Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ‘ സിഡ 2024 ‘ ദേശീയ സമ്മേളനം

HIGHLIGHTS : ‘ സിഡ 2024 ‘ ദേശീയ സമ്മേളനം നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും സഹകരണവും വഴി ഗവേഷണത്തില്‍ പുതിയ തലങ്ങള്‍ സൃഷ്ടിക്കണമെന്ന് കാലിക്കറ്റ് സര്‍...

‘ സിഡ 2024 ‘ ദേശീയ സമ്മേളനം

നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും സഹകരണവും വഴി ഗവേഷണത്തില്‍ പുതിയ തലങ്ങള്‍ സൃഷ്ടിക്കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗം സംഘടിപ്പിക്കുന്ന ‘കമ്പ്യൂട്ടേഷണല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റാ അനലിറ്റിക്സ്’ (സിഡ 2024) ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ മറ്റുള്ളവരുമായി സഹകരിച്ചുണ്ടാക്കുന്ന നേട്ടങ്ങളാണ് സമൂഹത്തിന് കൂടുതല്‍ ഗുണം ചെയ്യുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിര്‍മിത ബുദ്ധി പ്രത്യേക വിഷയമാക്കി തയ്യാറാക്കിയ സര്‍വകലാശാലാ ഗവേഷണ ജേണല്‍ (സി.യു.ആര്‍.ജെ.) പതിപ്പ് ചടങ്ങില്‍ വി.സി. പ്രകാശനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഇന്‍ഡോര്‍ ഐ.ഐ.ടിയിലെ ഡോ. പുനീത് ഗുപ്ത, സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നന്‍, കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. വി.എല്‍. ലജിഷ്, ഡോ. പ്രീതി കുറ്റിപ്പുലാക്കല്‍, ഡോ. എസ്.ഡി. കൃഷ്ണറാണി, ഡോ. സജിത, കെ.എ. മഞ്ജുള എന്നിവര്‍ സംസാരിച്ചു. ഡോ. ജെ.സി. അനില്‍രാജ്, ഡോ. പി.ബി. ജയരാജ് എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രഭാഷണം നടത്തി. വ്യാഴാഴ്ചയാണ് സമാപനം.

sameeksha-malabarinews

പെന്‍ഷന്‍കാര്‍ ആദായ നികുതി വിവരങ്ങള്‍ നല്‍കണം

കാലിക്കറ്റ് സര്‍വകലാശാലയിലെ ആദായ നികുതി നല്‍കുവാന്‍ ബാധ്യസ്ഥരായ പെന്‍ഷന്‍കാര്‍ അവരുടെ 2024 – 2025 സാമ്പത്തിക വര്‍ഷത്തിലെ പ്രതിമാസ പെന്‍ഷനില്‍ നിന്നും മുന്‍കൂറായി ഈടാക്കേണ്ട ആദായ നികുതി വിഹിതം സംബന്ധിച്ച വിശദാംശങ്ങള്‍ നിശ്ചിത ഫോറത്തില്‍ 20-ന് മുമ്പായി സര്‍വകലാശാലാ ധനകാര്യ വിഭാഗത്തില്‍ അറിയിക്കേണ്ടതാണ്. പെന്‍ഷന്‍ / ശമ്പള വരുമാനത്തിന് പുറമെ മറ്റ് വരുമാനങ്ങള്‍കൂടി ഡിക്ലയര്‍ ചെയ്ത് ആയതിനു കൂടിയുള്ള ആദായ നികുതി ഈടാക്കണമെങ്കില്‍ ആയത് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഫോറത്തില്‍ കാണിക്കേണ്ടതും നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതുമാണ്. പ്രതിമാസ ആദായ നികുതി വിഹിതം ഈടാക്കേണ്ട വിവരം നല്‍കുന്നതിനുള്ള ഫോറം സര്‍വകലാശാലാ വെബ്‌സൈറ്റിലെ പെന്‍ഷനേഴ്സ് സ്‌പോട്ടില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ആറാം സെമസ്റ്റര്‍ ബിരുദ ക്ലാസുകള്‍ 27 വരെ തുടരും

2023 – 24 അക്കാദമിക് കലണ്ടര്‍ പ്രകാരം 13-ന് അവസാനിക്കേണ്ടിയിരുന്ന ആറാം സെമസ്റ്റര്‍ ബിരുദ ക്ലാസുകള്‍ 27 വരെ തുടരും. പ്രസ്തുത തീയതി വരെ അതിഥി അധ്യാപകര്‍ക്ക് തുടരാന്‍ വൈസ് ചാന്‍സിലര്‍ അനുമതി നല്‍കിയതായി ഡെപ്യൂട്ടി രജിസ്ട്രാര്‍ അറിയിച്ചു.

പരീക്ഷാ അപേക്ഷാ

എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ ബി.എ. / ബി.എസ് സി. / ബി.കോം. / ബി.ബി.എ. / ബി.എ. അഫ്‌സല്‍-ഉല്‍-ഉലമ (CUCBCSS-UG 2018 പ്രവേശനം മാത്രം) ഏപ്രില്‍ 2024 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ രണ്ട് വരെയും 180/- രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് 15 മുതല്‍ ലഭ്യമാകും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്സ്) നവംബര്‍ 2022 (2019 മുതല്‍ 2021 വരെ പ്രവേശനം) റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2023 (2015 മുതല്‍ 2018 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി / എം.എ. മലയാളം നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!