Section

malabari-logo-mobile

അറിവവകാശത്തിന്റെ ചിറകരിയുമ്പോള്‍

HIGHLIGHTS : എഴുത്ത് : ഷിജു. ആര്‍ എന്റെ ഓര്‍മ്മകളില്‍ ഇപ്പോള്‍ അമിത് ജേത്വ എന്ന ഗുജറാത്തി പരിസ്ഥിതി പ്രവര്‍ത്തകനുണ്ട്. ഇന്ത്യയിലെ ഏക സിംഹവനമായ ഗീര്‍വനത്തെ കൊന്ന...

എഴുത്ത് : ഷിജു. ആര്‍

എന്റെ ഓര്‍മ്മകളില്‍ ഇപ്പോള്‍ അമിത് ജേത്വ എന്ന ഗുജറാത്തി പരിസ്ഥിതി പ്രവര്‍ത്തകനുണ്ട്. ഇന്ത്യയിലെ ഏക സിംഹവനമായ ഗീര്‍വനത്തെ കൊന്നു തിന്നുന്ന നിയമവിരുദ്ധ മൈനിങ്ങിനെതിരെ അദ്ദേഹം സമ്പാദിച്ചു കൂട്ടിയ വിവരാവകാശ രേഖകളുണ്ട്. 2010 ലെ ഇതു പോലൊരു ജൂലൈ മാസത്തില്‍ ആ ജീവിതത്തിന് കുറുകെ പാഞ്ഞെത്തിയ ഒരു ബൈക്കിന്റെ പിറകിലിരുന്ന് ഉതിര്‍ത്ത വെടിയുണ്ടകളില്‍ തീര്‍ന്നു പോവുകയായിരുന്നു അമിത്
പ്രദേശത്തെ എംപിയും ഉറച്ച സംഘപരിവാറുകാരനുമായ ദിനു സോളങ്കിക്കും ഗീര്‍വനത്തിലെ മൈനുകള്‍ക്കും അമിത് തേജ്വക്കുമിടയിലാണ് ആ മരണത്തിന്റെ ബൈക്കോടിയതെന്ന അഭ്യൂഹം മൗനത്തേക്കാള്‍ താഴ്ന്ന ശ്രുതിയിലെ അങ്ങാടിപ്പാട്ടായിരുന്നു. രണ്ടായിരമാണ്ടില്‍ ഗോധ്ര കലാപകാലത്തേ നമുക്കറിയാവുന്ന ഗുജറാത്ത് പോലീസിന്റെ മുമ്പില്‍ ആ വഴി തെളിഞ്ഞില്ല. പക്ഷേ 2012 അവസാനമാവുമ്പോഴേക്കും സിബിഐ ദിനു സോളങ്കിയെ അറസ്റ്റു ചെയ്തു ശിക്ഷ വാങ്ങിക്കൊടുത്തു.

sameeksha-malabarinews

2011 ആഗസ്റ്റ് 16നാണ് ഭോപ്പാലിലെ തിരക്കുപിടിച്ചൊരു നഗരവീഥിയില്‍ തലേന്നാള്‍ നാടണിഞ്ഞ, പോളിത്തീനിലും തുണിയിലും തുന്നിയ ത്രിവര്‍ണ്ണാലങ്കാരങ്ങള്‍ക്കിടയിലൂടെ തന്റെ കാറില്‍ വന്നു കയറിയ ഷെഹല മശ്ഹൂദിന്റെ നെഞ്ചില്‍ വെടിയേല്‍ക്കുന്നത്. മദ്ധ്യപ്രദേശിലെ വനമേഖലകളിലെ നിയമവിരുദ്ധ ഖനനങ്ങളെക്കുറിച്ച് , പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങള്‍ പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തുന്ന എന്‍ജിഓ കളെക്കുറിച്ച് അവര്‍ സമ്പാദിച്ച വിവരാവകാശ രേഖകളില്‍ ചോര പടര്‍ത്തി ഷെഹലയും ഇല്ലാതായി.

2005 ല്‍ പിറവിയെടുത്ത് പതിനാല് വയസ് തികയുമ്പോഴേക്കും വിവരാവകാശ നിയമം ഉപയോഗിച്ചതിന്റെ പേരില്‍ അമ്പതിലേറെ ആളുകളാണ് രക്തസാക്ഷികളായത്. (ഔദ്യോഗിക രേഖകളുടെ മാത്രം സാക്ഷ്യമാണത്.) ഒരു പാര്‍ട്ടിയുടെയും ശഹീദി പട്ടികയിലും രക്തസാക്ഷി സ്മൃതികളിലും ഇടം കിട്ടാന്‍ സാദ്ധ്യതയില്ലാത്ത ഒറ്റയാന്‍ പോരാളികളാണ് അവരേറെയും. വെളിപ്പെടാവുന്ന വിവരങ്ങളില്‍ തുണിയുരിഞ്ഞു പോവുന്ന അധികാരികളുടെ കുതന്ത്രങ്ങളില്‍ പിടഞ്ഞു തീര്‍ന്ന അനേകായിരങ്ങളുടെ പ്രേതപ്രവാഹത്തിന്റെ ഭാഗമാണവര്‍.

