മാന്നാര്‍: സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു വീഡിയോ കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കുകയാണ് മാന്നാര്‍ കുരട്ടിശ്ശേരി സുരഭിയില്‍ സുരേഷ് കുമാറും കുടുംബവും.
കുളിമുറിയില്‍ ഒളിപ്പിച്ചുവെച്ച മദ്യക്കുപ്പി ഭാര്യ അറിയാതെ എടുക്കുന്നതിനിടയില്‍ മാലിന്യക്കുഴലില്‍ കൈക്കുടുങ്ങിയ ആളിനെ അഗ്നിശമനസേന രക്ഷപ്പെടുത്തുന്നു എന്ന നിലയ്ക്കാണു വാട്‌സാപ്പിലും മറ്റു സാമൂഹികമാധ്യമങ്ങളിലും വീഡിയോ പ്രചരിച്ചത്. അതോടെ തനിക്കും കുടുംബത്തിനും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായെന്ന് സുരേഷ് പറയുന്നു.
കഴിഞ്ഞമാസം 26ന് രാത്രിയില്‍ വീട്ടിലെ കുളിമുറിയില്‍ അഴുക്കുവെള്ളം ഒഴികിപ്പോകാതെ കെട്ടിക്കിടന്നു. പ്ലംബറെ വിളിച്ചിട്ടു വരാത്തതിനാല്‍ സ്വയം നന്നാക്കാനിറങ്ങി. പൈപ്പിലെ അരിപ്പയുടെ സ്റ്റീല്‍വളയത്തില്‍ കൈ കടത്തിയപ്പോള്‍ കൈ കുടുങ്ങുകയും പുറത്തെടുക്കാന്‍ പറ്റാതെവരികയും ചെയ്തു. വിവരമറിഞ്ഞെത്തിയ അയല്‍ക്കാര്‍ മാവേലിക്കര അഗ്നിശമനസേനാ യൂണിറ്റിനെ വിവരമറിയിച്ചു. ഇവരെത്തി കുളിമുറിയുടെ ടൈല്‍ ഇളക്കി സ്റ്റീല്‍വളയം മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇത് വീഡിയോ സഹിതം അഗ്നിശമനസോനാവിഭാഗം അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍നിന്ന് വീഡിയോ എടുത്ത ആരോ ആണ് മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന വിശദീകരണത്തോടെ പ്രചരിപ്പിച്ചത്.
വീഡിയോ പകര്‍ത്തിയ അഗ്നിശമന സേനാംഗങ്ങള്‍തന്നെ ഈ പ്രചരണം നിഷേധിച്ചിട്ടുണ്ട്. ഈ വ്യാജപ്രചാരണത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സുരേഷ്. കൊച്ചി മെട്രോയില്‍ സുഖമില്ലാതെ അവശനിലയില്‍ കിടന്നയാള്‍ മദ്യപിച്ചുകിടക്കുകയാണെന്നും മുമ്പ് പ്രചാരണമുണ്ടായിരുന്നു. ഇത് പിന്നീട് വികൃതി എന്ന സിനിമയായി.




