Section

malabari-logo-mobile

മികച്ച ആയുഷ് മാതൃക: കേരളത്തെ അഭിനന്ദിച്ച് ഉത്തരാഖണ്ഡ് സംഘം

HIGHLIGHTS : Best AYUSH model: Uttarakhand team hails Kerala

തിരുവനന്തപുരം: കേരളത്തിലെ ആയുഷ് മേഖലയെ അഭിനന്ദിച്ച് ഉത്തരാഖണ്ഡ് സംസ്ഥാന ആയുഷ് പ്രതിനിധി സംഘം. കേരളം മികച്ച ആയുഷ് മാതൃകയെന്ന് സംഘം വിലയിരുത്തി. കേരളത്തിലെ വിവിധ ആയുഷ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സംഘം അഭിനന്ദിച്ചത്. രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ 150 ആയുഷ് സ്ഥാപനങ്ങള്‍ക്ക് ഒരുമിച്ച് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിച്ചിരുന്നു. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാനും കേരളത്തിന്റെ ആയുഷ് മേഖലയെപ്പറ്റി അടുത്തറിയാനുമാണ് സംഘമെത്തിയത്. മാര്‍ച്ച് അഞ്ചിന് എത്തിയ സംഘം എന്‍.എ.ബി.എച്ച്. സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ പങ്കെടുക്കുകയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ ആയുഷ് രംഗത്ത് വലിയ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഹോമിയോ ഡിസ്പെന്‍സറികള്‍ ഇല്ലാത്ത 35 പഞ്ചായത്തുകളിലും 5 മുന്‍സിപ്പാലിറ്റികളിലും കൂടി ഡിസ്പെന്‍സറികള്‍ അനുവദിച്ച് എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെന്‍സറിയുള്ള സംസ്ഥാനമാക്കി മാറ്റി. മികച്ച സേവനങ്ങള്‍ ലഭ്യമാക്കിയതിന്റെ ഫലമായി ആയുഷ് വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായി. ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ നീതി ആയോഗ് അടുത്തിടെ അഭിനന്ദിച്ചിരുന്നു. ആയുഷ് മേഖലയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒപി സേവനം നല്‍കുന്നത് കേരളത്തിലാണെന്ന് നീതി ആയോഗ് വിലയിരുത്തി. കേരളത്തിന് പുറത്ത് നിന്നുള്ള വിദേശികളടക്കമുള്ള ആളുകളെ ചികിത്സിക്കാനുള്ള ഹെല്‍ത്ത് ഹബ്ബാക്കി ആയുഷ് മേഖലയെ മാറ്റാനാണ് പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ഉത്തരാഖണ്ഡ് സംഘം കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ ആയുര്‍വേദ, ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകള്‍, സ്പെഷ്യലിറ്റി ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍ എന്നിവ സന്ദര്‍ശിക്കുകയും സംസ്ഥാനത്തെ ആയുഷ് പദ്ധതികളെപ്പറ്റി ചര്‍ച്ച നടത്തുകയും ചെയ്തു. കേരളത്തിലെ ആയുഷ് രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഉത്തരാഖണ്ഡില്‍ നടപ്പിലാക്കുമെന്ന് അവര്‍ അറിയിച്ചു.

ഉത്തരാഖണ്ഡ് സംസ്ഥാന ആയുര്‍വേദ ജോയിന്റ് ഡയറക്ടര്‍ ഡോ. ആര്‍.പി. സിംഗ്, ഹോമിയോപ്പതി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പമീത ഉനിയാല്‍, സ്റ്റേറ്റ് മിഷന്‍ ഓഫീസര്‍ ഡോ. ഹരിമോഹന്‍ ത്രിപാഠി, ജില്ലാ ഹെല്‍ത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ. മീര ഹൈനാക്കി എന്നിവരടങ്ങുന്ന ഉന്നത സംഘമാണ് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!