കനോലി കനാലിന് ശാപമോക്ഷം: ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു

താനൂര്‍: പതിറ്റാണ്ടുകളായി മാലിന്യത്തില്‍ മുങ്ങി കിടന്നിരുന്ന കനോലി കനാലിന് ശാപമോക്ഷം. കനാലിന്റെ ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. കനാലിനെ പഴയ പ്രതാപത്തിലേക്കും പ്രൗഢിയിലേക്കും എത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പൊന്നാനി മുതല്‍ കോഴിക്കോട് വരെയുള്ള ഭാഗത്താണ് ഇപ്പോള്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.

‘ക്ലീന്‍ കനോലി’ പദ്ധതിയുടെ ഭാഗമായി നൂതന സാങ്കേതിക വിദ്യയായ റോബോട്ട് സംവിധാനമുപയോഗിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ അതിരൂക്ഷമായ മാലിന്യ പ്രശ്നമാണ് കനാലില്‍ നിലനില്‍ക്കുന്നതെന്ന് പറഞ്ഞിരുന്നു. വിവിധ രോഗങ്ങള്‍ക്കും കാരണമാകുന്ന വിഷാംശങ്ങളും, പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് നിലനില്‍ക്കുന്നത് എന്നും അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമീപ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മാലിന്യ നിര്‍മാര്‍ജ്ജനം മാത്രമല്ല, ശാശ്വതമായ് കനാല്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പല കാലങ്ങളിലും പലയിടത്തുമായി ഹൃസ്വമായ വികസനം മാത്രമാണ് നടന്നിട്ടുള്ളതെന്നും പൂര്‍ണ്ണമായ നവീകരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വി അബ്ദുറഹ്മാന്‍ എംഎല്‍എ പറഞ്ഞു.

Related Articles