കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത വിദേശ യുവതിയോടെ ഇന്ത്യ വിടാന്‍ നിര്‍ദേശം. നോര്‍വീജിയന്‍ സ്വദേശിയായ ജാനി മെറ്റി ജോണ്‍സണോടാണ് അധികൃതര്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയില്‍ ഡിസംബര്‍ 23 ന് നടന്ന ലോങ് മാര്‍ച്ചിലാണ് ജാനി മെറ്റ് ജോണ്‍സന്‍ പങ്കെടുത്തത്. ഇതിന് പുറമെ ഫേസ്ബുക്കില്‍ ഇതു സംബന്ധിച്ച ഫോട്ടോകളും കുറിപ്പുകളും ഇവര്‍ പങ്കുവെച്ചിരുന്നു. ഇമിഗ്രേഷന്‍ അധികൃതരാണ് ഇവരോട് എത്രയും പെട്ടന്ന് രാജ്യം വിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തുന്ന വിദേശികള്‍ക്ക് ഇവിടെ നടക്കുന്ന സമരങ്ങളിലോ പ്രതിഷേധങ്ങളിലോ പങ്കെടുക്കാന്‍ പാടില്ലെന്ന വിസാച്ചട്ടം ജാനി മെറ്റ് ജോണ്‍സന്‍ ലംഘിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തിയാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. ഇന്ന് ഉച്ചയ്ക്കുളള വിമാനത്തില്‍ ഇവര്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ മദ്രാസ് സര്‍വകലാശാലയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ജര്‍മന്‍ വിദ്യാര്‍ത്ഥിയെയും ഇത്തരത്തില്‍ നാട്ടിലേക്ക് മടക്കി അയച്ചിരുന്നു.




