Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; 54-ാം വാര്‍ഷിക നിറവില്‍ കാലിക്കറ്റ് സര്‍വകലാശാല

HIGHLIGHTS : Calicut University News; Calicut University on its 54th Anniversary

54-ാം വാര്‍ഷിക നിറവില്‍ കാലിക്കറ്റ് സര്‍വകലാശാല

കാലിക്കറ്റ് സര്‍വകലാശാലക്ക് 54 വയസ്സായിരിക്കുന്നു. ഇ.എം.എസ്. മുഖ്യമന്ത്രിയും സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയുമായിരിക്കെ 1968 ജൂലായ് 23-നാണ് സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍വകലാശാലയായ കാലിക്കറ്റ് നിലവില്‍ വന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും മലബാര്‍ മേഖലയുടെ പുരോഗതിയായിരുന്നു ഇതിന്റെ ലക്ഷ്യം. കോളേജുകളുടെയും വിദ്യാര്‍ഥികളുടെയും എണ്ണവും പഠനവകുപ്പുകളുടെ വൈവിധ്യവും അക്കാദമികവും അല്ലാത്തതുമായ അരനൂറ്റാണ്ട് കാലത്തെ നേട്ടങ്ങളും പരിശോധിച്ചാല്‍ ആ ലക്ഷ്യം തെറ്റിയിട്ടില്ലെന്ന് ബോധ്യമാകും. നാല് പഠനവകുപ്പുകളും അമ്പതില്‍ താഴെ കോളേജുകളുമായിട്ടായിരുന്നു തുടക്കം. ഇന്നത് 35 പഠനവകുപ്പുകളും 406 അഫിലിയേറ്റഡ് കോളേജുകളുമായിരിക്കുന്നു. വിദൂരവിഭാഗത്തിലെ വിദ്യാര്‍ഥികളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ രണ്ടുലക്ഷത്തോളം പേര്‍ക്ക് സേവനം നല്‍കുന്ന വിശ്വവിദ്യാലയമാണ് കാലിക്കറ്റ്.

sameeksha-malabarinews

യു.ജി.സിയുടെ ‘നാക്’ അംഗീകാര പരിശോധനയ്ക്കായി ഒരുങ്ങിയിരിക്കുന്ന സര്‍വകലാശാലക്ക് ഈ പിറന്നാള്‍ നിര്‍ണായകമാണ്. കോവിഡ് സൃഷ്ടിച്ച അവധികളും അതുമൂലം കെട്ടിക്കിടന്ന ജോലികളും പരീക്ഷകളും സമയബന്ധിതമായി തീര്‍പ്പാക്കാന്‍ സര്‍വകലാശാലാ സമൂഹം ഏറെ നാളായി പ്രയത്‌നിക്കുന്നു. മുന്‍ പരിശോധനാ സമയത്ത്  ‘നാക് ‘ സമിതി നിര്‍ദേശിച്ച പോരായ്മകള്‍ മിക്കവാറും പരിഹരിച്ചു കഴിഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അക്കാദമിക്-ഗവേഷണ രംഗത്ത് ഒരു കുതിച്ചു ചാട്ടം പ്രതീക്ഷിച്ചിരിക്കുകയാണ് കാലിക്കറ്റ് സര്‍വകലാശാല. കാലാനുസൃതമായ കോഴ്സുകള്‍, സാമൂഹ്യ ഉത്തരവാദിത്വം ഉറപ്പാക്കുന്ന വിപുലമായ ഗവേഷണ പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയെല്ലാം ഘട്ടം ഘട്ടമായി യാഥാര്‍ഥ്യമാകാന്‍ ഒരുങ്ങുകയാണ്. കാലം ആവശ്യപ്പെടുന്ന ജ്ഞാനവും മികച്ച സേവനങ്ങളും യഥാസമയം നല്‍കി വിദ്യാര്‍ഥികളെ തൃപ്തിപ്പെടുത്താന്‍ നാം ബാധ്യസ്ഥരാണ്. അതിനു വേണ്ടിയുള്ള മാറ്റത്തിന്റെ പാതയിലാണ് കാലിക്കറ്റ് സര്‍വകലാശാല.

