കോഴിക്കോട് : നിര്‍ത്തിയിട്ട ഗ്യാസ് ലോറിക്ക് പിന്നില്‍ ടാറ്റാ വെഞ്ച്വര്‍ വാനിടിച്ച് ഉപ്പയും, മകനും മരിച്ചു. എലത്തൂരില്‍ പുലര്‍ച്ചെ അഞ്ച് മണിക്കാണ് അപകടം നടന്നത്. കൊയിലാണ്ടി നടേരി അണേല ബസ്സ്‌റ്റോപ്പിനടുത്ത് തട്ടികുനിയില്‍ വീട്ടില്‍ മായിന്‍കുട്ടിയുടെ മകന്‍ ആലികുട്ടി (61), മകന്‍ ജംഷീര്‍ (22) എന്നിവരാണ് മരിച്ചത്.
ആലിക്കുട്ടി സംഭവസ്ഥലത്ത് വെച്ചും, മകന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചുമാണ് മരിച്ചത്. ജംഷീര്‍ ഉള്ളേര്യക്കടുത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.
വൃക്കരോഗിയായ പിതാവ് ആലിക്കുട്ടിയെ ഡയാലിസിസ് ചെയ്യാനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച വാന്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു്.
ചേളാരിയിലേക്ക് ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറി റോഡരുകില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഇടിയുടെ അഘാതത്തില്‍ വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവര്‍ക്ക് പുറമെ വാനിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സുബൈദയാണ് മരിച്ച ആലിക്കുട്ടിയുടെ ഭാര്യ.




