ചീഞ്ഞ പഴങ്ങളില്‍ നിന്ന് പെന്‍സിലിന്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് പേറ്റന്റ്

ചീഞ്ഞ പഴങ്ങളില്‍ നിന്ന് പെന്‍സിലിന്‍
കാലിക്കറ്റ് സര്‍വകലാശാലക്ക് പേറ്റന്റ്

കുറഞ്ഞ ചെലവില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പെന്‍സിലിന്‍ നിര്‍മിക്കാവുന്ന കണ്ടുപിടുത്തത്തിന് കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപകന് പേറ്റന്റ്. സര്‍വകലാശാലാ ബയോടെക്‌നോളജി പഠനവകുപ്പിലെ അസോ. പ്രൊഫ. ഡോ. സി. ഗോപിനാഥനാണ് നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചത്. പാഴാകുന്ന പഴങ്ങളില്‍ നിന്ന് പെന്‍സിലിന്‍ ഉത്പാദിപ്പിക്കുന്ന പൂപ്പലിനെ വളര്‍ത്തുന്നതാണ് സാങ്കേതിക വിദ്യ. സോളിഡ് സ്റ്റേറ്റ് ഫെര്‍മന്റേഷന്‍ പ്രക്രിയയിലൂടെ ജൈവമാലിന്യം മാധ്യമമാക്കിയാണ് പെന്‍സിലിന്‍ ഉത്പാദിപ്പിക്കാനാവുക. ചീഞ്ഞ മുന്തിരി, നാരങ്ങ തുടങ്ങിയ പഴങ്ങള്‍ കുഴമ്പു പരുവത്തിലാക്കി അതില്‍ തവിട്, ഉമിക്കരി എന്നിവ കലര്‍ത്തി ലായനിയാക്കുന്നു. ഇതിലാണ് പെന്‍സിലിയം പൂപ്പലിനെ വളര്‍ത്തുക. ഒരാഴ്ച കഴിഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തിയ പൂപ്പലില്‍ നിന്ന് പെന്‍സിലിന്‍ തന്മാത്ര വേര്‍തിരിച്ചെടുക്കാനാകും. നിലവില്‍ പെന്‍സിലിന്‍ നിര്‍മാണത്തിന് ചെലവ് വളരെ കൂടുതലാണ്. ബയോ റിയാക്ടറുകളില്‍ സബ്‌മെര്‍ജഡ് ഫെര്‍മന്റേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മാണം. ഗ്ലൂക്കോസ്, ലാക്ടോസ് തുടങ്ങിയ വിലകൂടിയ അസംസ്‌കൃത വസ്തുക്കളും വേണം. ഇതിനുള്ള ബയോറിയാക്ടറുകള്‍ക്ക് കൂടുതല്‍ ചെലവുണ്ട്. പുതിയ സാങ്കേതിക വിദ്യ തേടി മരുന്നുനിര്‍മാണ കമ്പനികള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. സി. ഗോപിനാഥന്‍ പറഞ്ഞു. കൊതുകു നശീകരണത്തിനായി ‘ ബാസിലസ് തുറുഞ്ചിയന്‍സ് ഇസ്രായിലിയന്‍സ് ‘ എന്ന ബാക്ടീരിയ ഉപയോഗിച്ച് ചെറിയ ചെലവില്‍ ജൈവ കീടനാശിനി നിര്‍മിക്കുന്ന സാങ്കേതിക വിദ്യക്ക് 2017-ല്‍ ഡോ. ഗോപിനാഥിന് പേറ്റന്റ് ലഭിച്ചിരുന്നു.

സര്‍വകലാശാലയില്‍ ദേശീയ കായികദിനാഘോഷം

ദേശീയ കായികദിനാഘോഷത്തിന്റെ ഭാഗമായി സര്‍വകലാശാലാ കായികവിഭാഗം സംഘടിപ്പിച്ച മിനി മാരത്തോണില്‍ കെ.ടി. അബ്ദുള്‍ ബാസിത് (ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍) പുരുഷ വിഭാഗത്തിലും അഞ്ജു റോസ് (സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍, കാലിക്കറ്റ് സര്‍വകലാശാല) വനിതാ വിഭാഗത്തിലും ചാമ്പ്യന്മാരായി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തു. കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡോ. കെ.പി. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീം മാനേജര്‍ പി.ഐ. ബാബു വിദ്യാര്‍ഥികളുമായി സംവദിച്ചു. ബാസ്‌ക്റ്റ് ബോള്‍, ഫിറ്റ്‌നസ് ചാലഞ്ച് മത്സരങ്ങളും അരങ്ങേറി.

 

എം.ബി.എ. ഓറിയന്റേഷന്‍ ക്ലാസ്സും
പുരസ്‌കാര വിതരണവും

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠനവിഭാഗം എം.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഓറിയന്റേഷന്‍ ക്ലാസ്സും ലീല സക്കറിയ പുരസ്‌കാര വിതരണവും പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. നമിത, ആന്‍മേരി സക്കറിയ എന്നിവരാണ് അവാര്‍ഡിനര്‍ഹരായത്. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അദ്ധ്യക്ഷനായി. പഠനവകുപ്പു മേധാവി ഡോ. ബി. ജോണ്‍സണ്‍, എം.സി. ഹരികുമാര്‍, റിട്ട. പ്രൊഫസര്‍ സക്കറിയ വര്‍ഗീസ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ ആദിത്, സിജോ തോമസ്, അസോ. പ്രൊഫസര്‍ ഡോ. സി.എച്ച്. ശ്രീഷ എന്നിവര്‍ സംസാരിച്ചു.

 

വസ്തുതാ പരിശോധന ശില്‍പശാല

കാലിക്കറ്റ് സര്‍വകലാശാലാ മാധ്യമപഠനവിഭാഗം ഗൂഗിള്‍ ന്യൂസ് ഇനീഷ്യേറ്റീവ്, ഡാറ്റാ ലീഡ്സ് എന്നിവയുടെ സഹകരണത്തോടെ വസ്തുതാ പരിശോധനാ ശില്‍പശാല സംഘടിപ്പിച്ചു. ഗൂഗിള്‍ ന്യൂസ് ഇനീഷ്യേറ്റീവ് പരിശീലകന്‍ അനന്തപത്മനാഭന്‍ ക്ലാസെടുത്തു. അദ്ധ്യാപകരും മാധ്യമപഠന ഗവേഷകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

 

അസി. ഫോട്ടോഗ്രാഫര്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ ആര്‍ട്ട് ആന്റ് ഫോട്ടോഗ്രാഫി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസി. ഫോട്ടോഗ്രാഫറെ നിയമിക്കുന്നു. 31-ന് രാവിലെ 10.30-ന് ഭരണകാര്യാലയത്തിലാണ് വാക്ക് -ഇന്‍ ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ത്ഥികള്‍ 9.30-ന് ഹാജരാകണം. ഫോട്ടോ ഗ്രാഫിയില്‍ (ഔട്ട് ഡോര്‍ ആന്റ് മിഡ് ഡോര്‍) 5 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടായിരിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

എം.പി.എഡ്. വൈവ

നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2022 പരീക്ഷയുടെ തീസിസ് ഇവാല്വേഷനും വൈവയും 13 മുതല്‍ 16 വരെ നടക്കും.

പരീക്ഷാ അപേക്ഷ

തൃശൂര്‍ അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സെമസ്റ്റര്‍ ബി.ടി.എ. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 12 വരെയും 170 രൂപ പിഴയോടെ സപ്തംബര്‍ 14 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.പി.എഡ്. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 19-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top