Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് സെലക്ഷന്‍: പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധ വാര്‍ത്തകള്‍

HIGHLIGHTS : Calicut University News; Boxing Championship Selection: Spreading Fake News

ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് സെലക്ഷന്‍: പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധ വാര്‍ത്തകള്‍

അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള സെലക്ഷനുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാലക്കെതിരെ നടക്കുന്നത് വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളാണെന്ന് സര്‍വകലാശാലാ കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍. അന്തര്‍കലാലയ മത്സരത്തില്‍ സ്വര്‍ണം നേടുന്നവരെയെല്ലാം അഖിലേന്ത്യാ മത്സരത്തിന് കൊണ്ടുപോകാറില്ല.
തുടര്‍ന്നുള്ള സെലക്ഷന്‍ ക്യാമ്പ്, ട്രയല്‍സ് എന്നിവയിലെ പ്രകടനം കൂടി കണക്കിലെടുത്താണ് സര്‍വകലാശാലാ ടീമിനെ തിരഞ്ഞെടുക്കുക.
67 കി.ഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയ ജീവന്‍ ജോസഫിനെ തഴഞ്ഞ് മൂന്നാം സ്ഥാനക്കാരനെ കൊണ്ടു പോകാന്‍ ശ്രമം എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഈ വിഭാഗത്തില്‍ സെമിഫൈനല്‍ മത്സരത്തിനിടെ ഓഫീഷ്യേറ്റിങ്ങിനെക്കുറിച്ച് പരാതി ലഭിച്ചിരുന്നു. മൂന്നാം സ്ഥാനം നേടിയ താരമാണ് പരാതി ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ ഇന്ത്യന്‍ കോച്ച് ആര്‍.കെ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ജീവന്‍ ജോസഫിനൊപ്പം മൂന്നാം സ്ഥാനക്കാരന്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പിലേക്കെടുത്തു.

ഡിസംബര്‍ 15 മുതല്‍ 23 വരെ തൃശ്ശൂരില്‍ നടന്ന ക്യാമ്പില്‍ ജീവന്‍ ജോസഫ് പങ്കെടുത്തിരുന്നു. ക്യാമ്പിന് ശേഷം അവസാന സെലക്ഷനായി 23-ന് സര്‍വകലാശാലാ ജിംനേഷ്യത്തില്‍ മത്സരം നടത്താനിരിക്കുമ്പോഴാണ് പ്രശ്‌നമുണ്ടായത്.

അന്തര്‍കലാലയ മത്സരത്തില്‍ സ്വര്‍ണം നേടിയത് കണക്കിലെടുത്ത് സെലക്ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ബഹളം വെയ്ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. പിന്നീട് ട്രയല്‍സില്‍ പങ്കെടുക്കാതെ ഇവര്‍ മടങ്ങുകയും ചെയ്തു. തുടര്‍ന്നാണ് മൂന്നാം സ്ഥാനക്കാരന്‍ പട്ടികയില്‍ ഇടം നേടിയത്. വ്യക്തമായ നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ് സര്‍വകലാശാലയുടെ സെലക്ഷന്‍. ഇതില്‍ അപാകങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കായികവിഭാഗം മേധാവി വ്യക്തമാക്കി.

ഈ വര്‍ഷം പുരുഷവിഭാഗത്തില്‍ 10 പേരും വനിതാ വിഭാഗത്തില്‍ എട്ടു പേരും ബോക്‌സിങ്ങില്‍ കാലിക്കറ്റിനായി ഇറങ്ങുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ സര്‍വകലാശാലയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന വ്യാജപ്രചാരണങ്ങളില്‍ നിന്ന് കായിക പ്രേമികള്‍ പിന്തിരിയണമെന്നും അല്ലാത്തപക്ഷം നിയമനടിപകളിലേക്ക് നീങ്ങേണ്ടി വരുമെന്നും സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു.

സര്‍വകലാശാലാ നീന്തല്‍ക്കുളത്തില്‍ മൂന്ന് ദിവസം കൊണ്ട് നീന്തല്‍ പഠിച്ചത് 30 പേര്‍

മൂന്നു ദിവസം കൊണ്ട് സര്‍വകലാശാലാ നീന്തല്‍ക്കുളത്തില്‍ നിന്ന് നീന്തല്‍പരിശീലനം നേടിയത് മുപ്പതോളം വിദ്യാര്‍ഥികള്‍. മുങ്ങി മരണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്വയരക്ഷയ്ക്കും അപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കുന്നതിനുമായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന് കീഴില്‍ യൂത്ത് ആക്ഷന്‍ സന്നദ്ധസേന ‘ ടീം കേരള ‘ യുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. തിരൂരങ്ങാടി, വേങ്ങര,  വള്ളിക്കുന്ന് മണ്ഡലങ്ങളിലുള്ളവരാണ് സര്‍വകലാശാലാ നീന്തല്‍ക്കുളത്തില്‍ പഠിക്കാനെത്തിയത്.

വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ചേലേമ്പ്ര സ്വിമ്മിങ് അക്കാദമി കോച്ച് മുഹമ്മദ് ഹാഷിര്‍, അശ്വനി എന്നിവര്‍ പരിശീലനം നല്‍കി.

ടീം കേരള ജില്ലാ ക്യാപ്റ്റന്‍ അജിഷാന്‍, വൈസ് ക്യാപ്റ്റന്‍ അമൃത, ഡെപ്യൂട്ടി ക്യാപ്റ്റന്മാരായ അനീസ്, അബിന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ദക്ഷിണമേഖല പുരുഷ വോളി കാലിക്കറ്റിന് വെള്ളി

ചെന്നൈ എസ്.ആര്‍.എം. സര്‍വകലാശാലയില്‍ നടന്ന ദക്ഷിണമേഖലാ അന്തര്‍ സര്‍വകലാശാല പുരുഷ വോളിബോള്‍ ടൂര്‍ണമെന്റില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് വെള്ളി. മാംഗളൂര്‍ യൂണിവേഴ്‌സിറ്റി (3-1) മദ്രാസ് യൂണിവേഴ്‌സിറ്റി (3-0) എന്നിവയെ പരാജയപ്പെടുത്തിയ കാലിക്കറ്റ് ആതിഥേയരായ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയോടാണ് (3-0) പരാജയപ്പെട്ടത്. കോഴിക്കോട് ദേവഗിരി കോളേജിലെ നിസാം മുഹമ്മദ് നയിച്ച ടീമിന്റെ പരിശീലകര്‍ ലിജോ ഇ ജോണ്‍, സി.വി. നജീബ്, ലക്ഷ്മി നാരായണന്‍, എസ്.ആര്‍. അഹമ്മദ് ഫായിസ് എന്നിവരാണ്. ജനുവരി നാല് മുതല്‍ എട്ട് വരെ മാംഗളൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ പുരുഷ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് യോഗ്യത നേടിയിട്ടുണ്ട്.

ഹാള്‍ടിക്കറ്റ്

ജനുവരി അഞ്ചിന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. പ്രൊഫഷണല്‍, ബി.കോം. ഓണേഴ്‌സ് (2017-21 പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022, ജനുവരി 16-ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ ബി.എ. എച്ച്.ആര്‍.എം., (2021 പ്രവേശനം) എന്നീ പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍.

മാര്‍ക്ക് ലിസ്റ്റ്

2022 ഡിസംബര്‍ ഒന്നിന് ഫലംപ്രഖ്യാപിച്ച അവസാന വര്‍ഷം ബി.കോം. പാര്‍ട്ട് മൂന്ന് (പാര്‍ട്ട് I to XVII) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2020 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ ഡിസംബര്‍ 29 മുതല്‍ ജനുവരി 31 വരെ സര്‍വകലാശാലാ പരീക്ഷാഭവനിലെ ബി.കോം. വിഭാഗത്തില്‍ നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റുമായി നേരിട്ടെത്തി മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റാം. ഈ കാലയളവില്‍ മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റാത്തപക്ഷം ഫീസൊടുക്കി മാത്രമേ കൈപ്പറ്റാനാകൂ.

പരീക്ഷാ രജിസ്‌ട്രേഷന്‍

സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ്, എം.എ. ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, എം.എസ് സി അപ്ലൈഡ് സൈക്കോളജി സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022 പരീക്ഷകള്‍ക്ക് പിഴയില്ലാതെ ജനുവരി ആറ് വരെയും പിഴയോടെ ഒമ്പത് വരെയും അപേക്ഷിക്കാം. ജനുവരി 23-നാണ് പരീക്ഷ.

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (സി.യു.സി.എസ്.എസ്. ഫുള്‍ടൈം, പാര്‍ട്ട് ടൈം 2018 മുതല്‍ 2020 വരെ പ്രവേശനം) ജനുവരി 2023 പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്. പിഴയില്ലാതെ ജനുവരി 9 വരെയും പിഴയോടെ 11 വരെയും അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയഫലം

നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (യൂണിറ്ററി) ഏപ്രില്‍ 2021, നവംബര്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഏഴാം സെമസ്റ്റര്‍ ബി.ആര്‍ക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022 പരീക്ഷ ജനുവരി 27-ന് തുടങ്ങും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!