കണ്ണൂര്‍: തലശേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍ സ്വകാര്യ ബസ്സിനെതിരെ നടപടി. തലശേരി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. ബസ് ഉടമയ്ക്ക് പതിനായിരം രൂപ പിഴയും ചുമത്തി.
കഴിഞ്ഞ ദിവസം രാവിലെയാണ് നടപടിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. സാധാരണ ഗതിയില്‍ ബസ് എടുക്കുന്നതിന് തൊട്ട് മുന്‍പ് മാത്രമേ വിദ്യാര്‍ത്ഥികളെ കയറ്റാറുള്ളൂ. ഇത്തരത്തില്‍ തലശേരി ബസ് സ്റ്റാന്‍ഡില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറുന്നതിന് മഴ നനഞ്ഞ് ബസിന്റെ പുറത്ത് ഡോറിന് സമീപം കയറാന്‍ കാത്ത് വരി നില്‍ക്കുകയായിരുന്നു. ആ സമയത്ത് നല്ല മഴ പെയ്തു. വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മഴ നനഞ്ഞ് നില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
ഇതേ തുടര്‍ന്നാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഈ വിഷയത്തില്‍ ഇടപെട്ട് മുന്നറിയിപ്പ് നല്‍കിയതിനുശേഷം വാഹനം വിട്ടയച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കൂടുതല്‍ കര്‍ശന നടപടി ഉണ്ടാകും എന്നുകൂടി അറിയിച്ചതായി പൊലീസ് പറയുന്നു.
അതേസമയം, വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ പാസ് നല്‍കി യാത്ര ചെയ്യുന്നു എന്നതുകൊണ്ട് അവരെ രണ്ടാംതരം ആളുകളായി കണക്കാക്കുന്നു. കണ്ടക്ടറും ക്ലീനറുമൊക്കെ വളരെ മോശമായി അവരോട് പെരുമാറുന്നു. കനത്ത മഴ പെയ്താല്‍ പോലും വിദ്യാര്‍ത്ഥികളെ ബെല്ലടിക്കുന്നതിന് തൊട്ടുമുന്‍പ് മാത്രമേ ബസില്‍ കയറ്റാറുള്ളൂ. വിഷയത്തില്‍ ഏതായാലും നടപടി എന്താണ് എന്ന് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോടും പൊലീസിനോടും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.




