തീര്‍ഥാടനകാലം മികവുറ്റതാക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി : ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍

ഈ വര്‍ഷത്തെ തീര്‍ത്ഥാടനകാലം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ദേവസ്വം ബോര്‍ഡും സര്‍ക്കാരുംപൂര്‍ത്തിയാക്കിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. പൂര്‍ണ്ണമായും നവീകരിച്ച സന്നിധാനത്തെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ശബരി ഗസ്റ്റ് ഹൗസിന്റെയും പമ്പയിലെ വിഗ്‌നേശ്വര ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .

ഇത്തവണ വിപുലവും വിശാലവുമായ സാഹചര്യങ്ങള്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കലില്‍ 8000 വാഹനങ്ങള്‍ക്കുണ്ടായിരുന്ന പാര്‍ക്കിംഗ് സൗകര്യം 10,000 ആക്കി വര്‍ധിപ്പിച്ചു. നിലയ്ക്കലില്‍ തന്നെ പതിനേഴായിരം ചതുരശ്ര അടി പന്തല്‍ നിര്‍മ്മിച്ച് 2700 പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കി. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും കിടത്തി ചികിത്സാ സൗകര്യങ്ങളോടുള്ള ആശുപത്രി പ്രവര്‍ത്തിച്ചുതുടങ്ങി. ഭക്തജനങ്ങള്‍ക്ക് വെള്ളം, ലഘുഭക്ഷണം എന്നിവ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മരക്കൂട്ടത്ത് നിന്ന് കയറുമ്പോള്‍ വിശ്രമിക്കാനായി ആയിരം പേര്‍ക്കുള്ള സ്റ്റീല്‍ കസേര തയ്യാറാക്കുന്നുണ്ട്. കാനനപാതയില്‍ 132 കേന്ദ്രങ്ങളില്‍ വിശ്രമിക്കാനും കുടിവെള്ളം നല്‍കാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ശബരിമല ഗസ്റ്റ് ഹൗസ് 54 മുറികളുടെ ആധുനിക സൗകര്യങ്ങളുമായാണ് പുനരുദ്ധരിച്ചിട്ടുള്ളത്. സന്നിധാനത്ത് പരമാവധി ഭക്തര്‍ക്ക് വെയിലും മഴയും കൊള്ളാതെ നില്‍ക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 40 ലക്ഷം അരവണ ടിന്നുകള്‍ ബഫര്‍ സ്റ്റോക്ക് ആക്കി സൂക്ഷിക്കാനും ദേവസ്വം ബോര്‍ഡ് ഇത്തവണ ശ്രദ്ധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.

അഡ്വ.പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ.കെ. യു ജനീഷ് കുമാര്‍ എംഎല്‍എ,ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വംബോര്‍ഡ് അംഗങ്ങളായ അഡ്വ.കെ.അജികുമാര്‍, സി.ജി.സുന്ദരേശന്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.മുരാരി ബാബു, ദേവസ്വം കമ്മീഷണര്‍ വി.പ്രകാശ്, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ രഞ്ജിത് കെ.ശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top