Section

malabari-logo-mobile

ഓണ്‍ലൈന്‍ ചലച്ചിത്രനിരൂപണത്തെയും തെക്കോട്ടേക്കെടുക്കാന്‍ സമയമായോ? ഭീഷ്മപര്‍വ്വത്തെ മുന്‍നിര്‍ത്തി വികെ ജോബിഷ് എഴുതുന്നു

HIGHLIGHTS : എഴുപതുവയസു കഴിഞ്ഞ ഒരാര്‍ട്ടിസ്റ്റിനോടുള്ള ആദരവു മാത്രമാകാം ഭീഷ്മപര്‍വത്തെക്കുറിച്ച് പലരെയും നിരുപദ്രവകരമായ കള്ളം പറയാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക ...

വി.കെ ജോബിഷ്

എഴുപതുവയസു കഴിഞ്ഞ ഒരാര്‍ട്ടിസ്റ്റിനോടുള്ള ആദരവു മാത്രമാകാം ഭീഷ്മപര്‍വത്തെക്കുറിച്ച് പലരെയും നിരുപദ്രവകരമായ കള്ളം പറയാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്നു തോന്നുന്നു. സോഷ്യല്‍ മീഡിയക്കകത്തു പ്രചരിച്ചു കൊണ്ടിരിക്കുന്ന ആ കള്ളങ്ങളാണ് കഴിഞ്ഞ രാത്രിയിലെ സെക്കന്റ് ഷോയ്ക്ക് എന്നെയും പ്രേരിപ്പിച്ചത്. സിനിമ തുടങ്ങി നായകനെ ആദ്യമായി കാണിക്കുന്ന നിമിഷങ്ങളൊഴിച്ച് തിയറ്ററില്‍ പിന്നീട് ഒരിടത്തും കയ്യടികളോ ആരവങ്ങളോ ഇല്ലായിരുന്നു. സിനിമ കഴിഞ്ഞ് ഇറങ്ങുന്നവരിലും ഒരു അമല്‍ നീരദ് മമ്മൂട്ടി പടം കണ്ടതിന്റെ ഭാവങ്ങളൊന്നും പ്രകടമായില്ല. നിരാശയില്‍ നിശ്ശബ്ദരായി ഇറങ്ങിപ്പോയ കാണികളായിരുന്നു ചുറ്റിലും.
‘ഇതൊക്കെ എത്ര തവണ കണ്ടിരിക്കുന്നു’ എന്ന്.
എന്നാല്‍ ഓണ്‍ലൈനിലെ റിവ്യൂമുഖഭാവങ്ങള്‍ക്ക് ഈ ഈ രൂപഭാവമല്ല. അതെല്ലായിടത്തും ‘സത്യാനന്തര’കാലം എന്ന വാക്കിനെ ആഴത്തില്‍ ഗര്‍ഭം ധരിച്ചുനില്‍ക്കുകയാണ്.
‘പത്ത് കൊല്ലത്തിനകത്ത് തിയറ്ററില്‍ ഏറ്റവും ത്രസിപ്പിച്ചിരുത്തിയ മമ്മൂട്ടിപ്പടമാണ് ഭീഷ്മ. ‘ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍’ എന്ന അതികാല്‍പ്പനികതയോട്, ”ഏഴുപത്തിയൊന്നാണ് പ്രായം, ആ മൂപ്പും വീര്യവുമുള്ളൊരു പെര്‍ഫോര്‍മന്‍സ് ഇതാ വന്ന് കണ്ട് നോക്ക്” എന്ന് തിരികെ തിരുത്തിപ്പറയാനാകുന്നൊരു വര്‍ധിതനടനം.’
ഓണ്‍ലൈന്‍ സിനിമാവിമര്‍ശനത്തിന്റെ വിശ്വസനീയമായ ഒരിടത്തെ തുടക്കമിങ്ങനെയായിരുന്നു.!
