‘കെയര്‍ ഹോം’ പദ്ധതി: മലപ്പുറം ജില്ലയില്‍ കൈമാറിയത് 81 വീടുകള്‍

മലപ്പുറം: പ്രളയദുരന്തത്തില്‍ പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കുന്ന ‘കെയര്‍ ഹോം’ പദ്ധതി പ്രകാരം ജില്ലയില്‍ ഇതു വരെ 81 വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ക്ക് കൈമാറി. ആദ്യ ഘട്ടത്തില്‍ 90 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ബാക്കിയുള്ള ഒമ്പതു വീടുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. നിലമ്പൂര്‍-25, പൊന്നാനി-17, ഏറനാട് -എട്ട്, പെരിന്തല്‍മണ്ണ – ഒമ്പത്, തിരൂര്‍-18, തിരൂരങ്ങാടി -ഒമ്പത്, കൊണ്ടോട്ടി- നാല് എന്നിങ്ങനെയാണ് ഓരോ താലൂക്കിലും നിര്‍മിക്കുന്ന വീടുകളുടെ എണ്ണം.

അഞ്ച് ലക്ഷം രൂപ വീതമാണ് ഓരോ വീടിനും സര്‍ക്കാര്‍ ചെലവഴിച്ചത്. വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥലത്തെ പ്രാഥമിക സംഘങ്ങള്‍ അല്ലെങ്കില്‍ മറ്റ് സഹകരണസംഘങ്ങള്‍ക്കായിരുന്നു നിര്‍മ്മാണ ചുമതല. അഞ്ച് ലക്ഷത്തിലധികം തുക ചെലവായ സ്ഥലങ്ങളില്‍ അധിക തുക അതത് സഹകരണ സംഘങ്ങളാണ് വഹിച്ചത്. അതത് പ്രദേശത്തെ സാഹചര്യം, ഭൂമിയുടെ ഘടന, ഭൂമിയുടെ ലഭ്യത, ഗുണഭോക്താവിന്റെ താല്‍പര്യവും സാമ്പത്തിക സ്ഥിതിയും എന്നിവയ്ക്ക് അനുസരിച്ചാണ് വീടിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയത്. ഇതിനായി എഞ്ചിനീയറിങ് വിദഗ്ദ്ധര്‍, എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സേവനം ലഭ്യമാക്കി. വീട് വെച്ച് നല്‍കുക എന്നതോടൊപ്പം കുടുംബങ്ങളുടെ സാമൂഹ്യ പുനരധിവാസത്തിന് കൈത്താങ്ങായി ഒരു നിശ്ചിത കാലയളവില്‍ പ്രവര്‍ത്തിക്കാനും കെയര്‍ ഹോം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

2018 ഡിസംബര്‍ എട്ടിനാണ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പെരിന്തല്‍മണ്ണയില്‍ വെച്ച് ഉന്നത വിദ്യാഭ്യാസ – ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വ്വഹിച്ചത്. ഫെബ്രുവരി 26 ന് തന്നെ ആദ്യ മൂന്നു വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമസ്ഥര്‍ക്ക് കൈമാറാന്‍ സഹകരണ വകുപ്പിന് കഴിഞ്ഞു.

കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടം ജില്ലയില്‍ ഉടന്‍ ആരംഭിക്കും. വീടും ഭൂമിയും ഇല്ലാത്ത 150 കുടുംബങ്ങള്‍ക്കായി ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കാനാണ് സഹകരണ വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിനായി പൊന്നാനിക്കടുത്ത ഈഴവതുരുത്തി വില്ലേജില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 1.5 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

Related Articles