യു.ജി.സിയുടെ  ‘നാക്’ അംഗീകാര പരിശോധന കാത്തുനില്‍ക്കുന്ന കാലിക്കറ്റ് മികച്ച റാങ്കിങ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പത്ത് വര്‍ഷത്തിലേറെയായി ഒഴിഞ്ഞു കിടന്നിരുന്ന അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്താനായി എന്നത് സുവര്‍ണ ജൂബിലി പിന്നിട്ട കാലിക്കറ്റിന്റെ വലിയ നേട്ടമായി ഞാന്‍ കരുതുന്നു. 8 പ്രൊഫസര്‍മാര്‍, 14 അസോ. പ്രൊഫസര്‍മാര്‍, 52 അസി. പ്രൊഫസര്‍മാര്‍ എന്നിവരാണ് പുതുതായി സര്‍വീസില്‍ പ്രവേശിച്ചത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണാവസരം നല്‍കുന്നതാണ് ഈ നടപടി.

ഉന്നതഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 10 പേര്‍ക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് നല്‍കാനും പഠനവകുപ്പുകളില്‍ ഗവേഷണാവസരം ഒരുക്കാനും അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു.

ഈ സീസണിലെ അന്തര്‍സര്‍വകലാശാലാ കായിക മത്സരങ്ങളില്‍ ഫുട്‌ബോള്‍, വോളിബോള്‍, ഹാന്‍ഡ്‌ബോള്‍ എന്നിവയില്‍ ഉള്‍പ്പെടെ ഒമ്പത് അഖിലേന്ത്യാ കിരീടങ്ങള്‍ കാലിക്കറ്റിന് നേടാനായി എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.

ദേശീയ-സംസ്ഥാന എന്‍.എസ്.എസ്. പുരസ്‌കാരങ്ങളും കലാം ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പ് ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച ബഹുമതികളും നേട്ടത്തിന് മാറ്റ് കൂട്ടുന്നു.

തൊഴില്‍ പരിശീലനവും സ്വയംസംരഭക സാധ്യതകളും പ്രയോജനപ്പെടുത്താന്‍ ലൈഫ് ലോങ് ലേണിങ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന ക്ലാസുകളും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കായിക പ്രതിഭ പ്രോത്സാഹിപ്പിക്കാന്‍ കായിക വകുപ്പ് നടത്തുന്ന സമ്മര്‍ കോച്ചിങ് ക്യാമ്പും മുടങ്ങാതെ തുടരുന്നുണ്ട്. കേരള സ്റ്റാര്‍ട്ട് അപ് മിഷനുമായി സഹകരിച്ച് സംരംഭകത്വ പ്രോത്സാഹനത്തിനായി ‘ഫാബ്‌ലാബ്’ തുടങ്ങാനിരിക്കുകയാണ്.

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ-സര്‍ട്ടിഫിക്കറ്റ് സംബന്ധമായ സംശയങ്ങളുടെ നിവാരണത്തിനായി ഡിജിറ്റല്‍ സ്റ്റുഡന്റ് സര്‍വീസ് സെന്ററായ ‘സുവേഗ’ പ്രവര്‍ത്തനം 12 മണിക്കൂറായി ദീര്‍ഘിപ്പിച്ചു.

കോവിഡ് കാലത്ത് താളം തെറ്റിയ പരീക്ഷകള്‍ സമയബന്ധിതമാക്കാന്‍ സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍വകലാശാലയുടെ പരീക്ഷാഭവനും ജീവനക്കാരും അധ്യാപകരും പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്.

ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാനും അധ്യാപകര്‍ക്ക് മൂല്യനിര്‍ണയം നടത്താനും പുനര്‍മൂല്യനിര്‍ണയത്തിനായി എളുപ്പം കണ്ടെടുക്കാനുമൊക്കെ സംവിധാനങ്ങളുള്ള അക്കാദമിക് ഇവാല്വേഷന്‍ സുവര്‍ണ ജൂബിലി ബ്ലോക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. 6.6 കോടി രൂപയാണ് കെട്ടിടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അധ്യയനവര്‍ഷം നാല് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകള്‍ സര്‍വകലാശാലാ കാമ്പസില്‍ തുടങ്ങാനായി. പ്ലസ്ടു യോഗ്യതയുള്ള മിടുക്കരെ ഉന്നത ഗവേഷണത്തിന് പ്രാപ്തരാക്കുന്ന തരത്തിലാണ് ഈ കോഴ്സുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. 2022-23 അധ്യയന വര്‍ഷത്തില്‍ എം.എസ് സി. ഫിസികസ് (നാനോസയന്‍സ്), എം.എസ് സി. കെമിസ്ട്രി (നാനോ സയന്‍സ്) എന്നിങ്ങനെ രണ്ട് പി.ജി. കോഴ്സുകള്‍ തുടങ്ങാനിരിക്കുകയാണ്. വ്യവസായ ലോകം ആവശ്യപ്പെടുന്ന തരത്തില്‍ പുതുതലമുറ കോഴ്സുകള്‍ രൂപകല്പന ചെയ്തുകൊണ്ട് എല്ലാവര്‍ക്കും ജോലി ലഭിക്കുന്നതോ സ്വയംസംരഭകരാകുന്നതോ ആയ തരത്തിലേക്ക് മാറ്റേണ്ടതുണ്ട്. ഇതിനായി കാമ്പസില്‍ കൂടുതല്‍ പഠനവകുപ്പുകളും നൂതന കോഴ്സുകളും തുടങ്ങണം. പഠനത്തിനും അക്കാദമിക് ചര്‍ച്ചകള്‍ക്കും നൂതന സര്‍ഗാത്മക ചിന്തകള്‍ക്കുമായി 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന ഒരു വിദ്യാര്‍ഥി സൗഹൃദ കാമ്പസാണ് ഭാവനയിലുള്ളത്. ഇതെല്ലാം മുന്നില്‍ക്കണ്ട് 150 കോടി രൂപയുടെ അക്കാദമിക്-അടിസ്ഥാന സൗകര്യവികസന മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ ഹോസ്റ്റലുകള്‍, മള്‍ട്ടി ഡിസിപ്ലിനറി മ്യൂസിയം, കാമ്പസിന് ചുറ്റുമതില്‍, പുതിയ പ്രവേശന കവാടം, കുടിവെള്ള പദ്ധതി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഡിജിറ്റല്‍-ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് പരമാവധി സേവനം നല്‍കുകയാണ് സര്‍വകലാശാലയുടെ ലക്ഷ്യം. സിന്‍ഡിക്കേറ്റിന്റെയും സര്‍വകലാശാലയുടെ മറ്റ് സമിതികളുടെയും ഉപദേശനിര്‍ദേശങ്ങള്‍ ഇതിനായി ലഭിക്കുന്നുണ്ട്. ഒപ്പം അധ്യാപകരുടെയും ജീവനക്കാരുടെയും മാത്രമല്ല മുഴുവന്‍ വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സര്‍വകലാശാലയെ സ്‌നേഹിക്കുന്നവരുടെയും പൂര്‍ണ സഹകരണം ഈ 54-ാം വാര്‍ഷികത്തില്‍ സര്‍വകലാശാലക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നു. പ്രൊഫ. (ഡോ.) എം.കെ. ജയരാജ്, വൈസ് ചാന്‍സലര്‍, കാലിക്കറ്റ് സര്‍വകലാശാല

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല 2022 വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിച്ച എന്‍ട്രന്‍സ് ടെസ്റ്റ് എക്‌സംപ്റ്റഡ് വിഭാഗത്തില്‍പ്പെട്ടവര്‍ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി ആവശ്യമായ വിവരങ്ങള്‍ നല്‍കണം. 27-ന് വൈകീട്ട് 5 മണിക്ക് മുമ്പായി https://phd.uoc.ac.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം.

എം.എസ് സി. ഫിസിക്‌സ് (നാനോ സയന്‍സ്) പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ നാനോസയന്‍സ് പഠനവകുപ്പില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി. ഫിസിക്‌സ് (നാനോസയന്‍സ്) റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് ഒഴിവുള്ള സംവരണ സീറ്റിലേക്ക് പ്രവേശനം നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ 25-ന് രാവിലെ 10.30-ന് രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം.

പരീക്ഷാ അപേക്ഷ

ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം) ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ ആഗസ്ത് 1 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 2 വരെയും 170 രൂപ പിഴയോടെ ആഗസ്ത് 4 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ആഗസ്ത് 2 വരെയും 170 രൂപ പിഴയോടെ 4 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!