Section

malabari-logo-mobile

ജീവിതശൈലി ക്രമപ്പെടുത്തുന്നതിന് ബി.എം.ഐ. യൂണിറ്റ്

HIGHLIGHTS : BMI for adjusting lifestyle unit

തിരുവനന്തപുരം: ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ബി.എം.ഐ. (ബോഡി മാസ് ഇന്‍ഡക്‌സ്) യൂണിറ്റ് ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ പൈലറ്റടിസ്ഥാനത്തിലാണ് ബി.എം.ഐ. യൂണിറ്റ് സ്ഥാപിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ബി.എം.ഐ. യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ഒരാളുടെ ശാരീരിക ക്ഷമത ബി.എം.ഐ.യിലൂടെ കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനമാണ് യൂണിറ്റിലുള്ളത്. ഭാരം നോക്കുന്നതിനും പൊക്കം നോക്കുന്നതിനും, ശേഷം ബി.എം.ഐ. അളക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഈ പദ്ധതി വിജയകരമായാല്‍ ബി.എം.ഐ. യൂണിറ്റുകള്‍ സംസ്ഥാന വ്യാപകമായി സ്ഥാപനങ്ങളിലും ഫാക്ടറികളിലും തൊഴിലിടങ്ങളിലുമൊക്കെ സ്ഥാപിക്കുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജീവിതശൈലീ രോഗം ചെറുക്കുന്നതിന് ആരോഗ്യ വകുപ്പ് വലിയ പ്രയത്‌നമാണ് നടത്തുന്നത്. 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ പോയി കണ്ട് സ്‌ക്രീനിഗ് നടത്തി വരികയാണ്. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കുന്നു. പദ്ധതി ആരംഭിച്ച് 6 ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാന വ്യാപകമായി എട്ടര ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തി. ഇതുകൂടാതെയാണ് ആരോഗ്യക്ഷമത സ്വയം വിലയിരുത്തുന്നതിന് ബി.എം.ഐ. യൂണിറ്റ് ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

ഒരാളുടെ ശാരീരിക ക്ഷമത അളക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരുപാധിയാണ് ബി.എം.ഐ. പൊക്കത്തിനനുസരിച്ചുള്ള തൂക്കമാണ് ബോഡി മാസ് ഇന്‍ഡക്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ മനുഷ്യര്‍ക്കും അവരവരുടെ പൊക്കത്തിനനുസരിച്ചാണ് തൂക്കം നിര്‍വചിച്ചിട്ടുള്ളത്. ഇതിനായി ഒരു ഫോര്‍മുല തയ്യാറാക്കിയിട്ടുണ്ട്. ആ ഫോര്‍മുല പ്രകാരം അവരവര്‍ക്ക് തന്നെ പൊക്കവും തൂക്കവും നോക്കി ബി.എം.ഐ. അറിയാവുന്നതാണ്. ഇതിലൂടെ ജീവിതശൈലീ രോഗങ്ങളില്‍ നിന്നും സ്വയം പ്രതിരോധം സൃഷ്ടിക്കാനാകും.

ഒരാളുടെ ബി.എം.ഐ. 23ല്‍ താഴെയായിരിക്കണം. അത് 25ന് മുകളില്‍ പോയിക്കഴിഞ്ഞാല്‍ അവര്‍ക്ക് അമിത ഭാരമാണ്. അത് 28ന് മുകളില്‍ പോയിക്കഴിഞ്ഞാല്‍ പൊണ്ണത്തടി എന്ന വിഭാഗത്തിലാകും. 30 ന് മുകളില്‍ പോയി കഴിഞ്ഞാല്‍ അമിത പൊണ്ണത്തടി വിഭാഗത്തിലാകും വരിക. 25ന് മുകളില്‍ ബി.എം.ഐ.യുള്ള വ്യക്തികള്‍ ഭക്ഷണം നിയന്ത്രിച്ചുകൊണ്ടും വ്യായാമം കൂട്ടിക്കൊണ്ടും സ്വയം നിയന്ത്രിക്കേണ്ടതാണ്. ഇങ്ങനെ നിയന്ത്രിച്ചില്ലെങ്കില്‍ ഭാവിയില്‍ ഹൃദ്രോഗം, പ്രമേഹം, കരള്‍ രോഗം, വൃക്കരോഗം തുടങ്ങിയവ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തന്നെ എല്ലാവരും അവരുടെ ബി.എം.ഐ. അറിയുകയും അതനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ വരുത്തുകയും വേണം.

ജീവനക്കാരിലുള്ള സമ്മര്‍ദവും ഭക്ഷണരീതിയും വ്യായാമക്കുറവുമെല്ലാം ജീവിതശൈലീ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്‍കൂട്ടി കണ്ട് അവരവര്‍ക്ക് തന്നെ പ്രതിരോധം ഉറപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!