വനിതാ എസ്‌ഐയെ അപമാനിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: വാഹന പരിശോധന നടത്തുകയായിരുന്ന വനിതാ എസ്‌ഐയെ കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വനിത എസ് ഐ തന്നെയാണ് പിന്തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്‌പ്പെടുത്തിയത്. പുവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തല്‍ ഷെറിലിനെയാണ് (35) മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴ്‌ഴ്ച രാത്രി ഏഴേ മുക്കാലോടെ വെള്ളിപറമ്പ് ആറാം മൈലിനു സമീപമായിരുന്നു സംഭവം. പരിശോധനയുടെ ഭാഗമായി റോഡരികില്‍ വാഹനങ്ങള്‍ വരുന്നതും കാത്ത് നില്‍ക്കുകയായിരുന്നു എസ് ഐ.

ബൈക്കിലെത്തിയ ഷെറിന്‍ എസ് ഐ കണ്ട് ബൈക്ക് നിര്‍ത്തുകയും തുടര്‍ന്ന് എസ് ഐക്കു നേരെ പതിയെ ഓടിച്ചെത്തി മോശമായി പെരുമാറി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. ആദ്യത്തെ നടുക്കം മാറിയ എസ് ഐ ഉടന്‍ തന്നെ ജീപ്പില്‍ ഷെറിലിനെ പിന്തുടര്‍ന്നു. ഒരു കിലോമീറ്ററിലേറെ ദൂരം പിന്തുടര്‍ന്നും ബൈക്കിനു കുറുകെ ജീപ്പ് നിര്‍ത്തി ഇയാളെ കീഴ്‌പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു.

മെഡിക്കല്‍ കോളജ് സിഐ എം.എല്‍.ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ ഷെറിലിനെ ചോദ്യം ചെയ്തു. ഇയാള്‍ നേരത്തെ അബ്കാരി കേസില്‍ പ്രതിയായിരുന്നു. മൊബൈല്‍ ഫോണില്‍ ധാരാളം സ്ത്രീകളുടെ ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് പെണ്‍വാണിഭ സംഘവുമായി ബന്ധമുള്ളതിന്റെ സൂചനകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top