Section

malabari-logo-mobile

അവസാനം മുത്തമിട്ടു; കപ്പ് ലാറ്റിനമേരിക്കയിലേക്ക്

HIGHLIGHTS : Argentina won the Qatar World Cup

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്റീന മൂന്നാം കപ്പുയര്‍ത്തി. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തി. കലാശപ്പോരില്‍ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാന്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്കായില്ല. എക്സ്ട്രാ ടൈമില്‍ മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ലുസൈലില്‍ 4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയെര്‍ ദെഷാം ഫ്രഞ്ച് ടീമിനെ കളത്തിലിറക്കിയത്. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നല്‍ നല്‍കി 4-4-2 ശൈലിയിലായിരുന്നു അര്‍ജന്റീന പരിശീലകന്‍ ലിയോണല്‍ സ്‌കലോണിയുടെ സ്റ്റാര്‍ട്ടിംഗ് ഇലവന്‍. മെസി-എംബാപ്പെ പോരാട്ടമെന്ന നിലയില്‍ മത്സരത്തിന് മുമ്പേ ചര്‍ച്ചയായ ഫൈനല്‍ കിക്കോഫായി ആദ്യ മിനുറ്റുകളില്‍ തന്നെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ആവേശം പടര്‍ത്തി. മൂന്നാം മിനുറ്റില്‍ അര്‍ജന്റീന ആദ്യ മുന്നേറ്റം നടത്തി.

sameeksha-malabarinews

10 മിനുറ്റിന് ശേഷമാണ് ഫ്രാന്‍സ് ചിത്രത്തില്‍ തെളിയുന്നത്. 14-ാം മിനുറ്റിലാണ് ഫ്രാന്‍സ് അര്‍ജന്റീനന്‍ ഗോള്‍മുഖത്തേക്ക് ആദ്യമായി എത്തിയത്. 19-ാം മിനുറ്റില്‍ ഹെര്‍ണാണ്ടസിനെ ഡീപോള്‍ ഫൗള്‍ ചെയ്തതതിന് ബോക്സിന് തൊട്ട് പുറത്തുവച്ച് ഫ്രാന്‍സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. പക്ഷേ മുതലാക്കാനായില്ല. ജിറൂഡിന്റെ പറന്നുള്ള ഹെഡര്‍ ബാറിന് മുകളിലൂടെ പാറി. 21-ാം മിനുറ്റില്‍ ഡിമരിയയെ ഡെംബലെ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. ലോറിസ് വലത്തോട്ട് ചാടിയപ്പോള്‍ ഇടത്തോട്ട് അനായാസം പന്ത് വലയിലാക്കി മെസി അര്‍ജന്റീനയെ 23-ാം മിനുറ്റില്‍ മുന്നിലെത്തിച്ചു. ഈ ലോകകപ്പില്‍ മെസിയുടെ ആറാം ഗോളാണിത്. 36-ാം മിനുറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ മക്കലിസ്റ്ററിന്റെ അസിസ്റ്റില്‍ മരിയ രണ്ടാം ഗോളും കണ്ടെത്തി.

ഇതോടെ ഡെംബലെയേയും ജിറൂഡിനേയും 42-ാം മിനുറ്റില്‍ പിന്‍വലിച്ച് മാര്‍ക്കസ് തുറാം, കോളോ മൗനി എന്നിവരെ ഇറക്കാന്‍ ദെഷാം നിര്‍ബന്ധിതനായി. എന്നിട്ടും കാര്യമായ ആക്രമണം അഴിച്ചുവിടാന്‍ ഫ്രഞ്ച് ടീമിനായില്ല. മറുവശത്ത് ആദ്യപകുതിയില്‍ പന്തടക്കത്തിലും ആക്രമണത്തിലും ഒരുപോലെ മേധാവിത്തം പുലര്‍ത്തി അര്‍ജന്റീന കുതിച്ചു .

ആദ്യപകുതിയില്‍ നിര്‍ത്തിയ ഇടത്തുനിന്ന് തന്നെ ആക്രമണം തുടരുന്ന അര്‍ജന്റീനയെയാണ് രണ്ടാംപകുതിയുടെ ആദ്യം കണ്ടത്. കഴിഞ്ഞ ലോകകപ്പിലെ എംബാപ്പെയെ ഓര്‍മ്മിപ്പിച്ച് മിന്നലോട്ടവും ഡ്രിബ്ലിംഗുകളുമായി ഇത്തവണ ഡിമരിയയായിരുന്നു താരം. 71-ാം മിനുറ്റില്‍ എംബാപ്പെ മിന്നലാക്രമണത്തിന് ശ്രമിച്ചെങ്കിലും ഷോട്ട് ലക്ഷ്യം പിഴച്ചു. പിന്നെയങ്ങ് കളി മാറി, കളി മാറ്റിയത് എംബാപ്പെ. 79-ാം മിനുറ്റിലെ ഒട്ടാമെന്‍ഡിയുടെ ഫൗളിന് ഫ്രാന്‍സിന് പെനാല്‍റ്റി അനുവദിക്കപ്പെട്ടു. എമിയുടെ ചാട്ടം കൃത്യമായിരുന്നെങ്കിലും എംബാപ്പെയുടെ മിന്നല്‍ വലയിലെത്തി. ഒരു മിനുറ്റിന് ശേഷം എംബാപ്പെയുടെ പറക്കും ഫിനിഷിംഗില്‍ ഫ്രാന്‍സ് ഒപ്പമെത്തി. മത്സരം 2-2ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്സ്ട്രാ ടൈമിന്റെ ആദ്യപകുതിയില്‍ ഇരു ടീമും വലകുലുക്കിയില്ല. എന്നാല്‍ 109-ാം മിനുറ്റില്‍ ലോറിസിന്റെ തകര്‍പ്പന്‍ സേവിനൊടുവില്‍ മെസി തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ 3-2ന് അര്‍ജന്റീന മുന്നിലെത്തി. പക്ഷേ 116-ാം മിനുറ്റില്‍ വീണ്ടും പെനാല്‍റ്റി എത്തിയപ്പോള്‍ എംബാപ്പെ ഫ്രാന്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇതോടെ എംബാപ്പെ ഹാട്രിക് തികയ്ക്കുകയും ചെയ്തു. മത്സരം 3-3ന് ഷൂട്ടൗട്ടിലേക്ക് നീണ്ടു.

ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് എടുക്കാനെത്തിയത് ഇരു ടീമിലേയും ഏറ്റവും മികച്ച താരങ്ങള്‍. ആദ്യ കിക്കുകള്‍ കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും വലയിലെത്തിച്ചതോടെ 1-1. ഫ്രാന്‍സിനായുള്ള കിംഗ്സ്ലി കോമാന്റെ രണ്ടാം കിക്ക് എമി മാര്‍ട്ടിനസ് തടുത്തിട്ടു. പിന്നാലെ പൗലോ ഡിബാല വലകുലുക്കിയതോടെ അര്‍ജന്റീനയ്ക്ക് 2-1ന്റെ ലീഡായി. പിന്നാലെ ചൗമെനിയുടെ ഷോട്ട് പുറത്തേക്കുപോയി. അതേസമയം പരേഡെസ് ലക്ഷ്യം കണ്ടു. ഫ്രാന്‍സിന്റെ നാലാം കിക്ക് കോലോ മൗനി വലയിലെത്തിച്ചെങ്കിലും ഗോണ്‍സാലോ മൊണ്ടൈലിന്റെ ഷോട്ട് അര്‍ജന്റീനയ്ക്ക് 4-2ന് ലോകകപ്പ് കിരീടം സമ്മാനിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!