ഈ മരണങ്ങള്‍ നമ്മെ നിരാശപ്പെടുത്തിക്കൂടാത്തതാണ്. കാരണം ഭയത്തില്‍ നിന്ന് പിറവിയെടുത്തതാണാ കൊലപാതകങ്ങള്‍. മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണവര്‍ക്ക് ജീവന്‍ നഷ്ടമായത്. ഭരണഘടനാ ദത്തമായ ജനാധിപത്യത്തെ സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് അവരെ രക്തസാക്ഷികളാക്കിയത്. ഇത്രയേറെ ഭയം അധികാരത്തിന്റെ അന്ത:പുരങ്ങളില്‍ സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ളതാണ് നമ്മുടെ വിവരാവകാശ നിയമം. വിവരമാണ് അധികാരവും മൂലധനവും ക്രയശേഷിയുമെല്ലാമെന്ന ബോധ്യത്തിലേക്ക് നമ്മുടെ സിവില്‍ സമൂഹത്തെ ഉയര്‍ത്തുമെന്ന് മാത്രമല്ല, അന്ധകാരത്തിന്റെ അതിരുകളില്‍ കുരുങ്ങിക്കിടക്കുന്ന ഇന്ത്യയിലേതു പോലൊരു ജനസഞ്ചയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുമുള്ള ഉപാധിയാകുമത്.

ഇന്ത്യയുടെ യശസ്സ് ലോക രാഷ്ട്രീയത്തിലുയര്‍ത്തിപ്പിടിച്ച വിവരാവകാശ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം പാര്‍ലിമെന്റിന്റെ ഇരുസഭകളിലും തന്ത്രപരമായി ജയിച്ചിരിക്കുന്നു. കേന്ദ്ര- സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധി, ശമ്പളം തുടങ്ങിയവ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് അടക്കമുള്ള വ്യവസ്ഥകള്‍ അടങ്ങിയ ബില്ലാണ് ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കിയത്. 2005 ലെ വിവരാവകാശ നിയമത്തിന്റെ 13, 16 വകുപ്പുകളാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ നിയമഭേദഗതി പ്രകാരം കേന്ദ്ര- സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമന കാലാവധി ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും.

ശ്രദ്ധിക്കണം, ഭരണപക്ഷത്തിന്റെ കേവല ഭൂരിപക്ഷം കൊണ്ടല്ല ഈ ഭേദഗതി സാധ്യമായത്. രാജ്യസഭയില്‍ പരാജയപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ഭേദഗതി പ്രതിപക്ഷ പാര്‍ട്ടികളായ ഡി എം കെ, ടി ആര്‍ എസ് , വൈ എസ് ആര്‍ കോണ്‍ഗ്രസ് തുടങ്ങിയവരുടെ ഒരു കൈ സഹായവുമുണ്ടായിരുന്നു. ശ്രദ്ധിക്കണം , തങ്ങള്‍ വാഴുന്ന ദേശങ്ങളില്‍ തങ്ങളുടെ ചെയ്തികള്‍ക്ക് കുട പിടിച്ചതില്‍ പിന്നീടുള്ള പൗരാവകാശവും വിവരാവകാശവുമൊക്കെയേ വേണ്ടൂ. അത് കഴിഞ്ഞുള്ള ജനാധിപത്യമേ ഉള്ളൂ എന്ന ഇരട്ടത്താപ്പ് സംഘപരിവാരത്തിന്റെ സമഗ്രാധിപത്യ പദ്ധതികളെ എത്ര എളുപ്പമാക്കുന്നു.

ഭരണഘടനയുടെ ആമുഖം നാം ഇന്ത്യന്‍ ജനത ഈ രാഷ്ട്രത്തിന്റെ പരമാധികാരികളെന്ന് ആണയിടുന്നു. ആ ജനതയുടെ പരമാധികാര സാദ്ധ്യതകള്‍ പരിമിതപ്പെടുത്തുന്നു എന്നത് മാത്രമല്ല ഈ ഭേദഗതി നടപ്പാവാന്‍ സ്വീകരിച്ച ‘എളുപ്പവഴിയിലെ ക്രിയകളും’ നമ്മുടെ ജനാധിപത്യത്തിന്റെ ഭാവിക്ക് ബാദ്ധ്യത തന്നെയാണ്.
നോക്കൂ , നമ്മുടെ തെരുവുകള്‍ എത്ര ശാന്തമാണ്. സോന്‍ഭദ്രയിലെ വെടിവെപ്പിനും പശു മോഷണത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലകള്‍ക്കും ശേഷവും എല്ലാം പതിവു പോലെ , വരിയും നിരയും തെറ്റാതെ നമ്മുടെ വികസന വാഹിനികള്‍ കുതിക്കുക തന്നെയാണ്. അതെ , നമ്മുടെ ജനാധിപത്യം മുമ്പില്ലാത്ത വിധം അച്ചടക്കം ശീലിച്ചു തുടങ്ങിയിരിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!