്ടു ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടാണ് കേസിൽ നിർണായകമായ ഉത്തരവ് ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.



