Section

malabari-logo-mobile

പച്ചക്കറി കൃഷി വ്യാപനത്തിനായി മലപ്പുറം ജില്ലക്ക് 4.39 കോടി രൂപ സര്‍ക്കാര്‍ സഹായം

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ പച്ചക്കറി കൃഷിയുടെ വികസനത്തിനായി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ 4.39 കോടി രൂപ അനുവദിച്ചു. വീടുകളില്‍ വിഷരഹിത ജൈവ ...

മലപ്പുറം: ജില്ലയില്‍ പച്ചക്കറി കൃഷിയുടെ വികസനത്തിനായി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ 4.39 കോടി രൂപ അനുവദിച്ചു. വീടുകളില്‍ വിഷരഹിത ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികളാണ് കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. സ്‌കൂളുകളിലൂടെയും കര്‍ഷകരിലേക്ക് നേരിട്ടും വിത്തുകളും തൈകളും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വീടുകളിലൊരു അടുക്കളത്തോട്ടമെന്ന ലക്ഷ്യമിട്ട് രണ്ട് ലക്ഷത്തോളം വിത്ത് കിറ്റുകളാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൗജന്യമായി വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിട്ടുള്ളത്. കേരള വെജിറ്റബ്ള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ തയ്യാറാക്കിയ കിറ്റുകളാണ് കൃഷിഭവനുകള്‍ വഴി വീടുകളിലെത്തിക്കുന്നത്.

സ്‌കൂളുകളിലെ സൗജന്യ വിതരണത്തിന് പുറമെ കിറ്റിന് 10 രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് 2.5 ലക്ഷം കിറ്റുകളും, സര്‍ക്കാര്‍ ഇതര സംഘടനകള്‍(എന്‍.ജി.ഒ) കള്‍ക്ക് 28,000 കിറ്റുകളും വിതരണം ചെയ്യും. കൂടാതെ ജില്ലയിലെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം യൂണിറ്റിന് 2.50 രൂപ നിരക്കില്‍ 14 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും. ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള നഴ്‌സറികളിലും ഡിപ്പാര്‍ട്ട്‌മെന്റ് ഫാമുകളിലും ഉത്പാദിപ്പിച്ച പച്ചക്കറി തൈകളാണ് ഇത്തരത്തില്‍ വിതരണം ചെയ്യുക. പരമ്പരാഗത വിളകള്‍ കൃഷിചെയ്യുന്ന കര്‍ഷകരെ ഉപയോഗപ്പെടുത്തി ചുരുങ്ങിയത് പത്ത് സെന്റ് മുതല്‍ പരമ്പരാഗത വിളകളുടെ കൃഷിക്കും വിത്തുല്‍പ്പാദനത്തിനുമായി ആകെ 9 ഹെക്ടറില്‍ 2.25 ലക്ഷം രൂപയാണ് നല്‍കുക. ദീര്‍ഘകാല പോഷക പച്ചക്കറികളായ ബ്രഡ് ഫ്രൂട്ട്, മുരിങ്ങ, അഗത്തി, കറിവേപ്പില, നാരകം എന്നിവയുടെ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുതിനായി ജില്ലയില്‍ 2000 സാംപ്ലിംഗ്‌സ് കിറ്റുകളും വിതരണം ചെയ്യും.

sameeksha-malabarinews

ഇതോടൊപ്പം ജില്ലയില്‍ പച്ചക്കറി കൃഷിയില്‍ നൂതന കൃഷിരീതികള്‍ പ്രയോഗിക്കുന്നതിലേക്ക് മാത്രമായി പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുന്നതിന് മൂന്ന് ലക്ഷം രൂപയും ജൈവ കാര്‍ഷിക ഉല്‍പ്പങ്ങളുടെ വിപണനത്തിന് പുതിയ എക്കോ ഷോപ്പുകള്‍ തുടങ്ങുന്നതിനായി രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മേല്‍ പദ്ധതികള്‍ക്ക് പുറമെ പച്ചക്കറി കൃഷിയുടെ വ്യാപനത്തിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്കായി പ്രഖ്യാപിച്ച സബ്സിഡികളും മറ്റാനുകൂല്യങ്ങളും താഴെ നല്‍കുന്നു.

