Section

malabari-logo-mobile

ഏആര്‍ നഗര്‍ ബാങ്ക് ക്രമക്കേട്; പിണറായി പറഞ്ഞ ‘സഹകരണ വകുപ്പ്’ നല്‍കിയത് വഴിവിട്ട സഹായങ്ങള്‍. 2019 ലെ സ്‌റ്റേ നീക്കാന്‍ രണ്ട് വര്‍ഷമായിട്ടും സഹകരണ വകുപ്പിന് കഴിഞ്ഞില്ല

HIGHLIGHTS : മലപ്പുറം;  മുസ്ലീംലീഗിന്റെ നിയന്ത്രണത്തിലുള്ള ഏആര്‍ സഹകരണ ബാങ്കിലെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാതെ സഹകരണ വകു...

മലപ്പുറം;  മുസ്ലീംലീഗിന്റെ നിയന്ത്രണത്തിലുള്ള ഏആര്‍ സഹകരണ ബാങ്കിലെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാതെ സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചതായി തെളിയുന്നു. ബാങ്കില്‍ നിന്ന് റിട്ടയര്‍ ചെയ്ത മുന്‍ സെക്രട്ടറി ഹരികുമാറിനെ വീണ്ടും നിയമിക്കാന്‍ സഹകരണ ചട്ടങ്ങള്‍ മറികടന്നത് മുന്‍ സഹകരണ മന്ത്രി കടകംപള്ളിയുടെ ഓഫീസ്.

ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ക്രമക്കേടുകള്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടന്നുവരികയാണെന്നും ഇപ്പോള്‍ കോടതിയുടെ സ്‌റ്റേ ഉള്ളതിനാലാണ് നടപടിയുണ്ടാകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ കയ്യിലിരിക്കെ വകുപ്പിന് ലഭിച്ച ഒരു പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ മാത്രമുള്ള സ്റ്റേയുടെ പേരിലാണ് ഇപ്പോളും ഭരണസമിതിക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ നീട്ടിക്കൊണ്ടുപോകുന്നത്.

sameeksha-malabarinews

യാഥാര്‍ത്ഥത്തില്‍ ക്രമക്കേടുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ സഹകരണ വകുപ്പിന് 2019ല്‍ ഏആര്‍ നഗര്‍ ഭരണസമിതിക്ക് ലഭിച്ച സ്‌റ്റേ പോലും നീക്കാനായില്ല എന്നതാണ് സത്യം. ഇതിന് പിന്നില്‍ മലപ്പുറം ജോയിന്റ് രജിസ്റ്റാര്‍ ഓഫീസില്‍ നിന്നും ലഭിക്കുന്ന വഴിവിട്ട സഹായങ്ങളെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. WC 26081/2019 നമ്പര്‍ ആയി രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണപണയക്കേസ് തട്ടിപ്പിലെ അന്വേഷണത്തിനെതിരെ ബാങ്ക് ഭരണസമിതി രണ്ട് വര്‍ഷം മുമ്പ് ലഭിച്ച സ്റ്റേ ആണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഈ കേസില്‍ സ്റ്റേ ലഭിക്കാന്‍ കാരണം മലപ്പുറം ജോയിന്റ് രജിസ്റ്റാര്‍ ഓഫീസില്‍ നിന്നും ഇറക്കിയ ഉത്തരവിലെ പിഴവുമൂലമാണ്. ആ ഉത്തരവിന്റെ സൂചനയില്‍ കാണിക്കേണ്ടത് രജിസ്ട്രാറുടെ നേരിട്ടുള്ളതോ,അല്ലെങ്കില്‍ സഹകരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയോ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ഇതിന് പകരം ഈ സ്വര്‍ണ്ണ പണയതട്ടിപ്പുകേസില്‍ ഇരയായവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഉത്തരവിലെ സൂചനയായി കാണിച്ചതിന്റെ ഫലമായാണ് സ്റ്റേ ലഭിച്ചതെന്ന് സഹകരണ മേഖലയിലുള്ളവര്‍ തന്നെ പറയുന്നു. ഇത്തരത്തില്‍ ബോധപൂര്‍വ്വമായ വീഴ്ചകള്‍ വരുത്തി ഏആര്‍ നഗര്‍ ബാങ്ക് ഭരണസമിതിക്ക് സ്റ്റേ ലഭിക്കാനവസരമൊരുക്കിയത് സഹകരണവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍തന്നെയാണ് എന്നാണ് ആരോപണം.

ഇതിനെതിരെ ഹൈക്കോടതിയില്‍ സ്‌റ്റേറ്റ്‌മെന്റ് ഓഫ് ഫാക്‌സ് നല്‍കി സ്റ്റേ നീക്കം ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കാതെ മലപ്പുറം ജില്ലാ സഹകരണ ജോ.രജിസ്റ്റാര്‍ ഓഫീസ് ബാങ്ക് ഭരണസമിതിക്ക് തുടരാനുള്ള സാഹചര്യമൊരുക്കി എന്നാണ് ആക്ഷേപം. ഇതിനായി ജില്ലാ രജിസ്റ്റര്‍ ഓഫീസിലെ സിപിഎം അനുകൂല ഗസറ്റഡ് ഓഫീസേഴ്‌സ് സംഘടനയുടെ നേതാവുതന്നെ ഇടപെടുന്നുവെന്നാണ് പറയപ്പെടുന്നത്.
.

