കാട്ടാക്കടയില്‍ യുവാക്കളുടെ കൂട്ടത്തല്ല്; ഇറച്ചി വെട്ട് കത്തി വീശി അക്രമി

കാട്ടാക്കട ബസ് സ്റ്റാന്‍ഡ് ഭാഗത്ത് യുവാക്കളുടെ കൂട്ടത്തല്ല്. ഒരു കൂട്ടം യുവാക്കള്‍ റോഡിലൂടെ നടന്ന് ബഹളം വെയ്ക്കുകയും അക്രമാസക്തരാവുകയുമായിരുന്നു. ഇന്നലെ വൈകിട്ട് 5 മണിക്കാണ് സംഭവം നടന്നത്. യുവാക്കള്‍ മൊളിയൂര്‍ റോഡിലെത്തിയതോടെ ഒരാളെ വളഞ്ഞിട്ട് ആക്രമിച്ചു. ആക്രമണം അതിരു കടന്നപ്പോള്‍ ചിലര്‍ ഓടിയെത്തി പിടിച്ചു മാറ്റുന്നത് സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബസ് സ്റ്റാന്‍ഡ് മുതല്‍ മൊളിയൂര്‍ റോഡ് വരെ നടന്ന കൂട്ടത്തല്ല് കണ്ട് നാട്ടുകാര്‍ പോലീസിനെ വിളിച്ചെങ്കിലും എല്ലാവരും രക്ഷപ്പെട്ടു.

അക്രമികളില്‍ പ്രധാനി സമീപത്തെ ഇറച്ചിക്കടയില്‍ കയറി ഇറച്ചി വെട്ട് കത്തിയുമായി തിരികെയെത്തി യുവാവിനെ ആക്രമിക്കാന്‍ ഒരുങ്ങുന്നതും കടയിലെ ജീവനക്കാരന്‍ കത്തി പിടിച്ചുവാങ്ങി തിരികെ പോകുന്നതും സി.സി ടി.വി ദൃശ്യത്തിലുണ്ട്. ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊലീസ് പട്രോളിംഗ് ശക്തമല്ലാത്തതിനാലാണ് ഇത്തരം അക്രമങ്ങളുണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ള ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഈ സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഇവര്‍ പറയുന്നത്. അക്രമം നടത്തിയ സംഘം എവിടെനിന്ന് വന്നവരാണെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ല. ഏകദേശം ഒരു മാസത്തിന് മുന്‍പും ഇവിടെ ഇത്തരത്തില്‍ ആക്രമണവും തമ്മില്‍ത്തല്ലുമുണ്ടായിട്ടുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.

 

Share news
error: Content is protected !!
Scroll to Top