malabarinews

Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; മള്‍ട്ടി ഡിസിപ്ലിനറി മ്യൂസിയം: പദ്ധതി റിപ്പോര്‍ട്ട് കൈമാറി വിഭാവനം ചെയ്യുന്നത് പഠന-ഗവേഷണ-പ്രദര്‍ശന കേന്ദ്രം

HIGHLIGHTS : Calicut University News; Multi Disciplinary Museum

sameeksha-malabarinews
കാലിക്കറ്റിലെ മള്‍ട്ടി ഡിസിപ്ലിനറി മ്യൂസിയം: പദ്ധതി റിപ്പോര്‍ട്ട് കൈമാറി വിഭാവനം ചെയ്യുന്നത് പഠന-ഗവേഷണ-പ്രദര്‍ശന കേന്ദ്രം

കാലിക്കറ്റ് സര്‍വകലാശാലയിലെ മള്‍ട്ടി ഡിസിപ്ലിനറി മ്യൂസിയത്തിനായി കേരളമ്യൂസിയം തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സര്‍വകലാശാലക്ക് കൈമാറി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല അഞ്ച് വിഷയങ്ങളിലായി ഒരു മ്യൂസിയം സമുച്ചയം ഒരുക്കുന്നത്. ജൈവ വൈവിധ്യം, ചരിത്രം, ഭാഷ, സാഹിത്യം, നാടോടി വിജ്ഞാനീയം എന്നീ വിഷയങ്ങളിലാകും മ്യൂസിയം സജ്ജമാക്കുക.

പഠനം, ഗവേഷണം എന്നിവക്ക് പുറമെ മലബാര്‍ മേഖലയുടെ സാമൂഹ്യ-സാംസ്‌കാരിക-ജൈവ വൈവിധ്യം ചരിത്രം എന്നിവയെക്കുറിച്ചെല്ലാം പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആഴത്തിലറിയാനും ഇതുപകരിക്കും. മ്യൂസിയോളജി കോഴ്‌സ് തുടങ്ങുന്നതും പരിഗണിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ജൈവ വൈവിധ്യ മ്യൂസിയത്തില്‍ ജന്തു, സസ്യ ജാലങ്ങളുടേത് പ്രത്യേകമായി ഉള്‍പ്പെടുത്തും. ചരിത്രവിഭാഗത്തില്‍ മലബാറിന്റെ പ്രാദേശിക ചരിത്രത്തിനാകും പ്രാധാന്യം. സാഹിത്യത്തില്‍ ബഷീര്‍ ചെയറിനും നിലവിലുള്ള ബഷീര്‍ മ്യൂസിയത്തിനും മുന്‍ഗണന നല്‍കും. വൈക്കം മുഹമ്മദ് ബഷീറിന്റെ കൈയെഴുത്ത് പ്രതികളും അപൂര്‍വ ചിത്രങ്ങളും സ്വകാര്യ വസ്തുക്കളുമെല്ലാം ഇവിടെ നേരത്തേ സംരക്ഷിക്കപ്പെടുന്നുണ്ട്.

മ്യൂസിയം സമുച്ചയം തയ്യാറാകുന്നതോടെ സര്‍വകലാശാലാ പഠനവകുപ്പുകള്‍ പലപ്പോഴായി ശേഖരിച്ച പുരാരേഖകളും വസ്തുക്കളുമെല്ലാം ഇവിടേക്ക് മാറ്റാനും ശാസ്ത്രീയമായി സംരക്ഷിക്കാനും കഴിയും. ആധുനിക രീതിയിലുള്ള വെളിച്ച സംവിധാനങ്ങളും ഇന്ററാക്ടീവ് ഡിസ്‌പ്ലേയുമെല്ലാം അടങ്ങുന്ന പദ്ധതിക്ക് 12 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സിന്‍ഡിക്കേറ്റിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ നിര്‍മാണ നടപടികളിലേക്ക് കടക്കാനാകും. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കാനാകും. കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍ പിള്ള പദ്ധതി റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന് കൈമാറി. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡോ. കെ. മുഹമ്മദ് ഹനീഫ, ഡോ. സി.ഡി. സെബാസ്റ്റിയന്‍, സര്‍വകലാശാലാ അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.എല്‍. രഞ്ജിത്ത്, മ്യൂസിയം പ്രൊജക്ട് എന്‍ജിനീയര്‍ എം. മോഹനന്‍, കണ്‍സള്‍ട്ടന്റ് യോഗേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

അദീബി ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 2 വരെ നേരിട്ട് അപേക്ഷിക്കാം.

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 2-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ജനറല്‍ വിഭാഗത്തിന് 830 രൂപയും എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് 280 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ പ്രിന്റ്ഔട്ട് സര്‍വകലാശാലയിലേക്കോ പഠനവിഭാഗങ്ങളിലേക്കോ അയക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്ക് പ്രവേശന വിഭാഗം വെബ്സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍ – 0494 2407016, 2407017.

സ്റ്റാഫ് നഴ്സ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ സ്റ്റാഫ് നഴ്സ് തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ 28-നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. മലയാളം, എം.എ. മലയാളം വിത് ജേണലിസം ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

പരീക്ഷ

പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2022 പരീക്ഷക്ക് പിഴ കൂടാതെ ജൂണ്‍ 3 വരെയും 170 രൂപ പിഴയോടെ 6 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News