‘ദാ വന്ന് കണ്ട് നോക്ക് ‘ എന്ന്. അങ്ങനെ കണ്ടതാണ് ഈ ‘വര്‍ദ്ധിതനടനം’. ശരിക്കും മര്‍ദ്ദിതനടനം തന്നെ.!!
ജനപ്രിയസിനിമ ആയിരം വട്ടം ആവര്‍ത്തിച്ച ഈ കാഴ്ചയെക്കുറിച്ച് പിന്നെ എന്തുകൊണ്ടാവാം സോഷ്യല്‍ മീഡിയയെക്കൊണ്ട് ഉഗ്രന്‍ എന്നു പറയിപ്പിച്ചുണ്ടാവുക. അത് അമല്‍ നീരദ് സിനിമകളോടുള്ള പ്രത്യേക ഇഷ്ടം കൊണ്ടാവുമോ. അതല്ലെന്നുറപ്പ്. കാരണം ബിഗ്ബിയും ഇയ്യോബിന്റെ പുസ്തകവുമൊക്കെ കൊണ്ടുവന്ന ന്യൂഡയറക്ഷന്‍ ഫീലൊന്നും ഭീഷ്മയുടെ ഷോട്ടില്‍ പോലും ഇല്ല. മാത്രവുമല്ല അമല്‍ നീരദിന്റെ ഇതുവരെയുള്ള കരിയര്‍ഗ്രാഫിലെ എറ്റവും മോശം സിനിമകളിലൊന്ന് ഒരു പക്ഷെ ഭീഷ്മയുമാകാം. റഫറന്‍സ് ഫ്രാന്‍സിസ് ഡി കൊപോളയുടെ ‘ഗോഡ്ഫാദറാ’ണെങ്കിലും പടത്തിന് നമ്മുടെ ‘ഉപ്പുകണ്ടം ബ്രദേഴ്‌സി’ന് ഒപ്പമിരിക്കാന്‍ പോലുമുള്ള ശേഷിയില്ലെന്നതാണ് സത്യം.
ഇനി മമ്മൂട്ടി എന്ന നടനെ കയ്യടിസിനിമകള്‍ ആവശ്യപ്പെടുന്ന വീര്യത്തിലും ഭാവത്തിലും അവതരിപ്പിച്ച് നടനും സംവിധായകനും സ്വയം പുതുക്കുന്നുണ്ടോ എന്ന സംശയമുള്ളവരുണ്ടാകാം. അതും ഇല്ല. സത്യസന്ധമായി പറഞ്ഞാല്‍ ഒരു പ്രച്ഛന്നവേഷത്തിന്റെ ആറാട്ടാണ് ആദ്യാവസാനം ഇതിലെ നായകസാന്നിദ്ധ്യം.
മമ്മൂട്ടിയുടെ തന്നെ മുന്‍കാല ആക്ഷന്‍ ഹീറോ ചിത്രങ്ങളില്‍ അപൂര്‍വ്വമായിക്കാണുന്ന നല്ല അഭിനയ മുഹൂര്‍ത്തങ്ങളെങ്ങാനുമുണ്ടോ. അതുമില്ല. അതില്ലാഞ്ഞതുകൊണ്ടാവാം അതിനൊക്കെ പുറത്തുള്ള മമ്മൂട്ടിയുടെ ‘സ്‌ക്രീന്‍ പ്രസന്‍സ്’ എന്നൊരു അലങ്കാരം അഭിപ്രായങ്ങള്‍ക്കിടയില്‍ കെട്ടിത്തൂക്കിയത്. യഥാര്‍ത്ഥത്തില്‍ ഈ സിനിമയിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് മമ്മൂട്ടിയുടേതുമല്ല. അത് ഷൈന്‍ ടോം ചാക്കോയുടേതാണ്. അയാളുടെ സാന്നിദ്ധ്യമാണ് ഈ സിനിമ കാണാന്‍ ഇരുന്നതിന്റെ നിരാശ മാറിക്കിട്ടാനുള്ള ഏകകാരണം. അയാളെ മാറ്റിനിര്‍ത്തിയാല്‍ ഈ സിനിമയിലെ മറ്റെല്ലാ അനുഭവങ്ങളും ക്ലീഷേകളോട് മത്സരിക്കുകയാണ്.
