malabarinews

Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കോവിഡാനന്തര അണുബാധയെക്കുറിച്ച് ഗവേഷണത്തിനായി ഡോ. അനീഷിന് ഫെലോഷിപ്പ്

HIGHLIGHTS : Calicut University News

sameeksha-malabarinews
കോവിഡാനന്തര അണുബാധയെക്കുറിച്ച് ഗവേഷണത്തിനായി ഡോ. അനീഷിന് ഫെലോഷിപ്പ്

കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പിലെ അസി. പ്രൊഫസര്‍ ഡോ. ഇ.എം. അനീഷിന് എസ്.ഇ.ആര്‍.ബി.-എസ്.ഐ.ആര്‍.ഇ. ഫെലോഷിപ്പ്. കേന്ദ്രസര്‍ക്കാറിന്റെ സയന്‍സ് എന്‍ജിനീയറിങ് റിസര്‍ച്ച് ബോര്‍ഡിന്റെ (ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഡി.എസ്.ടി.) ഇന്റര്‍നാഷ്ണല്‍ റിസര്‍ച്ച് എക്‌സ്പീരിയന്‍സ് ഫെലോഷിപ്പാണ് കരസ്ഥമാക്കിയത്. ലണ്ടനിലെ ഇംപീരിയല്‍ മെഡിസിന്‍ ഫാക്കല്‍റ്റിയിലെ പകര്‍ച്ചവ്യാധി വിഭാഗത്തില്‍ ഗവേഷണത്തിന് ഡോ. അനീഷിന് അവസരം ലഭിക്കും. പ്രൊഫ. മാത്യു സി ഫിഷറിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം കോവിഡാനന്തര ഫംഗസ് അണുബാധയെക്കുറിച്ച് ആറു മാസത്തെ പഠനത്തിനാണ് ഫെലോഷിപ്പ്. കേരളത്തില്‍ നിന്ന് ഇദ്ദേഹത്തിന് മാത്രമേ അവസരം ലഭിച്ചിട്ടുള്ളൂ. ആഗസ്ത് ഒന്നു മുതല്‍ ജനുവരി 30 വരെയാണ് ഗവേഷണകാലമെന്ന് ഡോ. അനീഷ് പറഞ്ഞു. യു.ജി.സി. റിസര്‍ച്ച് അവാര്‍ഡ്, യങ് സയിന്റിസ്റ്റ് അവാര്‍ഡ് എന്നിവയും നേടിയിട്ടുള്ള അനീഷ് വയനാട് മാനന്തവാടി സ്വദേശിയാണ്. വയനാട്ടിലെ കുരങ്ങുപനിയെക്കുറിച്ച് കേന്ദ്ര ബയോടെക്‌നോളജി വകുപ്പ്, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സയന്‍സ് ടെക്‌നോളജി എന്നിവയുടെ സഹായത്തോടെ നടക്കുന്ന രണ്ട് പ്രധാന ഗവേഷണ പദ്ധതികളിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ കൂടിയാണ് ഡോ. അനീഷ്.

 

