ജാതിവ്യവസ്ഥ സങ്കീര്‍ണമാക്കിയത് ഉദാരവത്കരണം സുനില്‍ പി. ഇളയിടം
ഇന്ത്യയിലെ ജാതിവ്യവസ്ഥ സങ്കീര്‍ണമാക്കി മാറ്റിയതിലെ പ്രധാനഘടകം നവ ഉദാരവത്കരണമാണെന്ന് സുനില്‍ പി. ഇളയിടം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ മഹാത്മാ അയ്യങ്കാളി ചെയര്‍ സംഘടിപ്പിച്ച ‘സമകാലീന ഇന്ത്യയിലെ നവലിബറല്‍ നയങ്ങളും ജാതി ചോദ്യങ്ങളും’ ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വര്‍ത്തമാനാകാല വികസന സൂചികയില്‍ ദാരിദ്ര്യം വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും സാമ്പത്തിക അസമത്വം ഒരു വിരോധാഭാസമായി തുടരുന്നുണ്ട്. ഇന്ത്യയില്‍ അരികുവത്കരിക്കപ്പെട്ട വിഭാഗം കൂടുതല്‍ ചൂഷണത്തിന് വിധേയമാകുകയും ഫാസിസ്റ്റ് ശക്തികള്‍ അവരെത്തന്നെ ആയുധമായി ഉപയോഗിച്ച് വംശീയ വേര്‍തിരിവിന് ശ്രമിക്കുകയും ചെയ്യുന്നു. വികസനം സംഖ്യകളില്‍ കണക്കാക്കുമ്പോള്‍ തന്നെ പട്ടിണി സൂചികയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം നൂറിന് മുകളിലാണെന്നത് പലപ്പോഴും മറച്ചുവെയ്ക്കപ്പെടുന്നതായും സുനില്‍ പി ഇളയിടം പറഞ്ഞു. സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ചരിത്രപഠനവിഭാഗം മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ധീന്‍, സെനറ്റംഗം ഡോ. ബി.എസ്. ഹരികുമാരന്‍ തമ്പി, ഡോ. പി. ശിവദാസന്‍, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫ. നാഗരാജ ഗുണ്ടമേട, ചെയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സതീഷ് പാലങ്കി തുടങ്ങിയവര്‍ സംസാരിച്ചു.
ഐ.ടി.എസ്.ആറില്‍ അന്താരാഷ്ട്ര തദ്ദേശജനതാ ദിനാഘോഷം
തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയുടെ വയനാട് ചെതലയത്തുള്ള ഗോത്രവര്‍ഗ പഠനഗവേഷണ കേന്ദ്രത്തില്‍ ‘ഓഞ്ചപ്പ മണ്‍പോട്’ എന്ന പേരില്‍ വിവിധ പരിപാടികള്‍ നടത്തി. പി.കെ. കാളന്‍, മയിലമ്മ എന്നിവരുടെ സ്മരണാര്‍ഥം പ്രഭാഷണ പരമ്പരകള്‍, തദ്ദേശീയ യുവജന സംവാദം, വായനാ സെഷനുകള്‍, ടോക്കിംഗ് സര്‍ക്കിളുകള്‍, കമ്യൂണിറ്റി സന്ദര്‍ശനങ്ങള്‍, ആദിവാസി വിദ്യാര്‍ത്ഥികളുമായുള്ള ആശയവിനിമയം, ഡോക്യുമെന്ററികളുടെ പ്രദര്‍ശനം, ബാഡുഗ നൃത്തം, വട്ടക്കളി, ട്രൈബല്‍ ഫ്യൂഷന്‍ ഡാന്‍സ് തുടങ്ങിയ സാംസ്‌കാരിക പരിപാടികളും വിവിധ മത്സരങ്ങളും നടന്നു. ഡോ. കെ.എസ്. മാധവന്‍, സുകുമാരന്‍ ചലിഗദ, ഡോ. അസീസ് തരുവണ, ഡോ. കെ.എ. മഞ്ജുഷ, എന്‍.വി. പ്രകൃതി, സി. മണികണ്ഠന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു. ഐടിഎസ്ആര്‍ വിദ്യാര്‍ഥികളുടെ കൈയെഴുത്തു മാസികയായ ‘എങ്കള ഇടം’ സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് പ്രകാശനം ചെയ്തു. ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ പ്രമോദ്, ഐ.ടി.എസ്.ആര്‍. ഡയറക്ടര്‍ സി. ഹരികുമാര്‍, അസി. ഡയറക്ടര്‍ പി.വി. വത്സരാജ് എന്നിവര്‍ സംസാരിച്ചു.
അവാര്‍ഡ് ദാനവും അനുസ്മരണ സമ്മേളനവും
കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗവും കണ്ണൂര്‍ ഡോ. ടി.പി. സുകുമാരന്‍ സ്മാരക സമിതിയും ചേര്‍ന്ന് ഡോ. ടി.പി. സുകുമാരന്‍ അവാര്‍ഡ് ദാനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കുന്നു. 23-ന് ഇ.എം.എസ് സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.
എം.സി.എ. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ.ക്ക് ജനറല്‍ സംവരണ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 19-ന് രാവിലെ 11 മണിക്ക് സി.സി.എസ്.ഐ.ടി. ഓഫീസില്‍ നേരിട്ട് ഹാജരാകണം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കുന്നതാണ്. ഫോണ്‍ 9745644425, 9946623509, 9846622908.
ബി.സി.എ. സീറ്റൊഴിവ്
വടകര സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ. കോഴ്‌സിന് എസ്.സി., എസ്.ടി. വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 18-ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക്. നഴ്‌സറി ആന്റ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ് നവംബര്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 17-ന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബര്‍ 2021, 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 19, 21 തീയതികളില്‍ നടക്കും.
പരീക്ഷാ അപേക്ഷ
അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) അഞ്ചാം സെമസ്റ്റര്‍ ഒക്‌ടോബര്‍ 2022, നാലാം സെമസ്റ്റര്‍ മാര്‍ച്ച് 2023 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 1 വരെയും 180 രൂപ പിഴയോടെ 4 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെയും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും പുര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.