ഈ സിനിമയിലെ മിസ് കാസ്റ്റ് പലരും പറയുമ്പോലെ സൗബിന്‍ താഹിര്‍ അല്ല. മറിച്ച് സാക്ഷാല്‍ മമ്മൂട്ടി തന്നെയാണ്.
പക്ഷെ ആളുകള്‍ക്ക് അത് പറയാന്‍ പേടിയാണ്. കാരണം നമ്മുടെ ചലച്ചിത്രക്കാവിലെ വന്‍ബിംബങ്ങളാണല്ലോ ഇതിലെ നായകനും സംവിധായകനും. രണ്ടു പേരും ഒരുമിച്ചാല്‍ ഒരേ അളവിലാണ് ഊറ്റമെന്നാണ് ഐതിഹ്യം. ഇതിനു മുമ്പുള്ള ഒരു ശക്തി പരീക്ഷണത്തില്‍ ( ബിഗ്ബി) ഇരുവരും ഒരു ഗോളെങ്കിലും അടിച്ചതിന്റെ പ്രതീക്ഷ ഇനിയും കാണാനിരിക്കുന്നവരില്‍ ബാക്കിയുണ്ടാവാം. അവര്‍ക്ക് കാവിലേക്ക് വരാതെ പുറത്തുനിന്ന് ആ പ്രതീക്ഷ നിലനിര്‍ത്തുന്നതാവും നല്ലത്.
എന്തായാലും എന്നെപ്പോലെ ഇരുന്നിറങ്ങിവരേയും ഇരുന്നുറങ്ങിയവരേയും ഭീഷ്മയുടെ യുദ്ധക്കളത്തിലേക്ക് നയിച്ചത് സോഷ്യല്‍ മീഡിയക്കകത്തെ നിരൂപണ വെളിച്ചപ്പാടുകളാണ്. വെളിച്ചം പായിച്ച് മാത്രം നിലനില്‍ക്കാന്‍ കഴിയാത്ത ഫിഫ്ത് എസ്‌റ്റേസ്റ്റ് ജീവിതങ്ങളുടെ ദൈനംദിന പ്രതിസന്ധികളാവാം അവരെക്കൊണ്ട് ഈ കള്ളം പറയിപ്പിക്കുന്നത്. അതല്ലെങ്കില്‍ അവര്‍ പ്രായം കൂടിയ മനുഷ്യനോട് ആദരവ് കാണിക്കുകയാവാം. എന്നാല്‍ അവര്‍ ഇപ്പോള്‍ കാണിക്കുന്ന ഈ ആദരവ് വലിയ അനാദരവായിരുന്നു എന്ന് കാലം തെളിയിക്കും. എഴുപതിനു മുകളിലുള്ളവര്‍ കഥാപാത്രങ്ങളിലേക്കു മടങ്ങട്ടെ.അതാവും സിനിമാപ്രേമികള്‍ക്ക് നല്ലത്. പ്രായത്തിന്റെ പേരില്‍ ഭീഷ്മയ്ക്ക് കയ്യടിച്ചാല്‍ അദ്ദേഹം ഇനിയും ജനപ്രിയതയുടെ ശരശയ്യയില്‍ കിടക്കുകയേ ഉള്ളൂ. അതുകൊണ്ട് ഭീഷ്മയ്‌ക്കെതിരെ അമ്പുപായിക്കുന്നവരെ അമ്പതുകോടി കവിഞ്ഞ ഈ വേളയില്‍ കല്ലെറിയരുത്.
