ദില്ലി ദില്ലി വര്‍ഗ്ഗീയകലാപം റിപ്പോര്‍ട്ട് ചെയ്തതിന് എഷ്യാനെറ്റിന്റെയും മീഡിയാവണ്ണിന്റേയും സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ 48 മണിക്കൂര്‍ നിര്‍ത്തിവെപ്പിച്ചതിനെതിരെ വ്യാപകപ്രതിഷേധം. ഏറെ വിചിത്രമായ കാരണങ്ങളും കേന്ദ്രസര്‍ക്കാര്‍ ഈ നടപടിയെ സാധൂകരിക്കാന്‍ ഉയര്‍ത്തിയിട്ടുണ്ട്.
ആര്‍എസ്എസിനെയും ഡല്‍ഹി പൊലീസിനെയും കേന്ദ്രആഭ്യന്തരമന്ത്രാലയത്തെയും വിമര്‍ശിച്ചാണ് ചാനലുകള്‍ വാര്‍ത്ത ചെയ്തതെന്ന് ആരോപണമാണ് കേന്ദ്ര അണ്ടര്‍സെക്രട്ടറി വിജയ്കൗശിക്ക് ഒപ്പിട്ട ഉത്തരവില്‍ പറയുന്നത്.
സംപ്രേഷണം നിര്‍ത്തിവയ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്. മാധ്യമള്‍ തങ്ങള്‍ പറയുന്നതുമാത്രം റിപ്പോര്‍ട്ടുചെയ്താല്‍ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് ആര്‍ക്കും അംഗീകരിക്കാനുമാകില്ല. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിന്‍വലിക്കണം. സംപ്രേഷണം നിര്‍ത്തിവയ്പിച്ച നടപടിക്കെതിരെ ശനിയാഴ്ച സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ പറഞ്ഞു.
ചാനലുകളെ 48 മണിക്കൂര്‍ നേരത്തെക്ക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ഹീനമായ തന്ത്രമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹി കലാപം സംബന്ധിച്ച റിപ്പോര്‍ട്ടിങ്ങിനെ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. അക്രമം നടത്തിയ വര്‍ഗീയ ശക്തികള്‍ക്ക് എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ഡല്‍ഹി പോലീസിനെതിരെയോ ചെറുവിരല്‍ അനക്കാത്തവര്‍ ആണ് മാധ്യമങ്ങള്‍ക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. ഇത്തരം നടപടി ജനാധിപത്യ രാജ്യത്തിന് ഭൂഷണം അല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റേത് ഫാഷിസ്റ്റ് നടപടിയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മലയാളം വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഇതാണ് പുതിയ ഇന്ത്യയെന്നാണ് കോണ്‍ഗ്രസിന്റെ ആദ്യ പ്രതികരണം.
വെള്ളിയാഴ്ച രാത്രി 7.30 മുതല്‍ ഞായറാഴ്ച രാത്രി 7.30 വരെയാണ് വിലക്ക്. യൂട്യൂബ് ലൈവിനും ബാധകമാണിത്. വെള്ളിയാഴ്ച രാത്രിയാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവ് രേഖാമൂലം നല്‍കിയത്.