സര്‍വകലാശാലയുടെ കുടിവെള്ള പൈപ്പ് ലൈന്‍
മാറ്റി സ്ഥാപിക്കല്‍ വേഗത്തിലാക്കും

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയുടെ കുടിവെള്ള പദ്ധതി പൈപ്പ് ലൈന്‍ മാറ്റുന്ന പ്രവൃത്തി ഉടന്‍ തുടങ്ങണമെന്നഭ്യര്‍ഥിച്ച് ദേശീയപാതാ അതോറിറ്റിക്ക് സര്‍വകലാശാല കത്ത് നല്‍കും. പാറക്കടവ് മുതല്‍ കാമ്പസ് വരെ പുതിയ പൈപ്പിടല്‍ ജോലികളാണ് പൂര്‍ത്തീകരിക്കാനുള്ളത്. ബുധനാഴ്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൈപ്പ് മാറ്റിയിടുന്നതിനായി 8.06 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന മുറക്ക് ദേശീയപാതാ വിഭാഗത്തിന് കൈമാറും. കടലുണ്ടിപ്പുഴയിലെ പാറക്കടവില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ദേശീയപാതയോരത്ത് പടിക്കലിന് സമീപമുള്ള ബൂസ്റ്റര്‍ പമ്പ് ഹൗസിലേക്കും തുടര്‍ന്ന് ശുദ്ധീകരണത്തിനായി കാമ്പസിലെ സംഭരണിയിലേക്കുമാണ് എത്തിക്കുന്നത്. പാത വികസനത്തിന്റെ ഭാഗമായി ബൂസ്റ്റര്‍ പമ്പ് ഹൗസും നിലവില്‍ റോഡിനടിയിലുള്ള പൈപ്പുകളുമെല്ലാം നഷ്ടമാകും. 10 കിലോമീറ്ററോളം ദൂരത്തിലാണ് പുതിയ പൈപ്പുകള്‍ സ്ഥാപിക്കേണ്ടി വരിക. 100 എച്ച്.പിയുടെ മോട്ടോര്‍ സ്ഥാപിച്ച് നേരിട്ട് വെള്ളം ശുദ്ധീകരണശാലയിലെത്തിക്കുന്ന തരത്തിലാകും സജ്ജമാക്കുക. ഇതുള്‍പ്പെടെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. യോഗത്തില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഫിനാന്‍സ് ഓഫീസര്‍ ജുഗല്‍ കിഷോര്‍, യൂണിവേഴ്‌സിറ്റി എന്‍ജിനീയര്‍ ജയന്‍ പാടശ്ശേരി, ദേശീയപാതാ പ്രൊജക്ട് ഡയറക്ടര്‍ ജെ. ബാലചന്ദര്‍, ജല അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.കെ. റഷീദലി തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രോഗ്രാമര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററില്‍ പ്രോഗ്രാമര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത, പ്രായപരിധി, വേതനം തുടങ്ങി വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ലൈറ്റിംഗ് ടെക്നിഷ്യന്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍ ജോണ്‍ മത്തായി സെന്ററിലെ സ്‌കൂള്‍ ഓഫ് ഡ്രാമാ ആന്റ് ഫൈന്‍ ആര്‍ട്സില്‍ ലൈറ്റിംഗ് ടെക്നീഷ്യന്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 31-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത, പ്രായപരിധി, വേതനം തുടങ്ങി വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

മ്യൂസിക് കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍ ജോണ്‍ മത്തായി സെന്ററിലെ സ്‌കൂള്‍ ഓഫ് ഡ്രാമാ ആന്റ് ഫൈന്‍ ആര്‍ട്സില്‍ മ്യൂസിക് കോഴ്സുകളുടെ കോ-ഓര്‍ഡിനേറ്ററായി കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 25-നകം വിശദമായ ബയോഡാറ്റ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

സര്‍ട്ടിഫിക്കറ്റ് സൂക്ഷ്മപരിശോധന

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളില്‍ 2021-ല്‍ പ്രവേശനം നേടിയ പി.ജി. വിദ്യാര്‍ത്ഥികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ 21-ന് മുമ്പായി അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം 30-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷാ ഹാള്‍ടിക്കറ്റുകള്‍ തടഞ്ഞു വെക്കുന്നതാണ്.

അദ്ധ്യാപകര്‍ക്കായി സ്പെഷ്യല്‍ സമ്മര്‍ സ്‌കൂള്‍

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍ കോളേജ് , യൂണിവേഴ്സിറ്റി അദ്ധ്യാപകര്‍ക്കായി സ്പെഷ്യല്‍ സമ്മര്‍ സ്‌കൂള്‍ (റിഫ്രഷര്‍ കോഴ്സ്) സംഘടിപ്പിക്കുന്നു. എഡ്യുക്കേഷനല്‍ സൈക്കോളജിയില്‍ ജൂണ്‍ 8 മുതല്‍ 21 വരെ നടക്കുന്ന കോഴ്സിലേക്ക് മെയ് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ – 0494 2407351,

മാര്‍ക്ക് ലിസ്റ്റ് വിതരണം

അദീബി ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് 20 മുതല്‍ വിതരണം ചെയ്യും.

പരീക്ഷ റദ്ദാക്കി

2021 ഡിസംബര്‍ 17-ന് നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ‘മാത്തമറ്റിക്കല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി’ പേപ്പര്‍ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 27-ന് നടക്കും.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്സയന്‍സ് ആന്റ് ടെക്നോളജി ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷ 30-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ എം.ബി.എ., എം.ബി.എ.-ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്, എം.ബി.എ.- ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 24-ന് സര്‍വകലാശാലാ കാമ്പസില്‍ തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 30-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. റഗുലര്‍, ഈവനിംഗ് ജനുവരി 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News