
മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. നിലവിലെ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം എന്നും സുരക്ഷാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധന കാലയളവിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിങ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, പൊലീസ് വകുപ്പുകളുടെ ഏകോപനത്തില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളാണ് ട്രോളിങ് നിരോധന കാലയളവില്‍ ജില്ലയില്‍ ഒരുക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പൊന്നാനി ഹാര്‍ബറിനടുത്ത് പ്രവര്‍ത്തിക്കുന്ന ഫിഷറീസ് സ്റ്റേഷനില്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം ഫിഷറീസ് ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രോളിങ് നിരോധന കാലയളവില്‍ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കടല്‍ പട്രോളിങിനുമായി പൊന്നാനി, താനൂര്‍ ബേയ്‌സുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി രണ്ട് പട്രോള്‍ ബോട്ടുകള്‍ വാടകയ്‌ക്കെടുത്തിട്ടുണ്ട്. കൂടാതെ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പൊന്നാനി, താനൂര്‍ ബേയ്‌സുകള്‍ കേന്ദ്രീകരിച്ച് സീ റസ്‌ക്യൂ ഗാര്‍ഡുമാരെയും ഗ്രൌണ്ട് റസ്‌ക്യൂ ഗാര്‍ഡുമാരെയും നിയമിച്ചിട്ടുണ്ട്. പ്രധാന ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോള്‍ബാന്‍ ആരംഭിക്കുന്നതിന്റെ തലേദിവസം തന്നെ സംസ്ഥാനം വിട്ടു പോവണം.
നിരോധിക്കപ്പെട്ട മത്സ്യബന്ധന രീതികള്‍ നടത്തിയാല്‍ ശക്തമായ നടപടി എടുക്കുമെന്നും കളര്‍കോഡിങ് പൂര്‍ത്തീകരിക്കാത്ത യാനങ്ങള്‍ അടിയന്തിരമായി അവ പൂര്‍ത്തീകരിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികള്‍ കര്‍ശനമായി പാലിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.വി പ്രശാന്തന്‍ യോഗത്തില്‍ അറിയിച്ചു. എല്ലാ മത്സ്യബന്ധന യാനങ്ങളും രജിസ്‌ട്രേഷന്‍/ ലൈസന്‍സ് എന്നിവയുടെ പകര്‍പ്പുകള്‍ യാനത്തോടൊപ്പം കരുതണം.
കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് തീരസുരക്ഷയുടെ ഭാഗമായി ആധാര്‍കാര്‍ഡ് വെരിഫിക്കേഷന്‍ ഉണ്ടായിരിക്കും. ലൈഫ്ജാക്കറ്റ് ഉള്‍പ്പെടെയുളള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ യാനഉടമകള്‍ ഉറപ്പാക്കണം.
ഇതര സംസ്ഥാനതൊഴിലാളികളുടെ വിവരങ്ങള്‍ കൃത്യമായി ഫിഷറീസ് വകുപ്പിനെയോ കോസ്റ്റല്‍ പോലീസിനെയോ അറിയിക്കണം. യാനങ്ങള്‍ക്ക് നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം. ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് വലകളുടെ പരിശോധനയും ഉണ്ടായിരിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഏത് അടിയന്തിര സാഹചര്യത്തിലും മലപ്പുറം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 0483-2736320 എന്ന നമ്പറില്‍ അടിയന്തിരകാര്യ നിര്‍വ്വഹണകേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. കൂടാതെ പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന 0494-2666728 എന്ന കണ്‍ട്രോള്‍ റൂം നമ്പറിലും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ 0494-2666428 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
ഹാര്‍ബര്‍ എഞ്ചിനീയറിങ്, പൊലീസ്, മത്സ്യഫെഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