2017 മുതല്‍ സഹകരണവകുപ്പിലെ താഴെ തട്ടിലുള്ള കോഓപറേറ്റീവ് ഇന്‍സ്‌പെക്ടര്‍മാര്‍ ഏആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേടുകള്‍ക്കെതിരെ നല്‍കി വരുന്നുണ്ട്്. സ്വര്‍ണ്ണ പണയ വായ്പകളിലെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകള്‍, ബാങ്കില്‍ അകൗണ്ടുള്ളവരുടെ പേരില്‍ വ്യാജ നിക്ഷേപങ്ങള്‍, ബിനാമി അകൗണ്ടുകള്‍, എന്നിവ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുകയും, ഇത്തരം അകൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് കീഴ് ഓഫീസുകളില്‍ നിന്നും നല്‍കിയ റിപ്പോര്‍ട്ട് ആറുമാസത്തിലധികമായി മലപ്പുറം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ പിടിച്ചുവെക്കുകയാണെന്നാണ് ആക്ഷേപം.

അവസാനമായി ജില്ലാ സഹകരണവകുപ്പിലെ അസി.ഡയറക്ടറും, ബാങ്കിന്റെ കണ്‍കറന്റ് ഓഡിറ്ററുമായ ഉദ്യോഗസ്ഥ നല്‍കിയ സ്‌പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടും വെളിച്ചം കണ്ടിട്ടില്ല. ഈ വനിതാ ഉദ്യോസ്ഥ ബാങ്കില്‍ കഴിഞ്ഞ ഓഡിറ്റിങ്ങ് നടത്തുന്നതിനിടെ ബാങ്കിലെ മുന്‍ സക്രട്ടറി ഹരികുമാര്‍ ഇവര്‍ക്കെതിരെ വധഭീഷണിമുഴക്കുകയും, കൃത്യനിര്‍വ്വഹണത്തില്‍ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ തിരൂരങ്ങാടി പോലീസ് ഹരികുമാറിനെ പ്രതിചേര്‍ത്ത് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നു. മാര്‍ച്ച് 20ന് ഈ സംഭവമുണ്ടായിട്ടും നാളിതുവരെ തിരൂരങ്ങാടി പോലീസ് ഈ കേസില്‍ ഹരികുമാറിനെ അറസ്റ്റ് ചെയ്യുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഒരു വനിത സര്‍ക്കാര്‍ ഉദ്യോഗസ്ഥക്കെതിരെ കയ്യേറ്റമുണ്ടായിട്ടും പോലീസ് നടപടിയെടുക്കാത്തത് ആഭ്യന്തരവകുപ്പിലും വഴിവിട്ട സഹായങ്ങള്‍ ഹരികുമാറിന് ലഭിക്കുന്നുവെന്നതിന്റെ തെളിവാണ്.
ജോലിസമയത്ത് തങ്ങളുടെ സംഘടനാംഗമായ ഒരു വനിതാജീവനക്കാരിക്കെതിരെ കയ്യേറ്റമുണ്ടായിട്ടും ഒരു ചെറുവിരലനക്കാതെ ഈ ഭരണസമിതിയെ സംഘടനാ നേതാവുതന്നെ സഹായിക്കാനിറങ്ങുന്നുവെന്നത് സഹകരണവകുപ്പിലെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ഇതിനെല്ലാം പുറമെയാണ് കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഈ മുസ്ലീംലീഗിന്റെ നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതിക്ക് അന്നത്തെ സഹകരണവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച സഹായങ്ങള്‍.

ഇതിന് ഏറ്റവും നല്ല ഉദാഹരണം കോടിക്കണക്കിന് രൂപയുടെ അഴിമതിക്കും ക്രമക്കേടിനും ആരോപണവിധേയനായ ഹരികുമാറിനെ വീണ്ടും അഡ്മിനിസട്രേറ്റീവ് ഓഫീസറായി നിയമിക്കാന്‍ 2019ല്‍ സഹകരണവകുപ്പ് മന്ത്രിയുടെ ഓഫീസ് തന്നെയിറക്കിയ ഉത്തരവാണ്.

സഹകരണമന്ത്രിയുടെ ഓഫീസില്‍ നിന്നും ഹരികുമാറിനെ നിയമിക്കുന്നതിനുള്ള മന്ത്രിയുടെ നോട്ട്.

യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ മുതല്‍ മുതിര്‍ന്ന ഐഎഎസ് കാരനായ ഗവ. സെക്രട്ടറി വരയെുള്ള വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഹരികുമാര്‍ പതിറ്റാണ്ടുകളായി നടത്തിവരുന്ന അഴിമതി കഥകള്‍ ചൂണ്ടിക്കാട്ടി, 26 കാരണങ്ങള്‍ നിരത്തി റിട്ടയര്‍ഡ് ചെയ്ത ഇയാളെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിക്കരുതെന്ന് എഴുതിനല്‍കി. എന്നാല്‍ വിരമിച്ച സഹകരണ ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കരുതെന്ന സഹകരണചട്ടം പോലും മറികടന്ന് ഹരികുമാറിനെ
രണ്ട് വര്‍ഷത്തേക്ക് നിയമിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയത്. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഡീഷണല്‍ സക്രട്ടറിയായിരുന്ന റിട്ടയേര്‍ഡ് സഹകരണ ഉദ്യോഗസ്ഥനായിരുന്നു. മുസ്ലീംലീഗ് നേതൃത്വം നല്‍കുന്ന ജില്ലയിലെ സഹകരണബാങ്കുകളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം വഴി നിരവധി സഹായങ്ങള്‍ ഇവര്‍ക്ക് ഇടതുഭരണകാലത്തും ലഭിച്ചുവെന്ന ആക്ഷേപവും നിലവിലുണ്ട്. ഇതിനെല്ലാം പ്രത്യുപകാരമായി ഇയാളുടെ മകന് മുസ്ലീംലീഗ് ഭരിക്കുന്ന വേങ്ങര സര്‍വ്വീസ് സഹകരണബാങ്കില്‍ ജോലി നല്‍കിയെന്നും ആരോപണമുണ്ട്

സിപിഎം പ്രദേശിക കമ്മറ്റികള്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ ഏആര്‍ നഗര്‍ ബാങ്കില്‍ അഴിമതിയും ക്രമക്കേടുകളും നടക്കുന്നുവെന്ന നിരന്തരം ആക്ഷേപമുന്നയിക്കുന്ന കാലത്താണ് ഈ നിയമന ഉത്തരവ് പുറത്തുവരുന്നത്. സിപിഎം ജില്ലാസക്രട്ടറി ഇഎന്‍ മോഹന്‍ദാസിന്റെ അടുത്ത ബന്ധുകൂടിയായ ഹരികുമാറിന് ഇടതുഭരണകാലത്തും ഇത്തരത്തിലൊരു പോസ്റ്റുണ്ടാക്കാന്‍ സാധിച്ചത് സിപിഎമ്മിന്റെ സഹായത്തോടെയാണെന്നത് പരസ്യമായ രഹസ്യമാണ്.

അന്ന് സിപിഎം അണികളില്‍ നിന്നും കടുത്ത പ്രതിഷേധമുയര്‍ന്നതോടെ ഈ നിയമന ഉത്തരവ് പിന്‍വലിച്ച് മുഖം മിനുക്കാന്‍ കടകംപള്ളിയുടെ ഓഫീസ് ശ്രമിച്ചു. എന്നാല്‍ ഈ ഉത്തരവ് പിന്‍വലിച്ചതിനെതിരെ ബാങ്ക് ഭരണസമിതി
ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. ഏആര്‍ നഗര്‍ ബാങ്കിന് ലഭിക്കുന്ന സ്റ്റേ വെക്കേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ജിപിമാര്‍ വേണ്ട നടപടികള്‍ വേഗത്തിലാക്കാത്തത് സര്‍ക്കാരിലുള്ള സ്വാധീനമാണെന്ന് വ്യക്തം.

ഇത്തരത്തില്‍ ലഭിച്ച മൂന്ന് സ്റ്റേകളുടെ പേരിലാണ് ഹരികുമാറിനും, ഏആര്‍ നഗര്‍ സര്‍വ്വീസ് ബാങ്ക് സഹകരണ സമിതിക്കെതിരെയുള്ള നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും വെളിച്ചം കാണാതെ കെട്ടിക്കിടക്കുന്നത്. അവസാനമായി ഇന്‍കംടാക്‌സിന്റെ നിര്‍ദ്ദേശപ്രകാരം സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലും ഗൗരവതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഈ അന്വേഷണ റിപ്പോര്‍ട്ടിലടക്കമുള്ള കാര്യങ്ങളാണ് കെടി ജലീല്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തിലൂടെ വെളിപ്പെടുത്തിയത്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറുത്ത് വരാനുണ്ടെന്നാണ് സൂചന

എന്നിട്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി നിര്‍ലജ്ജം ക്രമക്കേടുകള്‍ കണ്ടെത്തിയ ഒരു അന്വേഷണറിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്ന് പറയുന്ന മന്ത്രി വാസവന്‍ ഭരിക്കുന്ന സഹകരണവകുപ്പിന് ക്ലീന്‍ ചിട്ട് നല്‍കാനാവില്ലെന്ന് പറയേണ്ടിവരും. വകുപ്പ് മന്ത്രിയും സിപിഎം നേതൃത്വവും  മഴയും വെയിലും കൂസാതെ ഈ കോവിഡ് കാലത്തും ഏആര്‍ നഗര്‍ ബാങ്കിന് മുന്നില്‍ അഴിമതിക്കെതിരെ നിസ്വാര്‍ത്ഥതയോടെ സമരംചെയ്യുന്ന സാധാരണ സിപിഎം പ്രവര്‍ത്തകരെ കാണാതിരിക്കരുത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!