Section

malabari-logo-mobile

മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം: ജില്ലാ വികസന സമിതി

HIGHLIGHTS : കോഴിക്കോട്: 139 വര്‍ഷം പഴക്കമുള്ള മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ തകര്‍ത...

ab9417d00-1കോഴിക്കോട്: 139 വര്‍ഷം പഴക്കമുള്ള മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ തകര്‍ത്ത് ഭൂമി കൈമാറാന്‍ ശ്രമിച്ച മാനേജരെ അയോഗ്യനാക്കുകയും മാനേജരുടെ ചുമതല എ.ഇ.ഒ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. ഭാവിയില്‍ സ്‌കൂളിന്റെ നിയന്ത്രണം മാനേജരില്‍ എത്താതിരിക്കാന്‍ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എ പ്രദീപ്കുമാര്‍ എം.എല്‍.എ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. സ്‌കൂളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ സി.എ.ലത ഉപവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കാലവര്‍ഷക്കെടുതിയില്‍ വാഴകൃഷി നശിച്ച് ഭീമമായ കടബാധ്യത വന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സി മോയിന്‍കുട്ടി എം.എല്‍.എ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഭൂവുടമകള്‍ക്ക് മുന്‍കൂര്‍ പാട്ടം നല്‍കിയാണ് ഇവര്‍ കൃഷിയില്‍ ഏര്‍പ്പെട്ടതെന്നും കൃഷി നാശത്തിലൂടെ ഇരട്ട നഷ്ടമാണ് ഇവര്‍ നേരിടുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
കൊയിലാണ്ടിയിലെ ചരിത്ര-പൈതൃക-തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് കെ ദാസന്‍ എം.എല്‍.എ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.കാപ്പാട്,കോട്ടയ്ക്കല്‍,കൊല്ലം പാറപ്പള്ളി, പന്തലായനി സ്‌പൈസസ് റൂട്ട് ,തിക്കോടി ബീച്ച് തുടങ്ങിയ സ്ഥലങ്ങള്‍ വന്‍ടൂറിസ സാധ്യതയുള്ള പ്രദേശങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതിസെന്‍സസില്‍ ഉള്‍പ്പെടാതെ പോയ ജനവിഭാഗങ്ങളേയും പ്രദേശങ്ങളേയും ഉള്‍പ്പെടുത്തി സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുക, കാലവര്‍ഷക്കെടുതികളിലും മറ്റും നഷ്ടം നേരിടുന്നര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുക,കൊയിലാണ്ടി പട്ടണത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുന്ന ചിറ്റാരിക്കടവ് പദ്ധതിക്ക് ഭരണാനുമതി നല്‍കുക എന്നീ ആവശ്യങ്ങളടങ്ങുന്ന പ്രമേയങ്ങളും കെ ദാസന്‍ എം.എല്‍.എ അവതരിപ്പിച്ചു.
ബാലുശ്ശേരി-കോഴിക്കോട് സംസ്ഥാന പാതയില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രി പരിസരത്ത് ഓടയില്‍ നിന്ന് മലിനജലം പൊങ്ങി ഗതാഗത തടസ്സവും ആരോഗ്യഭീഷണിയുമുണ്ടാകുന്ന അവസ്ഥക്ക് അടിയന്തര പരിഹാരമുണ്ടാവണമെന്ന് പുരുഷന്‍ കടലുണ്ടി എം.എല്‍.എ ആവശ്യപ്പെട്ടു. ബാലുശ്ശേരി, കൂരാച്ചുണ്ട് റോഡില്‍ തൃക്കുറ്റിശ്ശേരി കല്‍വര്‍ട്ട് അപകടകരമായ അവസ്ഥയിലാണെന്നും റോഡ് പ്രവൃത്തിയോടൊപ്പം കല്‍വര്‍ട്ടും നിര്‍മിക്കണമെന്നും മറ്റൊരു പ്രമേയത്തില്‍ പുരുഷന്‍ കടലുണ്ടി ആവശ്യപ്പെട്ടു.
മരുതോങ്കര മേഖലയില്‍ പനി വ്യാപകമാണെന്നും വടകര താലൂക്ക് ആശുപത്രിയില്‍ മതിയായ മരുന്ന് ലഭ്യമല്ലാത്തതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യേണ്ട അവസ്ഥയാണെന്നും ഇ കെ വിജയന്‍ എം.എല്‍.എ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
വാട്ടര്‍ അതോറിറ്റിയുടെ കൂളിമാട് പ്ലാന്റില്‍ നിന്നും കൊടിയത്തൂര്‍, കാരശ്ശേരി, മുക്കം, ചാത്തമംഗലം, മാവൂര്‍ പഞ്ചായത്തുകള്‍ക്ക്കൂടി കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എം.ഐ ഷാനവാസ് എം.പിയുടെ പ്രതിനിധി മോയന്‍ കൊളക്കാടന്‍ ആവശ്യപ്പെട്ടു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ സി.കെ നാണു, കെ.കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, എം കെ രാഘവന്‍ എം.പിയുടെ പ്രതിനിധി എ അരവിന്ദന്‍ മന്ത്രി എം കെ മുനീറിന്റെ പ്രതിനിധി കെ മൊയ്തീന്‍കോയ, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ എം.എ രമേശ്കുമാര്‍,ഫിനാന്‍സ് ഓഫിസര്‍ ജെസി ഹെലന്‍ ഹമീദ്,ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!