Section

malabari-logo-mobile

ബാങ്കിങ് സേവനത്തിലെ വീഴ്ച: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

HIGHLIGHTS : Banking service failure: Consumer commission orders compensation of Rs

ബാങ്കിങ് സേവനത്തിലെ വീഴ്ചയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നഷ്ടപ്പെട്ട 2.5 ലക്ഷം രൂപ 12% പലിശ സഹിതവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. മഞ്ചേരിയിലെ പേരാപുറത്ത് മൊയ്തീന്‍ കുട്ടി നല്‍കിയ പരാതിയിലാണ് മഞ്ചേരി എച്ച്.ഡി.എഫ്.സി ബാങ്കിനെതിരായ വിധി. പരാതിക്കാരന് നഷ്ടമായ 2.5 ലക്ഷം രൂപ 2018 ഏപ്രില്‍ ആറു മുതല്‍ 12% പലിശ സഹിതം നല്‍കാനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുമാണ് കമ്മീഷന്‍ ഉത്തരവ്. 2018 ഏപ്രില്‍ ആറിന് ബിസിനസ് ആവശ്യാര്‍ത്ഥം രണ്ടര ലക്ഷം രൂപ കോഴിക്കോട്ടുള്ള അബ്ദുള്‍ സലാമിന്റെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിനാണ് പരാതിക്കാരന്‍ മഞ്ചേരിയിലെ ബാങ്കിനെ സമീപിച്ചത്. അക്കൗണ്ട് നമ്പര്‍ വ്യക്തമായി എഴുതി നല്‍കിയിരുന്നെങ്കിലും പണം തെറ്റായ അക്കൗണ്ടിലേക്കാണ് ക്രെഡിറ്റായത്.

തുടര്‍ന്ന് പരാതിയുമായി ബാങ്കിലും മഞ്ചേരി പൊലീസിലും പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്. പരാതിക്കാരന്‍ എഴുതി നല്‍കിയതിലെ പിഴവു കാരണമാണ് സംഖ്യ തെറ്റായ അക്കൗണ്ടിലേക്ക് പോയതെന്നും ഇക്കാര്യത്തില്‍ ബാങ്കിന് ഉത്തരവാദിത്തമില്ലെന്നുമാണ് കമ്മീഷന്‍ മുമ്പാകെ ബാങ്ക് ബോധിപ്പിച്ചത്. തുടര്‍ന്ന് പണം തെറ്റായ വിധത്തില്‍ എത്തിച്ചേര്‍ന്ന അക്കൗണ്ട് ഉടമയായ കോഴിക്കോട് കുന്നമംഗലം സ്വദേശി ശൈലേഷ് എന്നയാളെ കമ്മീഷന്‍ മുമ്പാകെ വിളിച്ചു വരുത്തി വിചാരണ ചെയ്തതില്‍ പണം അക്കൗണ്ടില്‍ വന്നത് കൈപ്പറ്റിയെന്നും ചെലവഴിച്ചു പോയെന്നും ബോധ്യമായി.

sameeksha-malabarinews

ബാങ്കിന്റെ ഭാഗത്തു നിന്നും ഉപഭോക്തൃസേവനത്തില്‍ വീഴ്ചയുണ്ടായെന്ന് കണ്ടതിനെ തുടര്‍ന്നാണ് പരാതിക്കാരന് നഷ്ടമായ സംഖ്യ പലിശയടക്കം നല്കാനും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി പതിനായിരം രൂപയും നല്കാന്‍ എച്ച്.ഡി.എഫ്.സി ബാങ്കിനോട് കമ്മീഷന്‍ ഉത്തരവിട്ടത്. പണം തെറ്റായ വിധത്തില്‍ കൈപ്പറ്റിയ ശൈലേഷില്‍ നിന്നും തുക ഈടാക്കാന്‍ എച്ച് ഡി.എഫ് സി. ബാങ്കിന് നടപടി സ്വീകരിക്കാവുന്നതാണ്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നും വീഴ്ചവന്നാല്‍ 12% പലിശ നല്കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മയില്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!