ഇനി നിരൂപകരോട് ഒരൊറ്റക്കാര്യമേ പറയാനുള്ളൂ. ഭീഷ്മപര്‍വ്വം ഒരു മികച്ച സിനിമയാണോ. അല്ല. ചലച്ചിത്രമാധ്യമത്തിന്റെ ഒരു സാധ്യതയും ഉപയോഗിക്കാത്ത അങ്ങേയറ്റം മോശം സിനിമയാണോ. അതുമല്ല. ഇത് രണ്ടിനുമിടയിലെ ഒരു സാധാരണ ചിത്രമാണ്. എന്നാല്‍ ഒരു സാധാരണ സിനിമ എന്നു പറയാന്‍ എന്തുകൊണ്ട് ഓണ്‍ലൈന്‍ നിരൂപകര്‍ ധൈര്യം കാണിക്കുന്നില്ല. അതുമാത്രമാണ് പ്രശ്‌നം. നിങ്ങള്‍ അസാധാരണ സിനിമ എന്നും ത്രസിപ്പിക്കുന്ന പെര്‍ഫോമന്‍സ് എന്നും പറയുന്നതില്‍ ഒരു വ്യാജമുണ്ട്. ഇത് ഭീഷ്മയുടെ കാര്യത്തില്‍ മാത്രമല്ല. സമീപകാലത്തിറങ്ങിയ താര സിനിമകളെക്കുറിച്ചൊന്നും സത്യം പറയാന്‍ ഈ ഓണ്‍ലൈന്‍ നിരൂപണം ധൈര്യം കാണിച്ചിരുന്നില്ല എന്നതുകൂടിയാണ് പ്രശ്‌നം. ഇങ്ങനെ പോയാല്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ
താരയുദ്ധത്തില്‍ മാത്രം തറപറ്റുന്നവരായിരിക്കില്ല. നിരൂപണത്തിന്റെ കൂടി ലാളനയില്‍ മുരടിച്ചുപോകുന്നവരായിരിക്കും. മമ്മൂട്ടിയുടെ താരപരിവേഷവും
അമല്‍ നീരദിന്റെ വലുപ്പവും സുഷില്‍ ശ്യാമിന്റെ ബിജിഎം ഉം എന്നുപറഞ്ഞ് പ്രേക്ഷകരായ ആള്‍ക്കൂട്ടത്തെ ആര്‍ക്കും അന്ധാളിപ്പിക്കാന്‍ പറ്റിയേക്കാം..പക്ഷെ ആ അന്ധാളിപ്പ്
നിരൂപകരെയും അന്ധതയിലേക്ക് നയിക്കാമോ.?

ഈ രീതിയില്‍ ഇനിയും ഓണ്‍ലൈന്‍ ചലച്ചിത്രനിരൂപണം തുടര്‍ന്നാല്‍ ഒരു മാധ്യമവിമര്‍ശനം എന്ന നിലയില്‍ അതിന്റെ ഭാവി അലസമായ ഇടങ്ങളിലെ എഴുത്തും വായനയും മാത്രമായി അവസാനിക്കുമെന്നുറപ്പ്.
ഇപ്പോള്‍ ഇങ്ങനെ എഴുതാന്‍ കാരണം ഭീഷ്മയുടെ നിര്‍മ്മാതാവ് ബഹുദൂരം തെക്കോട്ടേക്ക് കാറോടിച്ചു പോയതിന്റെ ധൈര്യത്തിലാണ്. ‘തെക്കോട്ടെടുക്കുക’ എന്നാല്‍ നാട്ടിന്‍പുറത്ത് മറ്റൊരു അര്‍ത്ഥവും കൂടിയുണ്ട്. അത് അയാളിലെ തന്നെ സംവിധായകന്റെ കാര്യത്തിലാണെങ്കില്‍ ഈ സിനിമയുടെ പേരില്‍ ശരിയാവാനാണ് സാധ്യത.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!