
പാലക്കാട്: വലിയ വാഗ്ദാനങ്ങളുമായി നിര്‍മിക്കപ്പെട്ട, കാലം പോകവേ വിസ്മൃതിയില്‍ ആയ ഭാരതപ്പുഴ റെയില്‍വേ സ്റ്റേഷന്‍ ഇനി ഓര്‍മ മാത്രമാകുന്നു. ടിക്കറ്റ് കൗണ്ടര്‍ ഉള്‍പ്പെടെയുണ്ടായിരുന്ന റെയില്‍വേ സ്റ്റേഷന്റെ കോണ്‍ക്രീറ്റ് കെട്ടിയം പൊളിച്ചു നീക്കല്‍ ആരംഭിച്ചു. വെള്ളിയാഴ്ച മുതലാണ് കെട്ടിടം പൊളിച്ചു നീക്കുന്ന ജോലികള്‍ ആരംഭിച്ചത്.
1986ല്‍ അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ കാലത്താണ് ഭാരതപ്പുഴ നദിയുടെ പേരിലുള്ള സ്റ്റേഷന്‍ അനുവദിച്ചത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ കിഴക്കുവശത്തായി പണിത ഭാരതപ്പുഴ സ്റ്റേഷന്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്കുള്ള ഹാള്‍ട്ട് സ്റ്റേഷനായിരുന്നു ഒരുകാലത്ത്. പിന്നീട് സാമ്പത്തിക ലാഭമില്ലെന്നും യാത്രക്കാരുടെ അഭാവവും ചൂണ്ടിക്കാട്ടി റെയില്‍വേ അധികൃതര്‍ അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. കെട്ടിടം അനാഥമായി കിടക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി.
ഷൊര്‍ണൂര്‍ ഈസ്റ്റ് എന്ന് പുനര്‍നാമകരണം ചെയ്‌തോ, ഷൊര്‍ണൂര്‍ വഴി പോകുന്ന തിരഞ്ഞെടുത്ത ട്രെയിനുകള്‍ക്ക് അവിടെ സ്റ്റോപ്പ് അനുവദിച്ചോ സ്റ്റേഷന്‍ പുനരുജ്ജീവിപ്പിക്കണമെന്ന് പ്രദേശവാസികള്‍ കാലങ്ങളോളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും ഒരിക്കല്‍ പോലും പരിഗണിക്കപ്പെട്ടില്ല. ഷൊര്‍ണൂരുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ അഭാവവും ഈ സ്റ്റേഷന്റെ തകര്‍ച്ച വേഗത്തിലാക്കി.
നിലവില്‍ ഭാരതപ്പുഴയ്ക്ക് കുറുകെ ഒരു പുതിയ റെയില്‍വേ പാലത്തിനായുള്ള പദ്ധതിയ്ക്കു വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഷന്‍ കെട്ടിടം പൂര്‍ണമായി പൊളിച്ചു നീക്കുന്നത്. പാലക്കാട് ഭാഗത്തു നിന്നു തിരുവനന്തപുരത്തേയ്ക്കു പോകുന്ന ട്രെയിനുകള്‍ക്ക് സുഗമമായ റെയില്‍ കണക്ടിവിറ്റി ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി വരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