ജൈവ കൃഷി വികസന പദ്ധതി

ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് ജില്ലക്ക് 17.81 ലക്ഷം രൂപയാണ് ഈ വര്‍ഷം അനുവദിച്ചിട്ടുള്ളത്. ഇതില്‍ ജൈവ കൃഷി ക്ലസ്റ്ററുകള്‍ക്കുള്ള പ്രോല്‍സാഹനം, ഇക്കോഷോപ്പുകള്‍, ജൈവ കാര്‍ഷിക രംഗത്തെ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തുകള്‍ക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെ അവാര്‍ഡുകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഗ്രോബാഗ് ടെറസ് കൃഷി

നഗരങ്ങളില്‍ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് കൃഷിഭവനുകളുടേയും അഗ്രോസര്‍വ്വീസ് സെന്ററുകളുടേയും സാങ്കേതിക സഹായത്തോടെയാണ് ഗ്രോബാഗ് ടെറസ് കൃഷി ആരംഭിച്ചത്. വ്യത്യസ്തയിനം പച്ചക്കറികള്‍ കൃഷി ചെയ്യാവുന്ന രീതിയില്‍ ഒരു യൂണിറ്റിന് 25 ഗ്രോബാഗുകളാ ണുണ്ടാവുക. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് 75 ശതമാനം അഥവാ യൂണിറ്റിന് 1500 രൂപ നിരക്കില്‍ സബ്‌സിഡി ലഭിക്കും. മലപ്പുറം ജില്ലയില്‍ 3000 ഗ്രോബാഗ് യൂണിറ്റുകളാണ് വിതരണം ചെയ്യുക. മുന്‍ വര്‍ഷങ്ങളില്‍ വിതരണം ചെയ്ത 3000 ഗ്രോബാഗുകളുടെ പുനരുദ്ധാരണത്തിന് യൂണിറ്റ് ഒന്നിന് 200 രൂപ വീതവും സബ്‌സിഡി ലഭ്യമാകും.

പച്ചക്കറി കൃഷിയിലൂടെ വേസ്റ്റ് മാനേജ്‌മെന്റ്

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങളെ ജൈവ മാലിന്യ – മണ്ണിര കമ്പോസ്റ്റുകളാക്കി ഗ്രോബാഗുകളില്‍ ജൈവ പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുന്ന രീതിയാണിത്. ജില്ലയില്‍ ആകെ 250 യൂണിറ്റുകള്‍ക്ക് 6.25 ലക്ഷം രൂപയാണ് സഹായധനം നല്‍കുക. ഒരു കമ്പോസ്റ്റ് കുഴിക്ക് 2500 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക.

മിനി ഡ്രിപ്പ്/വിക്ക് ഇറിഗേഷന്‍

ഗ്രോബാഗ് യൂണിറ്റുകളില്‍ പ്രയോഗിക്കുന്ന തിരിനന രീതിയായ മിനി ഡ്രിപ്പ്/വിക്ക് ഇറിഗേഷന്‍ ശുദ്ധജലത്തിന്റെ അമിതോപയോഗം തടയുവാനും മണ്ണിന്റെ പോഷകങ്ങള്‍ നിലനിര്‍ത്താനും വിളകള്‍ക്ക് അനുയോജ്യമായ രീതിയില്‍ നനവ് ലഭിക്കുവാനും സഹായകമാണ്. യൂണിറ്റിന് സബ്‌സിഡിയുണ്ട്. ജില്ലയിലെ 150 യൂണിറ്റുകള്‍ക്ക് യൂണിറ്റൊന്നിന് 2000 രൂപ നിരക്കില്‍ മൂന്ന് ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാകും.

ഹരിതഗ്രൂപ്പ് രൂപീകരണം

നഗരങ്ങളില്‍ വാര്‍ഡ് തലത്തില്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത 50 അംഗങ്ങളടങ്ങിയ 3 മുതല്‍ 5 വരെയുള്ള റസിഡന്റ്‌സ് അസോസ്സിയേഷനുകള്‍ കൂടിചേര്‍ന്നാണ് ഹരിതഗ്രൂപ്പ് രൂപീകരിക്കുന്നത്. പ്രസ്തുത ഗ്രൂപ്പിന്റെ രജിസ്‌ട്രേഷനും മറ്റു നടത്തിപ്പ് ചെലവുകള്‍ക്കുമായി 50,000 രൂപ സര്‍ക്കാര്‍ സഹായം നല്‍കും. ‘ഹരിതമിത്ര’ വളണ്ടിയര്‍മാരിലൂടെയാണ് ഹരിതഗ്രൂപ്പ് ഉല്‍പ്പാദിപ്പിച്ച ജൈവ പച്ചക്കറികളുടെ വിപണനം നടത്തുന്നത്. ജില്ലയില്‍ നാല് ഹരിതഗ്രൂപ്പുകള്‍ക്കായി രണ്ട് ലക്ഷം രൂപയുടെ ധനസഹായമാണ് നല്‍കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!